അഞ്ച് ജില്ലകൾ തൂത്തുവാരി യുഡിഎഫ്; കണ്ണൂരിൽ കണ്ണുതള്ളി സി.പി.എം, പാലം വലിക്കാതെ പാലക്കാട്

Share our post

തിരുവനന്തപുരം: സർക്കാരിനെതിരായ ജനരോഷ തരംഗത്തിൽ പതിറ്റാണ്ടുകളായി എൽ.ഡി.എഫ്. നിലനിർത്തിയ ഉറച്ചകോട്ടകൾ പൊളിച്ചടുക്കി 102 സീറ്റുമായി യു.ഡി.എഫ്. വിസ്മയവിജയം നേടിയിരിക്കുകയാണ്. എൽ.ഡി.എഫ്. 35 സീറ്റിൽ ഒതുങ്ങി. 1980-നുശേഷമുള്ള മുന്നണി രാഷ്ട്രീയചരിത്രത്തിൽ 2001-ൽ നേടിയ റെക്കോഡ് (99 സീറ്റ്) മറികടക്കുന്നതാണ് യു.ഡി.എഫിന്റെ ഈ വിജയം. തുടർച്ചയായി മൂന്നാമതും ഭരണം പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ ഏറ്റവുംമോശം പ്രകടനവും. ഈ സാഹചര്യത്തിൽ കേരളത്തിലെ 14 ജില്ലകളിലെയും തിരഞ്ഞെടുപ്പ് ചിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

1. കാസർകോട്ട് കനൽ ഒരു തരിമാത്രം

കാസർകോട്: ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ നാലും യു.ഡി.എഫ്. നേടി. കൈവശമുണ്ടായിരുന്ന മഞ്ചേശ്വരവും കാസർകോടും നല്ല ഭൂരിപക്ഷത്തിനു നിലനിർത്തിയതിനുപുറമേ ഉദുമയും തൃക്കരിപ്പൂരും സി.പി.എമ്മിൽനിന്ന് പിടിച്ചെടുക്കുകയുംചെയ്തു. ഇതോടെ സി.പി.എം. ജില്ലയിൽ സംപൂജ്യരായി. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും പിടിച്ചുനിന്നത് സി.പി.ഐ. ജയിച്ച കാഞ്ഞങ്ങാടു മാത്രം.

1987-ൽ അഞ്ചിൽ നാലും യു.ഡി.എഫിനായിരുന്നു. ഇന്നത്തെ കാഞ്ഞങ്ങാടായ അന്നത്തെ ഹൊസ്ദുർഗ് യു.ഡി.എഫിനൊപ്പമായിരുന്നു. തൃക്കരിപ്പൂരിൽ ഇ.കെ. നായനാരാണ് അന്ന് എൽ.ഡി.എഫിന്റെ മാനംകാത്തത്. 35 വർഷത്തിനുശേഷമാണ് ജില്ലയിൽ കോൺഗ്രസ് എം.എൽ.എ. ഉണ്ടാവുന്നത്. മണ്ഡല രൂപവത്കരണത്തിനുശേഷം സി.പി.എം. കുത്തകയാക്കിവെച്ചിരുന്ന തൃക്കരിപ്പൂർ പാലക്കാട്ടുനിന്നെത്തിയ സന്ദീപ് വാരിയരാണ് കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്തത്. ഉദുമയിൽ കെ. നീലകണ്ഠനും.

മഞ്ചേശ്വരത്ത് കഴിഞ്ഞതവണത്തെ 745 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിലെ എ.കെ.എം. അഷ്‌റഫ് 29,252 ആക്കിയതോടെ മുഖ്യ എതിരാളി എൻ.ഡി.എയിലെ കെ. സുരേന്ദ്രൻ നിഷ്പ്രഭനായി. കഴിഞ്ഞതവണ ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥിക്കു ലഭിച്ച വോട്ട് പകുതിയോളമായി കുറഞ്ഞതിനു സി.പി.എം. ഉത്തരം കണ്ടെത്തേണ്ടിവരും.

