ശൈലിയും വിവാദങ്ങളും തിരിച്ചടിച്ചു, സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമോ, പിഴച്ചതെവിടെ?

Share our post

വികസന മന്ത്രങ്ങളൊന്നും ഏറ്റില്ല, ഭരണവിരുദ്ധ വികാരം ആളിക്കത്തിയപ്പോൾ ഒരുവേള ‘ക്യാപ്റ്റൻ’ പിണറായിക്കും അടിതെറ്റി. സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിൽ പ്രധാനപ്പെട്ട എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വീണു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ പിണറായിയുടെ ഭൂരിപക്ഷം പകുതിയിലും താഴേക്ക് കൂപ്പുകുത്തി. 2016ൽ കോൺഗ്രസിന്റെ മമ്പറം ദിവാകരനോട് 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയൻ വിജയിച്ചത്. 2021ൽ ഭൂരിപക്ഷം 50,123 ആക്കി വർധിപ്പിച്ചു. ധർമടത്തെ മൂന്നാം അങ്കത്തിൽ ഭൂരിപക്ഷം നന്നേ കുറഞ്ഞു. അപ്രതീക്ഷിതമല്ല ഈ തിരിച്ചടി രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന ഹൈപ്പുകൾക്കും പ്രതിച്ഛായകൾക്കും അപ്പുറം സാധാരണ ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ള സ്വീകാര്യതയുടെ മാർക്ക് കൂടിയാണ് ഈ തിരഞ്ഞെടുപ്പോടെ പുറത്തുവരുന്നത്. പത്ത് വർഷത്തെ തുടർച്ചയായ ഭരണകാലത്തിന് ശേഷമുള്ള ഈ വീഴ്ച. പാർട്ടിക്കേറ്റ വലിയ പരാജയത്തോടെ പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചും ചോദ്യമുയരുകയാണ്. 

2016ലെ തിരഞ്ഞെടുപ്പിൽ ഗെയിം ചേഞ്ചറായിരുന്നു പിണറായി വിജയൻ എന്ന നേതാവെങ്കിൽ 2026ൽ പാർട്ടിക്ക് അടിതെറ്റാനും കാരണം ഇതേ പിണറായി ആണെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകർ. സർക്കാരിന്റെ പ്രവർത്തനങ്ങളോട് ജനങ്ങൾക്ക് മിശ്രവികാരമാണ്, എന്നാൽ മന്ത്രിമാരുൾപ്പെടെ പലർക്കും പൊതുജനങ്ങൾ നൽകിയത് നെഗറ്റീവ് മാർക്കാണ്. അതിൽ മുൻപന്തിയിൽ പിണറായി വിജയനുണ്ട്. 2021ലെ അരലക്ഷത്തിലേറെ ഭൂരിപക്ഷം 20,000നും താഴേക്ക് പോയ കണക്കുകൾ മാത്രം മതിയാവും അതിന് തെളിവ്. കാർക്കശ്യവും ധാർഷ്ട്യവും അണികൾക്ക് മാത്രമാണ് മാസ്, സാധാരണ ജനങ്ങൾക്ക് അത് അധികാരിയുടെ അഹങ്കാരമാണ്.

