‘അങ്ങാണ് മുഖ്യമന്ത്രി, ഭാര്യയോടുപോലും പറയരുത്’; സതീശൻ വാക്കുപാലിച്ചു

Share our post

തിരുവനന്തപുരം: കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കാർയാത്രയ്ക്കിടെയാണ് ആകാംക്ഷയ്ക്ക് അറുതിവരുത്തിയ ആ ഫോൺവിളിയെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയായിരുന്നു മറുതലയ്ക്കൽ. ‘അങ്ങാണ് മുഖ്യമന്ത്രി, അഭിനന്ദനം’.

നന്ദിയറിയിച്ച സതീശനോട് അവർ പറഞ്ഞു. ‘എ.ഐ.സി.സി. പ്രഖ്യാപിക്കുന്നതുവരെ ഈ വിവരം ആരോടുംപറയരുത്, ഭാര്യയോടുപോലും’. ഇല്ലെന്ന് പറഞ്ഞ സതീശൻ വാക്കുപാലിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ ഉണ്ണിമായയോടുപോലും പറഞ്ഞില്ല. എ.ഐ.സി.സി.യിൽ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കുന്ന പത്രസമ്മേളനം തുടങ്ങുന്നതിന് അഞ്ചാറു മിനിറ്റ് മുൻപാണ് സതീശൻ കന്റോൺമെന്റ് ഹൗസിലെത്തിയത്.

എ.ഐ.സി.സി. സംഘത്തോടൊപ്പം കേരളത്തിലേക്ക് കെ.സി. വേണുഗോപാൽ വരുന്നില്ലെന്ന വാർത്ത അപ്പോഴേക്കും പ്രചരിച്ചിരുന്നു. രമേശ് ചെന്നിത്തലയെ രാഹുൽഗാന്ധി വിളിച്ച് അനുനയിപ്പിക്കുന്നുവെന്ന വിവരവും വന്നു. അതോടെ സതീശനാണ് മുഖ്യമന്ത്രിയെന്ന നിഗമനത്തിൽ അണികൾ ആരവത്തിലേക്ക് കടന്നിരുന്നു.

മന്ത്രിയല്ലാതെ മുഖ്യനാവുന്ന നാലാമൻ

തിരുവനന്തപുരം: 1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ആദ്യ സർക്കാരിനുശേഷം, മന്ത്രിസ്ഥാനമൊന്നും വഹിക്കാതെ മുഖ്യമന്ത്രിപദവിയിലെത്തുന്ന നാലാമത്തെ നേതാവാണ് സതീശൻ. എ.കെ. ആന്റണി, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരാണ് നേരിട്ട് മുഖ്യമന്ത്രിമാരായ മറ്റുനേതാക്കൾ.

സംസ്ഥാനത്തെ 16-ാമത്തെ നിയമസഭയിലാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നത്. 15-ാം സഭയിൽ പ്രതിപക്ഷനേതാവായി മിന്നിയശേഷമാണ് മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!