2. കണ്ണൂരിൽ കണ്ണുതള്ളി സി.പി.എം

കണ്ണൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11 സീറ്റിൽ ഒൻപതും ജയിച്ചിരുന്ന എൽ.ഡിഎഫ്. ആറു സീറ്റിലൊതുങ്ങി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകൾ എന്നറിയപ്പെട്ടിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ വിമതർക്കുമുന്നിൽ വീണു. തളിപ്പറമ്പിൽ തോറ്റത് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള. പാർട്ടിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച തോൽവികളാണിത്. അത്ര ശക്തമായിരുന്നു അടിയൊഴുക്കുകളും ജനവികാരവും. കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ചിടത്ത് യു.ഡി.എഫ്. ജയിച്ചു.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ടത്തിൽ വിറച്ചുപോയി. ലീഡ് അരലക്ഷത്തിൽനിന്ന് 19,247 ആയി ചുരുങ്ങി. മട്ടന്നൂർ, കല്യാശ്ശേരി, തലശ്ശേരി എന്നീ പാർട്ടി കോട്ടകളിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണു ജയിച്ചത്. അഴീക്കോടും കൂത്തുപറമ്പും നേർത്ത ഭൂരിപക്ഷത്തിനാണ് നിലനിർത്തിയത്. കണ്ണൂർ യു.ഡി.എഫ്. തിരിച്ചുപിടിക്കുകയുംചെയ്തു.

60,000-ലേറെ വോട്ടുകൾക്ക് കെ.കെ. ശൈലജ കഴിഞ്ഞതവണ ജയിച്ച മട്ടന്നൂരിൽ ഇത്തവണ ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി വി.കെ. സനോജ് ജയിച്ചത് 14,168 വോട്ടിനാണ്.

3. വയനാട്ടിൽ കോൺഗ്രസ് മാത്രം

കൽപ്പറ്റ: രാഷ്ട്രീയമായി ഏറെ മേൽക്കൈയുള്ള ജില്ലയിൽ മൂന്നു മണ്ഡലങ്ങളും കോൺഗ്രസിനൊപ്പം നിന്നു. കല്പറ്റ ഇതുവരെ കണ്ട റെക്കോഡ് ഭൂരിപക്ഷം ടി. സിദ്ദിഖിന്- 45,031. വികസനപ്രവർത്തനങ്ങളാൽ ശ്രദ്ധേയനായിരുന്നെങ്കിലും മന്ത്രി ഒ.ആർ. കേളുവും യു.ഡി.എഫ്. തരംഗത്തിൽ പരാജയപ്പെട്ടു. ഉഷാവിജയൻ 10,543 വോട്ടുകൾക്ക് വിജയിച്ചു. സുൽത്താൻബത്തേരി നാലാംതവണയും ഐ.സി. ബാലകൃഷ്ണൻ കൂടുതൽ ഭൂരിപക്ഷത്തോടെ നിലനിർത്തി, 16597.

4. കോഴിക്കോട്ട് യു.ഡി.എഫ്. സുനാമി

ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി 13-ൽ 12 സീറ്റുകളും യു.ഡി.എഫ്. നേടി. മുസ്ലിംലീഗ് ആറിടത്തും കോൺഗ്രസ് അഞ്ചിടത്തും ആർ.എം.പി.ഐ. ഒരിടത്തുമാണ് വിജയിച്ചത്. 2021-ൽ 13 സീറ്റുകളിൽ 11ഇടത്തും എൽ.ഡി.എഫായിരുന്നു. അവിടെനിന്നാണ് പരന്പരാഗത ഇടതുകേന്ദ്രങ്ങൾ പോലും അട്ടിമറിച്ച് യു.ഡി.എഫ്. വിജയം നേടിയത്. ഇടതുകോട്ടകൾ ആടിയുലഞ്ഞപ്പോൾ ബേപ്പൂരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിജയംമാത്രമാണ് എൽ.ഡി.എഫിന് ആശ്വാസമായത്. ജയിച്ചെങ്കിലും ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.

ഏറ്റവും സുരക്ഷിത മണ്ഡലങ്ങളായ പേരാമ്പ്രയിൽ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനും എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനും പരാജയപ്പെട്ടത് എൽ.ഡി.എഫിന് വലിയ പ്രഹരമായി. 50 വർഷത്തിനുശേഷം സി.പി.ഐ.യ്ക്ക് ജില്ലയിൽ എം.എൽ.എ ഇല്ലാതായി. എൻ.സി.പി.(എസ്)നും ഐ.എൻ.എലിനും ജില്ലയിൽനിന്ന് ആരെയും വിജയിപ്പിക്കാനായില്ല. കേരളത്തിൽ യു.ഡി.എഫ്. തരംഗം ആഞ്ഞുവീശിയ 2001-ലെ തിരഞ്ഞെടുപ്പിൽ ആറു സീറ്റുകളാണ് കോഴിക്കോട്ട് നേടാനായത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം രണ്ടും മൂന്നും സീറ്റുകളാണ് യു.ഡി.എഫ്. ജയിച്ചത്.