പിണറായി എന്ന ബ്രാൻഡ്

18 വർഷം പാർട്ടി സെക്രട്ടറി ആയി പ്രവർത്തിച്ചുവെന്ന റെക്കോർഡ് നോട്ടം പിണറായിയുടെ പേരിലുണ്ട്. അടിത്തട്ട് മുതൽ പാർട്ടിയെ നവീകരിക്കുകയും വളർത്തുകയും ചെയ്തതിൽ ചില്ലറ ക്രെഡിറ്റൊന്നുമല്ല അദ്ദേഹത്തിനുള്ളത്. പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കെ, 2016 നിയമസഭാ തിരഞ്ഞെടുപ്പിനെ നയിച്ചതും പിണറായി വിജയനായിരുന്നു. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച യുഡിഎഫിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തെ കൃത്യമായി വോട്ടാക്കി മാറ്റാൻ പിണറായിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്കായി. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടി സെക്രട്ടറി സ്ഥാനം എ. വിജയരാഘവന് കൈമാറിയെങ്കിലും തിരഞ്ഞെടുപ്പ് തന്ത്രരൂപീകരണത്തിനും പ്രചാരണത്തിനും ചുക്കാൻ പിടിച്ചത് പിണറായി ആയിരുന്നു. ബാർ കോഴ, സോളാർ കേസ്, ഭൂമി ഇടപാട് ആരോപണം, ക്വാറി മാഫിയ വിവാദം തുടങ്ങിയ അഴിമതി ആരോപണങ്ങൾക്കൊപ്പം മന്ത്രിമാർക്കെതിരേ പോലും സ്ത്രീവിഷയ ആരോപണങ്ങളടക്കം കത്തിനിൽക്കുന്ന കാലമായിരുന്നു അത്. ഉമ്മൻചാണ്ടി സർക്കാരിനെതിരേയുള്ള ഇത്തരം അഴിമതി ആരോപണങ്ങൾ എൽഡിഎഫ് അന്ന് സജീവ പ്രചാരണ ആയുധമാക്കി. മാറ്റം വേണമെന്ന പൊതുജനവികാരത്തെ ഉപയോഗപ്പെടുത്തി. ക്ലീൻ ഇമേജ് ഉള്ള പിണറായിയെ മുഖമാക്കി ഉയർത്തിക്കാട്ടിക്കൊണ്ട് മാറ്റത്തിന്റെ, വികസനത്തിന്റെ നവകേരളം വാഗ്ദാനം ചെയ്തുകൊണ്ടാണ് അന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതി ആരോപണങ്ങളിൽ നിന്ന് താരതമ്യേന മുക്തനായിരുന്നു അന്ന് പിണറായി. ‘കർക്കശക്കാരനായ നേതാവ്’ എന്ന ഇമേജ് ജനങ്ങൾക്കിടയിൽ പ്രതീക്ഷ സൃഷ്ടിച്ചു. ഒപ്പം യുഡിഎഫിന്റെ ‘സോഫ്റ്റ്’ ഭരണത്തിന് ബദലായി വികസനം മുൻനിർത്തിയുള്ള ഭരണം വാഗ്ദാനം ചെയ്തതും എൽഡിഎഫിന് മുൻതൂക്കം നൽകുകയായിരുന്നു. ഇത് 91 സീറ്റുകളെന്ന വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എൽഡിഎഫിനെ കൊണ്ടെത്തിച്ചു. പത്ത് വർഷത്തിന് ശേഷമുള്ള എൽഡിഎഫ് തരംഗത്തിനായിരുന്നു അന്ന് കേരളം സാക്ഷ്യം വഹിച്ചത്.

കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായാണ് അന്ന് പിണറായി വിജയൻ അധികാരത്തിലേറിയത്. അന്ന് മുതൽ സർക്കാരിന് പരീക്ഷണ കാലമായിരുന്നു. എന്നാൽ 18 കൊല്ലം പാർട്ടി സെക്രട്ടറിയായിരുന്ന അനുഭവ സമ്പത്ത് ഭരണത്തിലും പ്രതിഫലിച്ചു. ക്യാബിനറ്റ് ടീമിനെ ഏകോപിപ്പിക്കുന്നതിലും ഭരണം നിയന്ത്രിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃപാടവം ഫലപ്രദമായി. 2017ലെ ഓഖി ചുഴലിക്കാറ്റ് ദുരന്തവും 2018ലെ പ്രളയവും നിപ്പ വ്യാപനവും 2019ലെ കോവിഡ് വ്യാപനവും സർക്കാരിന്റെ കഴിവ് തെളിയിച്ചു. 2018ലെ നിപ്പ വൈറസ് കാലത്തും പിണറായി വിജയനിലെ ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധനെ കേരളം കണ്ടു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടങ്ങുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയിലേക്കെത്തി. മഹാമാരിയെ കൈകാര്യം ചെയ്യുന്ന കേരള മോഡൽ എന്നാണ് ലോകാരോഗ്യ സംഘടന പോലും പ്രശംസിച്ചത്. ഈ അനുഭവമാണ് 2019ലെ കോവിഡ് മാനേജ്‌മെന്റിനും കേരളത്തെ സഹായിച്ചത്. രാജ്യത്ത് തന്നെ ആദ്യമായി മുഖ്യമന്ത്രി എല്ലാ ദിവസവും വൈകുന്നേരം മാധ്യമങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തു. സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞു. പൊതുജനങ്ങളുടെ പരാതികളും അഭ്യർഥനകളും പരിഗണിച്ചു. അറിയിക്കേണ്ടത് അറിയിച്ചു. എല്ലാം സുതാര്യം. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി, ക്ഷേമ പാക്കേജുകൾ, ഭക്ഷ്യകിറ്റുകൾ, ധനസഹായം, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തൽ തുടങ്ങിയ കേരള മോഡലിന് ചുക്കാൻ പിടിച്ചത് സർക്കാരിനാകെ ഗുണം ചെയ്തു. ഇതിനെല്ലാം പുറമേ സംസ്ഥാനത്ത് നടത്തിയ 60,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളും 2021 തിരഞ്ഞെടുപ്പിലേക്ക് വളമെറിയുകയായിരുന്നു.

