യുഎസ്-ഇറാൻ യുദ്ധം; സമുദ്രപാതകൾ മാറ്റിപ്പിടിച്ച് കപ്പൽ കമ്പനികൾ, ആഫ്രിക്ക കേന്ദ്രമാക്കി പുതിയ പാതകൾ

Share our post

ടെഹ്‌റാൻ: യുഎസ്-ഇറാൻ സംഘർഷത്തിനുപിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ കപ്പൽ കമ്പനികൾ പുതിയ സമുദ്രപാതകളെ ആശ്രയിച്ചുതുടങ്ങിയതായി റിപ്പോർട്ട്. ചരക്കുനീക്കത്തിനായി മരുഭൂമിയിലെ പുതിയ പാതകൾക്കൊപ്പം കടലിലെ പുതിയ പാതകളും പരീക്ഷിക്കുകയാണ് ലോകരാജ്യങ്ങൾ. ഇതോടെ ആഗോള കണ്ടെയ്‌നർ കപ്പൽ ഗതാഗതത്തിന്റെ ഒരു കേന്ദ്രമായി ആഫ്രിക്ക മാറിക്കൊണ്ടിരിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് കപ്പൽ ഗതാഗത മേഖലയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി നിലനിൽക്കുന്ന ഉപരോധം മൂലം, കടൽ മാർഗം ഗൾഫ് രാജ്യങ്ങളുടെ തീരങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ, ഭക്ഷ്യവസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും ട്രക്കുകൾ വഴി എത്തിക്കുന്നതിന് ബദൽ കരമാർഗങ്ങൾ കണ്ടെത്താൻ കപ്പൽ ഉടമകളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ചെങ്കടലിലെ സൗദി തുറമുഖമായ ജിദ്ദ പുതിയൊരു പ്രാദേശിക ‘ഹബ്ബ്’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ എംഎസ്സി, സിഎംഎ സിജിഎം, മെയർസ്‌ക്, കോസ്‌കോ തുടങ്ങിയ പ്രമുഖ കപ്പൽ കമ്പനികളുടെ കപ്പലുകൾ സൂയസ് കനാൽ വഴി എത്തുന്നു. അവിടെ നിന്ന് ചരക്കുകൾ മരുഭൂമിയിലൂടെയുള്ള പാത വഴി ട്രക്കുകളിൽ ഷാർജ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.

‘ഇത്രയും വലിയ ഇറക്കുമതി കൈകാര്യം ചെയ്യാൻ തക്ക വലുപ്പമുള്ളതല്ല ജിദ്ദ തുറമുഖം, അവിടെ തുറമുഖത്ത് തിരക്ക് അനുഭവപ്പെടുന്ന (port congestion) സാഹചര്യം രൂപപ്പെടുകയാണ്.’ ഫ്രൈറ്റ് ഫോർവേഡറായ ഓവർസീയുടെ സഹസ്ഥാപകൻ ആർതർ ബരിലാസ് ഡി തെ എഎഫ്പിയോട് പറഞ്ഞു. കെപ്ലർ മറൈൻ ട്രാഫിക്കിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, വ്യാഴാഴ്ച ജിദ്ദയിൽ 11 കണ്ടെയ്‌നർ കപ്പലുകൾ ഉണ്ടായിരുന്നു, ഒമ്പതെണ്ണം തീരത്തടുക്കാനുള്ള ഊഴത്തിനായി പുറംകടലിൽ കാത്തിരിക്കുന്നുമുണ്ടായിരുന്നു.

നേരത്തെ ചരക്ക് ഇറക്കാൻ 17 മണിക്കൂർ കാത്തിരിക്കേണ്ടി വന്നിരുന്നിടത്ത് ഇപ്പോൾ ശരാശരി 36 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിന് പുറത്തുള്ള മൂന്ന് തുറമുഖങ്ങൾ കൂടി ഉപയോഗിക്കുമെന്ന് കപ്പൽ ഉടമകൾ അറിയിച്ചിട്ടുണ്ട്. ഒമാനിലെ സോഹാർ (Sohar), യുഎഇയിലെ ഖോർഫക്കാൻ (Khorfakkan), ഫുജൈറ (Fujairah) എന്നിവയാണിവ.

ജോർദാനിലെ അഖബ (Aqaba) തുറമുഖം ഇറാഖിലെ ബാഗ്ദാദിലേക്കും ബസ്രയിലേക്കും ചരക്ക് അയക്കാനുള്ള താവളമായി പ്രവർത്തിക്കുന്നു, അതേസമയം തുർക്കി വഴിയുള്ള ഒരു പാത വടക്കൻ ഇറാഖിലേക്കും ചരക്ക് നീക്കം അനുവദിക്കുന്നുണ്ട്. അന്താരാഷ്ട്ര പാതകളിൽ ഏഷ്യ-യൂറോപ്പ് കണ്ടെയ്‌നർ കപ്പലുകൾ സൂയസ് കനാൽ ഒഴിവാക്കുന്നത് സാഹചര്യം ഇറാൻ യുദ്ധത്തിന് മുമ്പേ തുടങ്ങിയതാണെങ്കിലും നിലവിലെ സംഘർഷവുമായി ഇതിന് വലിയ ബന്ധമുണ്ട്.