5. ചുവപ്പിന്റെ പൊടിപോലുമില്ലാതെ മലപ്പുറം

ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾ പ്രതീക്ഷിച്ചിരുന്നതിലും അപ്പുറത്താണ് മലപ്പുറത്തെ കൂറ്റൻവിജയങ്ങൾ. ഭൂരിപക്ഷം 50,000 കടക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നവരുടെ കണക്കുകൂട്ടൽ. അതൊക്കെ മറികടന്ന് തരിപോലും ബാക്കിവെക്കാത്ത സർവാധിപത്യമാണ് എല്ലാമണ്ഡലങ്ങളിലും വിജയിച്ച് ജില്ലയിൽ യു.ഡി.എഫ്. നേടിയത്. ലീഗിന്റെ ഉജ്ജ്വലവിജയത്തിനൊപ്പം, മത്സരിച്ച നാലുസീറ്റിലും ഉജ്ജ്വലവിജയം നേടാൻ കോൺഗ്രസിനും കഴിഞ്ഞു.

16-ൽ പത്തുപേരും നാല്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടി. ശക്തമായ മത്സരംനടന്ന മൂന്നു മണ്ഡലങ്ങളിൽ മാത്രമാണ് ഭൂരിപക്ഷം 25,000-ത്തിൽ താഴെ ഒതുങ്ങിയത്.മണ്ഡലത്തിന്റെ പേരിലുള്ള തർക്കങ്ങൾ, സ്ഥാനാർഥിനിർണയ പ്രശ്‌നങ്ങൾ, ന്യൂനപക്ഷ ഏകീകരണം തുടങ്ങി എല്ലാ കാരണംകണ്ടെത്തലുകൾക്കുമപ്പുറം ജനതയൊന്നാകെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് മലപ്പുറത്തുണ്ടായത്. മലപ്പുറം ജില്ലയിൽമാത്രം എട്ടുലക്ഷത്തിനടുത്ത് വോട്ടുകളാണ് യു.ഡി.എഫിന് അധികമായി വീണിട്ടുള്ളത്. വിജയികളിൽ മിക്കവരും ആകെ പോൾ ചെയ്ത വോട്ടിന്റെ 51 ശതമാനത്തിലധികം നേടിയിട്ടുണ്ട്. ലീഗിനുള്ളിലെ പിണക്കങ്ങൾക്കോ എൽ.ഡി.എഫിലെ മറ്റു കക്ഷികൾക്കോ ഒന്നും ഒരു പ്രസക്തിയുമില്ലാതാക്കിക്കളഞ്ഞ ജയം.

6. പാലക്കാട് പാലംവലിച്ചില്ല എൽ.ഡി.എഫിനെ

പാലക്കാട്: ഇടതുകോട്ടയെന്ന വിശേഷണമുള്ള പാലക്കാട്ട് എൽ.ഡി.എഫ്. കഷ്ടിച്ച് മുഖംരക്ഷിച്ചു. കഴിഞ്ഞതവണ പന്ത്രണ്ടിൽ 10 മണ്ഡലങ്ങളിലും വിജയിച്ച എൽ.ഡി.എഫ്. ഇത്തവണ മൂന്നെണ്ണംകൂടി കൈവിട്ട് എഴിലേക്കൊതുങ്ങി. 2011-ലേതിനു സമാനമായി എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. അഞ്ചും സീറ്റുകൾ നേടി. 2021ൽ ആറിടങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ കാൽലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയെങ്കിൽ ഇത്തവണ ഒറ്റപ്പാലത്തുമാത്രമാണ് ഈ നേട്ടം.