2021ലെ രാഷ്ട്രീയ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാർ തുടർഭരണത്തിലേക്കെത്തി. ഭരണകാലാവധി പൂർത്തിയാക്കിയ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തുടർഭരണം നേടുന്നുവെന്ന ചരിത്രമാണ് ഈ വിജയം ചരിച്ചത്. അരലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ധർമടത്തുനിന്ന് പിണറായി വിജയൻ വിജയിച്ചു. കൊടുങ്കാറ്റിൽ ക്ഷോഭിച്ച കടലിൽ നിന്ന് കപ്പലിനെ കൃത്യമായി കരക്കടുപ്പിച്ച ക്യാപ്റ്റൻ എന്നാണ് അന്ന് പിണറായി വിജയനെ അണികൾ വിശേഷിപ്പിച്ചത്. രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വികസനമാണ് തുടർഭരണത്തിലേക്ക് എൽഡിഎഫിനെ എത്തിച്ചതെന്നായിരുന്നു വിലയിരുത്തിയത്. പ്രഖ്യാപിച്ച 600 പദ്ധതികളിൽ 580 എണ്ണവും പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെട്ടു. ഒപ്പം 900 പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. പ്രളയദുരിതത്തിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും വികസനത്തിലും കാണിച്ച മികവായിരുന്നു സർക്കാരിന് തുടർഭരണത്തിലേക്കെത്തിച്ചത്. പിണറായി വിജയൻ എന്നാൽ ഒരൊറ്റ ബ്രാൻഡായി വളർന്നു.

വിവാദങ്ങളും വിമർശനങ്ങളുമൊഴിയാതെ

ജനനായകനെന്ന പേര് നിലനിൽക്കുമ്പോഴും പത്ത് വർഷത്തെ ഭരണകാലയളവിൽ വിവാദങ്ങളും വിമർശനങ്ങളും പിണറായി വിജയനെ ചൂഴ്ന്നുനിന്നിരുന്നു. ക്ഷേമപദ്ധതികളും വികസനവാഗ്ദാനങ്ങളും മുന്നോട്ട് വെച്ച രണ്ടാം പിണറായി സർക്കാർ ഒരേസമയം വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും നിഴലിൽ നിന്നാണ് തന്റെ കാലഘട്ടം മുന്നോട്ടു കൊണ്ടുപോയത്. വിവാദങ്ങളും അഴിമതിക്കഥകളും ജനങ്ങളിൽ സ്വാഭാവികമായ മടുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അത് മുഖ്യമന്ത്രിയേയും ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി, അഴിമതി ആരോപണങ്ങൾ, ശബരിമല സ്ത്രീപ്രവേശന വിഷയം, ശബരിമലയിലെ സ്വർണപ്പാളി വിവാദം, സ്വർണക്കടത്ത് കേസ് തുടങ്ങിയവ പിണറായി നയിക്കുന്ന സർക്കാരിനെ ബാധിച്ചപ്പോൾ മകൾ ഉൾപ്പെടുന്ന കമ്പനിയുമായി ബന്ധപ്പെട്ട കേസുകൾ, സ്വർണക്കടത്ത് പ്രതിയുമായുള്ള ബന്ധം തുടങ്ങിയവ പിണറായി വിജയനെന്ന വ്യക്തിയെ ചുറ്റിപ്പറ്റി നിന്നു.

വീണയുടെ ഐടി കമ്പനി എക്‌സാലോജിക് സൊല്യൂഷൻസിന് കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനി സേവനമില്ലാതെ കോടികൾ മാസപ്പടിയായി നൽകിയെന്ന ആരോപണമാണ് അതിൽ പ്രധാനം. ഇതിനെ രാഷ്ട്രീയ വേട്ടയാടൽ എന്നാണ് പിണറായി പറഞ്ഞത്. തന്റെ കൈകൾ ശുദ്ധമാണെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചത്. യുഎഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക് ലഗേജിൽ വലിയ തോതിലുള്ള സ്വർണ്ണക്കടത്ത് നടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായിരുന്നു. കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ചത് വലിയ കോളിളക്കമുണ്ടാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശബരിമലയിലെ സ്വർണപ്പാളി വിവാദം കൊടുമ്പിരി കൊണ്ടത്. ഇതിനെ ഫലപ്രദമായ രാഷ്ട്രീയ ആയുധമാക്കി പ്രയോഗിക്കാൻ യുഡിഎഫിന് സാധിച്ചു.

