രണ്ട് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ചോദിക്കാൻ കേരള കോൺഗ്രസ്
തൊടുപുഴ (ഇടുക്കി): തിരഞ്ഞെടുപ്പിലെ മികച്ചവിജയത്തിന് പിന്നാലെ, വരുന്ന മന്ത്രിസഭയിൽ രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാനൊരുങ്ങി കേരള കോൺഗ്രസ്. പാർട്ടിയുടെ വിജയിച്ച ഏഴ് എം.എൽ.എമാരെയും ചെയർമാൻ പി.ജെ. ജോസഫ് വോട്ടെണ്ണലിനുശേഷം തൊടുപുഴ പുറപ്പുഴയിലെ വീട്ടിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി യോഗം ചേർന്നാണ് നിലപാടെടുത്തത്. യു.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയെന്നനിലയിൽ അർഹതപ്പെട്ട സ്ഥാനം ലഭിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പ്രധാന വകുപ്പുകളിലൊന്നും ആവശ്യപ്പെടും. മുതിർന്ന നേതാവ് അഡ്വ. മോൻസ് ജോസഫിനെ നിയമസഭാകക്ഷി നേതാവായി യോഗം തിരഞ്ഞെടുത്തു.
ഡെപ്യൂട്ടി ലീഡറായി ഇരിങ്ങാലക്കുടയിൽനിന്ന് വിജയിച്ച തോമസ് ഉണ്ണിയാടനെയും പാർട്ടി വിപ്പായി തൊടുപുഴയിൽനിന്നുള്ള അപു ജോൺ ജോസഫിനെയും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് കാഞ്ഞങ്ങാടൊഴികെ ഏഴിടത്തും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറി. 2021-ലെ തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിച്ച പാർട്ടി, കോൺഗ്രസിന്റെ നിർബന്ധത്തിന് വഴങ്ങി ഇക്കുറി ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ വിട്ടുകൊടുത്തിരുന്നു.
മുന്നണി വിജയിച്ച് മന്ത്രിസഭ രൂപവത്കരിക്കുമ്പോൾ അർഹതപ്പെട്ട സ്ഥാനം നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ പി.ജെ. ജോസഫിന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിട്ടുവീഴ്ച. മുൻ കാലങ്ങളിലെ യു.ഡി.എഫ്. മന്ത്രിസഭകളിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാരും ചീഫ് വിപ്പ് പദവിയുമുണ്ടായിരുന്നു. അതിൽ കൂടുതൽ ചോദിക്കുന്നില്ലെന്നും അർഹതപ്പെട്ടത് മാത്രമാണ് ആവശ്യപ്പെടുന്നതെന്നുമാണ് പാർട്ടി നിലപാട്.
വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ നടക്കുന്ന ചർച്ചകളിൽ ഇക്കാര്യം ഉന്നയിക്കാൻ മോൻസ് ജോസഫിനെയും അപു ജോൺ ജോസഫിനെയും ചുമതലപ്പെടുത്തി. കോൺഗ്രസിന് 63 സീറ്റുകൾ ഉള്ളതിനാൽ വലിയ സമ്മർദ്ദം ചെലുത്താൻ കേരള കോൺഗ്രസിന് കഴിയില്ല. എന്നാൽ, ഇവിടെ ഒരേയൊരു കേരള കോൺഗ്രസ് മാത്രമാണുള്ളതെന്ന പി.ജെ. ജോസഫിന്റെ പ്രഖ്യാപനം സമ്മർദ്ദതന്ത്രം കൂടിയാണ്. ഒരുമന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും മാത്രമാണ് ലഭിക്കുന്നതെങ്കിൽ മോൻസ് ജോസഫിനെ മന്ത്രിയായും, തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പുമായി പരിഗണിക്കാനാണ് ധാരണ. രണ്ടാം മന്ത്രിയെ ലഭിച്ചാൽ അപുവിന് വഴിയൊരുങ്ങും.
തൊടുപുഴയിൽ ചേർന്ന യോഗത്തിൽ നിയമസഭാകക്ഷി സെക്രട്ടറിയായി, ഷിബു തെക്കുംപുറത്തിനെയും, ട്രഷററായി റെജി ചെറിയാനെയും തിരഞ്ഞെടുത്തു. നിയുക്ത എം.എൽ.എമാരായ അഡ്വ.വർഗീസ് മാമ്മൻ, വിനു ജോബ് എന്നിവരും പങ്കെടുത്തു.