മന്ത്രി എം.ബി. രാജേഷിൽനിന്ന് വി.ടി. ബൽറാം തൃത്താല തിരിച്ചുപിടിച്ചു. മണ്ഡലം രൂപവത്കൃതമായതുമുതൽ എൽ.ഡി.എഫ്. മാത്രം വിജയിച്ച കോങ്ങാട്, യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എ. തുളസി അട്ടിമറിവിജയം നേടി. വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ ജീവിതപങ്കാളിയാണ്. ചിറ്റൂരിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലെ മന്ത്രി കെ. കൃഷ്ണൻകുട്ടി മത്സര രംഗത്തുനിന്ന് മാറിനിന്ന് ജനറൽസെക്രട്ടറി അഡ്വ. വി. മുരുകദാസിന് അവസരം നല്കിയെങ്കിലും വിജയം യു.ഡി.എഫിലെ സുമേഷ് അച്യുതനൊപ്പമായിരുന്നു. ചിറ്റൂരിലെ മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ മകനാണ് സുമേഷ്. മുരുകദാസിന്റെ അതേ പേരുകാരനായ സ്വതന്ത്രസ്ഥാനാർത്ഥി പിടിച്ച വോട്ടുകൾ നിർണായകമാവുകയുംചെയ്തു.

മണ്ണാർക്കാടും പാലക്കാടും യു.ഡി.എഫ്. ഭൂരിപക്ഷം വർധിപ്പിച്ചു നിലനിർത്തി. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങൾ എൽ.ഡി.എഫ്. നിലനിർത്തി.

7. തൃശ്ശൂരിന്റെ ചങ്കിലുണ്ട് ചുവപ്പ്

തൃശ്ശൂർ: യു.ഡി.എഫ്. കാറ്റിൽ തൃശ്ശൂരിൽ ഇടതുകോട്ടകൾ ആടിയെങ്കിലും ഉലഞ്ഞില്ല. 13-ൽ ഒൻപതിടത്തും വിജയക്കൊടി. കഴിഞ്ഞ തവണത്തേതിൽനിന്ന് നഷ്ടം മൂന്ന്. ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദു തൊറ്റെങ്കിലും മണലൂരിൽ മുൻമന്ത്രി സി. രവീന്ദ്രനാഥ് ടി.എൻ. പ്രതാപനെ തോൽപ്പിച്ചത് ശ്രദ്ധേയമായി.

രണ്ടുതവണയായി അകന്നുനിന്ന തൃശ്ശൂരും കൊടുങ്ങല്ലൂരും തിരിച്ചുപിടിക്കാനായതാണ് കോൺഗ്രസിന്റെ നേട്ടം. ചാലക്കുടി കൂടുതൽ ഭൂരിപക്ഷത്തിൽ നിലനിർത്തി. മന്ത്രി രാജനുൾപ്പെടെയുള്ളവരുടെ ഭൂരിപക്ഷം വലിയതോതിൽ കുറച്ചെന്നതും നേട്ടമായി. തൃശ്ശൂരിൽ എം.പി.യുള്ള ബി.ജെ.പി.ക്കും എൻ.ഡി.എ.യ്ക്കും പ്രതീക്ഷിച്ച വോട്ടുനേടാൻ കഴിഞ്ഞില്ല. തൃശ്ശൂരിൽ മൂന്നാംസ്ഥാനത്തായത് വലിയ ക്ഷീണമായി.

ഗ്രൂപ്പിസമുൾപ്പെടെ കോൺഗ്രസിന്റെ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് തന്ത്രങ്ങളാവിഷ്‌കരിച്ചെന്നതാണ് എൽ.ഡി.എഫിന്റെ നില കാത്തത്. കെ. രാജനും എ.സി. മൊയ്തിനുമൊക്കെ മാനദണ്ഡങ്ങളിൽ ഇളവുനൽകി രംഗത്തിറക്കിയത് നേട്ടമായി. സിറ്റിങ് എം.എൽ.എ. സി.സി. മുകുന്ദൻ സി.പി.ഐ. വിട്ട് ബി.ജെ.പി. സ്ഥാനാർഥിയായെങ്കിലും വിജയിച്ചില്ലെന്നുമാത്രമല്ല യു.ഡി.എഫിന് ഗുണമായതുമില്ല. മുൻ എം.എൽ.എ. ഗീതാഗോപിയിലൂടെ സി.പി.ഐ. മണ്ഡലം നിലനിർത്തി.

8. എറണാകുളത്ത് യു.ഡി.എഫ്. മാത്രം

എറണാകുളം ജില്ലയിൽ 14 സീറ്റുകളും യു.ഡി.എഫിന്. 2001-ൽ 13 സീറ്റുകൾ യു.ഡി.എഫ്. നേടിയിരുന്നു. പറവൂരിൽ സാമുദായികശക്തികളിൽനിന്നുൾപ്പെടെയുള്ള എല്ലാ വെല്ലുവിളിയും അതിജീവിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം എത്തിയില്ലെങ്കിലും മികച്ച വിജയം നേടി.

