ഭാര്യയെ കൊന്ന് കോഴിക്കോട്ടുനിന്ന് മുങ്ങി കാസർകോട്ട് മീൻ കച്ചവടക്കാരനായി; 24 വർഷത്തിനുശേഷം പിടിയിൽ
കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനു ശേഷം പിടിയിലായി. എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങൾക്കു ശേഷം കാസർകോട് ആദൂരിൽനിന്ന് പിടികൂടിയത്.
2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഹമീദിനെക്കുറിച്ച് കഴിഞ്ഞ 24 വർഷമായി ഒരു വിവരവുമില്ലായിരുന്നു.
പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാസർകോട് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന് മനസിലായത്. ഇയാൾ ആദൂരിലെ ബോവിക്കാനത്ത് മത്സ്യ വിൽപ്പനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു വെന്നും പോലീസ് പറഞ്ഞു.