ഏകാധിപത്യ സ്വഭാവമാണ് പിണറായിക്കുള്ളതെന്ന വിമർശനവുമുണ്ട്. പാർട്ടിക്കുള്ളിലും സർക്കാരിനുള്ളിലുമുള്ള എതിർസ്വരങ്ങളെയെല്ലാം അടിച്ചമർത്തുന്ന രീതിയാണ് പിണറായിക്കുള്ളതെന്നാണ് ആക്ഷേപം. കൂടാതെ ചില പ്രസംഗങ്ങളിലെ വിവാദപരാമർശങ്ങളും മാധ്യമപ്രവർത്തകരോടുള്ള കടുത്ത പ്രതികരണങ്ങളും ധാർഷ്ട്യവും വലിയ വിമർശനത്തിനും പൊതുജനങ്ങളിൽ നെഗറ്റീവ് ഇമേജിനും വഴിവെച്ചിരുന്നു. തനിക്കെതിരേയുള്ള ഭൂരിഭാഗം വിവാദങ്ങളെയും രാഷ്ട്രീയ ഗൂഢാലോചനയോ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗമായിട്ടാണ് പിണറായി വിജയൻ പ്രതികരിച്ചിരുന്നത്. ഒരുവശത്ത് പിണറായി വിജയന്റെ വ്യക്തിപ്രഭാവം പ്രശംസിക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെ നേതൃശൈലി പരക്കെ വിമർശിക്കപ്പെട്ടു. കാർക്കശ്യവും കാഠിന്യവും കലർന്ന കുറിക്കുകൊള്ളുന്ന പ്രതികരണങ്ങൾ കടുത്ത വിമർശനങ്ങളിലേക്കാണ് നയിച്ചത്. ധാർഷ്ട്യത്തിന്റെ രൂപമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. മാധ്യമങ്ങളോടുള്ള കടുത്ത പ്രതികരണങ്ങളും വിമർശനങ്ങളെ നേരിടുന്ന രീതിയും അംഗീകരിക്കാനായില്ല. വിവാദപരമായ പരാമർശങ്ങൾ ആവോളമുണ്ടായി. അധികാരം കേന്ദ്രീകരിച്ചുള്ള ഭരണരീതിയെന്ന ആരോപണങ്ങളും ഉയർന്നു. പാർട്ടിക്കുള്ളിലെ എതിർസ്വരങ്ങള അടിച്ചമർത്തുന്നുവെന്ന ആക്ഷേപം വളരെ വ്യാപകമായി നിലനിൽക്കെ നിൽക്കക്കളിയില്ലാതെ അണികൾ തന്നെ മറുപടി നൽകിയെന്ന് വേണം വ്യാഖ്യാനിക്കാൻ. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടുന്നതാണ് നല്ലതെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും പറഞ്ഞത് അഹങ്കാരം തലയ്ക്ക് പിടിച്ചെന്ന വിശകലനത്തിലായിരുന്നു.  

പിണറായി വിജയന്റെ പാർലമെന്ററി രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കുമോ ഈ തിരഞ്ഞെടുപ്പ് എന്ന ചോദ്യമുയരുന്നുണ്ട്. 80 വയസ്സുകാരനായ രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കും അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്ന മറുചോദ്യവുമുണ്ട്. അതുകൊണ്ട്  പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവായിരിക്കും ഈ തിരഞ്ഞെടുപ്പ്. പ്രായവും രാഷ്ട്രീയ ഘട്ടവും കൂടി പരിഗണിക്കുമ്പോൾ, വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് തിരിച്ചുവരുന്നത് പ്രായോഗികമായബുദ്ധിമുട്ടായേക്കാം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിയാലും, പാർട്ടി മാർഗ്ഗനിർദ്ദേശകനായോ തന്ത്രജ്ഞനായോ അദ്ദേഹത്തിന്റെ പങ്ക് തുടരാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. പിണറായിസത്തിന് ശേഷമുള്ള കാലമാണ് സിപിഎമ്മിൽ. കണ്ണൂർ ലോബിയുടെ മേധാവിത്വം ഇനി അതേ പോലെ തുടരണമെന്നില്ല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!