മന്ത്രി പി. രാജീവ് കളമശ്ശേരിയിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ പരാജയം ഏറ്റുവാങ്ങി. ലീഗിലെ പ്രശ്‌നങ്ങൾ പറഞ്ഞൊതുക്കാൻ സാധിച്ചത് വി.ഇ. അബ്ദുൾഗഫൂറിന്റെ വിജയത്തിന്റെ അടിസ്ഥാനമായി. കൊച്ചിയിൽ സഭാവോട്ടുകളുടെ ബലത്തിൽ കെ.ജെ. മാക്‌സി ജയിക്കുമെന്നാണ് സി.പി.എം. ഉറച്ചുവിശ്വസിച്ചിരുന്നത്. എന്നാൽ, വൻഭൂരിപക്ഷത്തോടെ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സീറ്റ് തിരിച്ചുപിടിച്ചു.

കുന്നത്തുനാട് കടുത്ത ത്രികോണമത്സരത്തിൽ യു.ഡി.എഫ്. തിരിച്ചുപിടിച്ചു. ട്വന്റി 20 എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിലുള്ള പ്രതിഷേധവും ന്യൂനപക്ഷവോട്ടുകൾ സ്വന്തമാക്കാൻ കഴിഞ്ഞതും യു,ഡി.എഫിനെ വിജയത്തിലെത്തിച്ചു. തൃപ്പൂണിത്തുറയിലും ത്രികോണമത്സരത്തിൽ മികച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്താൻ ദീപക് ജോയിക്ക് കഴിഞ്ഞു. കോതമംഗലം നിലനിർത്തുമെന്ന് ഇടതുമുന്നണി ഉറപ്പിച്ചിരുന്നെങ്കിലും ഭരണവിരുദ്ധ തരംഗത്തിൽ വലിയ ഭൂരിപക്ഷത്തോടെ സീറ്റുപിടിക്കാൻ യു.ഡി.എഫിലെ ഷിബു തെക്കുംപുറത്തിന് സാധിച്ചു. യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ എറണാകുളം, തൃക്കാക്കര, ആലുവ, അങ്കമാലി, പെരുമ്പാവൂർ, പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങൾ വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തി കോട്ടശക്തമാക്കാൻ യു.ഡി.എഫിന് സാധിച്ചു.

9. ഇടുക്കിയിൽ യു.ഡി.എഫ്. പ്രളയം

തൊടുപുഴ: ഇടുക്കിയിൽ യു.ഡി.എഫ്. അങ്ങ് ദേവികുളത്തുനിന്ന് പതിയെ ഒഴുകി ഉടുമ്പൻചോലയും ഇടുക്കിയും പീരുമേടും പിടിച്ചെടുത്ത് തൊടുപുഴയിലെത്തുമ്പോൾ അതൊരു നീലക്കടലായി. 25 കൊല്ലം ഇടുക്കി മണ്ഡലം കൈവെള്ളയിൽ കൊണ്ടുനടന്ന റോഷി അഗസ്റ്റിനെ റോയ് കെ. പൗലോസ് 23,822 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. ഏറ്റവും കൂടുതൽ വോട്ടിന് പരാജയപ്പെട്ട മന്ത്രിയായി റോഷി. കൈപ്പത്തി ചിഹ്നം വന്നാൽ ജയിച്ചുകയറാമെന്ന തന്ത്രത്തിന്റെ വിജയം കൂടിയായി.

ഇടത് കോട്ടയിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രനെ തോൽപ്പിച്ച് സേനാപതി വേണു, കഴിഞ്ഞ തവണ എം.എം. മണി 38,305 വോട്ടിന് ജയിച്ച ദേവികുളത്തെ സേനാപതിയായി. രണ്ടുവട്ടം ചെറിയ വോട്ടിന് പരാജയപ്പെട്ടിട്ടും വീറോടെയെത്തി ജനവിധി തേടിയ സിറിയക് തോമസ് പീരുമേട് കണ്ട റെക്കോഡ് ഭൂരിപക്ഷത്തിൽ(27,634) വിജയിച്ചു.

മൂന്ന് രാജമാർ മത്സരിച്ച ദേവികുളത്ത് സിറ്റിങ് എം.എൽ.എ. കൂടിയായ എ. രാജയെ അട്ടിമറിച്ച് എഫ്. രാജ വെന്നിക്കൊടി നാട്ടി. സി.പി.എം. വിട്ട മുൻ എം.എൽ.എ.യും എൻ.ഡി.എ. സ്ഥാനാർഥിയുമായ എസ്. രാജേന്ദ്രൻ 12,357 വോട്ട് നേടി എൽ.ഡി.എഫ്. പരാജയം ഉറപ്പിച്ചു. പി.ജെ. ജോസഫ് മാറിനിന്ന സാമ്രാജ്യത്തിൽ അദ്ദേഹത്തെ വെല്ലുന്ന ഭൂരിപക്ഷം നേടി മകൻ അപു ജോൺ ജോസഫ് തൊടുപുഴയുടെ പിൻഗാമിയായി. എൽ.ഡി.എഫിന് ലഭിച്ച വോട്ടിനെക്കാൾ മുകളിലാണ് അപുവിന്റെ ഭൂരിപക്ഷം.

10. കോട്ടയത്ത് കോട്ടകെട്ടി യു.ഡി.എഫ്

കോട്ടയം: അടപടലം പിടിച്ച് കോട്ടയംജില്ല യു.ഡി.എഫ്. കോട്ടയാക്കി. ഏതെങ്കിലുമൊരു മുന്നണി ഈ ജില്ലയിലെ മുഴുവൻസീറ്റും പിടിക്കുന്നത് ഇതാദ്യം. 2021-ൽ നാലിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫും വിജയംനേടിയിരുന്നു.

കൈവശമുണ്ടായിരുന്ന കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ എന്നിവക്കൊപ്പം യു.ഡി.എഫ്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂർ എന്നിവകൂടി സ്വന്തമാക്കി. 1991-നു ശേഷം ഇതാദ്യമായാണ് വൈക്കം സി.പി.ഐ.ക്ക് നഷ്ടമാകുന്നത്.

കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഏറ്റുമാനൂരിൽ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് മന്ത്രി വി.എൻ. വാസവനെ അട്ടിമറിച്ചു. കാഞ്ഞിരപ്പള്ളി മണ്ഡലം രൂപവത്കരിച്ചതു മുതൽ ജനപ്രതിനിധിയായിരിക്കുന്ന കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ഡോ. എൻ. ജയരാജിനും കാലിടറി.

പുതുമുഖം റോണി കെ. ബേബി മണ്ഡലം പിടിച്ചു. കേന്ദ്രമന്ത്രിയും ബി.ജെ.പി. സ്ഥാനാർഥിയുമായ ജോർജ് കുര്യൻ ഇവിടെ തോറ്റു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രണ്ടാംതവണയും പാലായിൽ പരാജയപ്പെട്ടു. യു.ഡി.എഫിലെ മാണി സി. കാപ്പനാണു ജയിച്ചത്. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് 35,304 വോട്ടുകളുമായി വൻ കുതിപ്പു നടത്തി.

11. യു.ഡി.എഫിലേക്കൊഴുകി ആലപ്പുഴ

ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അനുകൂല കൊടുങ്കാറ്റുണ്ടായപ്പോഴും താരതമ്യേന എൽ.ഡി.എഫ്. പിടിച്ചുനിന്ന ആലപ്പുഴ ജില്ലയിലും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒമ്പതിൽ എട്ടിടത്തും ജയിച്ച എൽ.ഡി.എഫിന് ഇത്തവണ മൂന്നു സീറ്റേ കിട്ടിയുള്ളൂ.

ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല സീറ്റുകളാണ് എൽ.ഡി.എഫിന് നിലനിർത്താനായത്. കഴിഞ്ഞതവണ 31,984 വോട്ടിനു ജയിച്ച മന്ത്രി സജി ചെറിയാന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി. ചേർത്തലയിൽ മന്ത്രി പി. പ്രസാദിന്റെ ഭൂരിപക്ഷം ഇരട്ടിയിലധികമായി. ആലപ്പുഴയിൽ സിറ്റിങ് എം.എൽ.എ. പി.പി. ചിത്തരഞ്ജൻ തോൽക്കുമെന്ന് സി.പി.എം. സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അമ്പലപ്പുഴയിൽ 28,000-ലധികം വോട്ടിന്റെ ഭൂരിപക്ഷം ജി. സുധാകരൻ നേടിയത് യു.ഡി.എഫിനെപ്പോലും അമ്പരപ്പിച്ചു.

ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം മാത്രമല്ല എൽ.ഡി.എഫിന്റെ പരാജയത്തിനു കാരണം. ആലപ്പുഴ മണ്ഡലത്തിൽ ലത്തീൻ വിഭാഗത്തിൽനിന്ന് സ്ഥാനാർഥിയായ എ.ഡി. തോമസിന് ലഭിച്ച കൂറ്റൻവിജയം ഇതിന് അടിവരയിടുന്നു. മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് , പത്തിയൂർ, കൈനകരി തുടങ്ങി മിക്ക സി.പി.എം. ശക്തികേന്ദ്രങ്ങളിലും തിരിച്ചടിയുണ്ടായി.

12. പത്തനംതിട്ട യു.ഡി.എഫ്. പ്രതാപത്തിലേക്ക്

കോന്നിയിലെ ചെങ്കൊടിയൊഴിച്ച് പത്തനംതിട്ട ജില്ലയിലെ നാലു മണ്ഡലങ്ങളിലും യു.ഡി.എഫ്. വെന്നിക്കൊടിപാറിച്ചപ്പോൾ പത്തുവർഷം മുമ്പുവരെയുണ്ടായിരുന്ന യു.ഡി.എഫ്. ജില്ല എന്ന പ്രതാപത്തിലേക്ക് പത്തനംതിട്ടയെത്തി. കോന്നി കൈവിട്ടത് 1838 വോട്ടിനായിരുന്നു. ആറൻമുളയിലും അടൂരിലും തിരുവല്ലയിലും 10,000-നു മേലേയും റാന്നിയിൽ 4344 വോട്ടിനും ജയിച്ച് നേട്ടം യു.ഡി.എഫ്. ആധികാരികമാക്കി.

മുൻ തിരഞ്ഞെടുപ്പുകളിലെ ശാപമായിരുന്ന പാലംവലിക്കൽ ഇക്കുറി ഉണ്ടാവാതിരുന്നതാണ് യു.ഡി.എഫ്. നേട്ടത്തിനു പിന്നിലെന്നു പറയാം. 2021 -ൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 19,003 വോട്ടിനു ജയിച്ച മന്ത്രി വീണാ ജോർജ് ഇക്കുറി ഏറ്റവും ഉയർന്ന വ്യത്യാസത്തിൽ(18,985) അബിൻ വർക്കിയോടു തോറ്റു. ശബരിമല നിൽക്കുന്ന മണ്ഡലമായ റാന്നി യു.ഡി.എഫിലെ പഴകുളം മധുവിനൊപ്പംനിന്നു.

മാത്യു ടി. തോമസ് കൈയടക്കിവെച്ചിരുന്ന മാർത്തോമാ വോട്ടുകളിൽ നല്ലൊരു ശതമാനം മാർത്തോമാക്കാരനായ കോൺഗ്രസ് സ്ഥാനാർഥിയായ വർഗീസ് മാമ്മന്റെ പെട്ടിയിൽ വീണു. 20 വർഷമായി മണ്ഡലത്തെ കൈപ്പിടിയിലൊതുക്കിയിരുന്ന മാത്യു ടി. തോമസ് മൂന്നാമതെത്തിയപ്പോൾ ബി.ജെ.പി. യുടെ അനൂപ് ആന്റണി രണ്ടാമതെത്തി. അടൂർ മണ്ഡലത്തിലെ യു.ഡി.എഫിലെ സി.വി. ശാന്തകുമാറിന്റെ ജയത്തിനു പിന്നിൽ എൽ.ഡി.എഫിലെ അനൈക്യവും കാരണമായി.

13. കൊല്ലത്ത് സി.പി.എമ്മിന് കൊണ്ടു

2001-നുശേഷം ആദ്യമായാണ് കൊല്ലം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. തകർന്നടിയുന്നത്. പതിനൊന്നിൽ എട്ടുസീറ്റും യു.ഡി.എഫിന്. കഴിഞ്ഞതവണത്തെ ഒൻപതിൽ നിന്ന് എൽ.ഡി.എഫ്. രണ്ടു സീറ്റിലൊതുങ്ങി. സി.പി.ഐ.യുടെ കുത്തകമണ്ഡലമായ ചാത്തന്നൂർ കഴിഞ്ഞ രണ്ടുതവണയും രണ്ടാമതെത്തിയ ബി.ജെ.പി.യുടെ ബി.ബി. ഗോപകുമാർ പിടിച്ചു.

സി.പി.എം. എം.എൽ.എ.യായിരുന്ന പി. അയിഷാ പോറ്റി കോൺഗ്രസ് സ്ഥാനാർഥിയായതോടെ ശ്രദ്ധാകേന്ദ്രമായ കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ചെറിയ ഭൂരിപക്ഷത്തിന് വിജയം ആവർത്തിച്ചു. 2021-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ആർ. രശ്മി ബി.ജെ.പി. സ്ഥാനാർഥിയായെങ്കിലും വോട്ടുയർത്താനായില്ല.

വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ കാൽനൂറ്റാണ്ടിനുശേഷം പത്തനാപുരത്ത് പരാജയമറിഞ്ഞു. കഴിഞ്ഞതവണ തോറ്റെങ്കിലും അഞ്ചുവർഷമായി മണ്ഡലത്തിൽ ആഴത്തിലിറങ്ങി പ്രവർത്തിച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയ്ക്ക് അതിന്റെ ഫലം കൊയ്യാനായി. മന്ത്രി ജെ. ചിഞ്ചുറാണിയെ കഴിഞ്ഞ തവണത്തെ പ്രതിയോഗിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ എം.എം. നസീർ പരാജയപ്പെടുത്തി.

കഴിഞ്ഞ രണ്ടുതവണ നിയമസഭ കാണാതിരുന്ന ആർ.എസ്.പി. ഇത്തവണ ചവറ, കുന്നത്തൂർ, ഇരവിപുരം സീറ്റുകൾ നേടി. കാൽനൂറ്റാണ്ടായി നിയമസഭാംഗമായ ആർ.എസ്.പി. ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോൻ ഇത്തവണ അടിയറവു പറഞ്ഞു. തെക്കൻ കേരളത്തിൽ മുസ്ലിംലീഗ് മത്സരിക്കുന്ന ഏക സീറ്റായ പുനലൂരിൽ ഇത്തവണയും വിജയം കാണാനായില്ല.

14. ‘തല’സ്ഥാനം പിടിച്ച് യു.ഡി.എഫ്, രണ്ടിടത്ത് ബി.ജെ.പി

തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം പിടിക്കുമെന്നത് ഇത്തവണയും തിരുവനന്തപുരം യാഥാർഥ്യമാക്കി. 14-ൽ ഏഴും പിടിച്ച് യു.ഡി.എഫ്. ട്രെൻഡിനൊപ്പം നിന്നു. കഴിഞ്ഞതവണ 14-ൽ 13-ഉം വിജയിച്ച എൽ.ഡി.എഫ്. അഞ്ചുസീറ്റിലേക്കു ചുരുങ്ങി. നേരത്തേ പൂട്ടിപ്പോയ ഒന്നിനുപകരം രണ്ട് അക്കൗണ്ടുകൾ തുറന്ന് തിരുവനന്തപുരത്ത് ബി.ജെ.പി. വമ്പൻ രാഷ്ട്രീയവിജയം നേടി. 2016 മുതൽ കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് വി. മുരളീധരൻ. നേമത്ത് വിജയിക്കുകയെന്നത് ഇത്തവണ ബി.ജെ.പി.യുടെ അഭിമാനപ്രശ്‌നമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജീവ് ചന്ദ്രശേഖർ നേമം കേന്ദ്രീകരിച്ച് പ്രവർത്തനവും ആരംഭിച്ചിരുന്നു. എന്നാൽ, ത്രികോണമത്സരം നടന്ന വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പി. ആർ. ശ്രീലേഖ മൂന്നാമതായത് പാർട്ടിക്ക് തിരിച്ചടിയായി.

പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന നാടാർ വോട്ടുകൾ പാർട്ടിയിലേക്ക് ഇത്തവണ തിരിച്ചുവന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണയും ന്യൂനപക്ഷ ഏകോപനവും സംസ്ഥാനത്താകെയുണ്ടായ ഭരണവിരുദ്ധ വികാരവും കോൺഗ്രസിനെ തുണച്ചു. 25 വർഷത്തിലധികമായി കൈവശംവെച്ചിരുന്ന വാമനപുരം, ചിറയിൻകീഴ് (പഴയ കിളിമാനൂർ) മണ്ഡലങ്ങളിലെ എൽ.ഡി.എഫ്. കുത്തക തകർന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. യു.ഡി.എഫിന്റെ മുതിർന്ന നേതാവ് സി.പി. ജോൺ ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്കെത്തും. പാറശ്ശാല, വർക്കല മണ്ഡലങ്ങളിൽ സി.പി.എം. ഹാട്രിക് വിജയമാണ് നേടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!