2023 നവംബർ 19-ന് യമന്റെ തീരത്തുനിന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കണ്ടെയ്‌നർ കപ്പലിന് നേരെ നടത്തിയ ആദ്യ ആക്രമണത്തോടെയാണ് ബാബ് അൽ-മന്ദബ് കടലിടുക്ക് മുതൽ സൂയസ് കനാൽ വരെയുള്ള ചെങ്കടൽ പാത ഒഴിവാക്കി തുടങ്ങിയതെന്ന് കമ്മോഡിറ്റി പ്രസിദ്ധീകരണമായ സൈക്ലോപ്പ് (CyclOpe) വ്യക്തമാക്കുന്നു. കപ്പലുകളുടെ പാത മാറ്റുന്നത് ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുന്നു എന്ന് കെപ്ലറിലെ കണ്ടെയ്‌നർ ഇന്റലിജൻസ് മേധാവി റോണൻ ബൗഡെറ്റ് പറഞ്ഞു.

ഇവർ ആഫ്രിക്കയുടെ കിഴക്കൻ തീരം വഴി ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി വീണ്ടും വടക്കോട്ട് യൂറോപ്പിലേക്കും മെഡിറ്ററേനിയൻ ഭാഗത്തേക്കും സഞ്ചരിക്കുന്നു. ‘2023-ൽ ചെങ്കടൽ വഴി കടന്നുപോയിരുന്ന ചരക്ക് ഗതാഗതത്തിന്റെ 70 ശതമാനവും ഇന്ന് ഗുഡ് ഹോപ്പ് മുനമ്പ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്.’ പാരിസിലെ മാനേജ്മെന്റ് കൺസൾട്ടൻസിയായ എഫെസോയിലെ (Efeso) സപ്ലൈ ചെയിൻ വിദഗ്ധൻ യെവ്‌സ് ഗില്ലോ കൂട്ടിച്ചേർത്തു.

കപ്പലുകളിലെ ജിപിഎസ് സിഗ്‌നലുകളെ അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ പോർട്ട് വാച്ച് പ്ലാറ്റ്ഫോമിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടിയിലധികമായി വർദ്ധിച്ചു. അതേസമയം ബാബ് അൽ-മന്ദബ് കടലിടുക്ക് വഴിയുള്ള ഗതാഗതം പകുതിയിലധികം കുറഞ്ഞു.

ഈ വർഷം മാർച്ച് ഒന്നിനും ഏപ്രിൽ 24-നും ഇടയിൽ, പ്രതിദിനം ശരാശരി 20 വാണിജ്യ കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി സഞ്ചരിച്ചു; 2023-ലെ ഇതേ കാലയളവിൽ ഇത് ആറ് കപ്പലുകൾ മാത്രമായിരുന്നു.

ഇതിന് വിപരീതമായി, ചെങ്കടലിലെ ഗതാഗതം കുത്തനെ ഇടിഞ്ഞു; 2023 മാർച്ചിനും ഏപ്രിലിനും ഇടയിൽ ബാബ് അൽ-മന്ദബ് വഴി പ്രതിദിനം 18 കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത്, മൂന്ന് വർഷത്തിന് ശേഷം, ശരാശരി കപ്പലുകളുടെ എണ്ണം അഞ്ചായി കുറഞ്ഞു.

ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള യാത്രാ സമയം ശരാശരി രണ്ടാഴ്ചയോളം വർദ്ധിച്ചു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യാഘാതം. ചരക്ക് നീക്കത്തിന്റെ ആവൃത്തി നിലനിർത്താൻ 30 മുതൽ 50 ശതമാനം വരെ അധിക ഇന്ധനവും 10 മുതൽ 20 ശതമാനം വരെ കൂടുതൽ കപ്പലുകളും ആവശ്യമായി വരുന്നതിനാൽ ചെലവും വർദ്ധിച്ചതായി ഗില്ലോ പറഞ്ഞു.

പ്രധാന ഷിപ്പിങ് റൂട്ടുകളിൽ 40 അടി വരുന്ന ഒരു സ്റ്റാൻഡേർഡ് കണ്ടെയ്നർ കൊണ്ടുപോകുന്നതിനുള്ള ശരാശരി ചെലവ് കഴിഞ്ഞ വർഷം, ഇതേ കാലയളവിനെ അപേക്ഷിച്ച്, ഏപ്രിലിൽ 14 ശതമാനം വർദ്ധിച്ചുവെന്ന് ഡ്രൂറി ഫ്രൈറ്റ് ഇൻഡക്‌സിലെ മാറ്റങ്ങൾ ഉദ്ധരിച്ച് ഗില്ലോ കൂട്ടിച്ചേർത്തു. അതേസമയം, ചില ആഫ്രിക്കൻ തുറമുഖങ്ങളിൽ ചരക്ക് നീക്കം വർദ്ധിക്കുന്നതായി കാണപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടാഞ്ചിയർ മെഡ് പോർട്ട് അതോറിറ്റി (Tanger Med Port Authority) അറിയിച്ചത് തങ്ങൾ 1.1 കോടി സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു എന്നാണ് – അതായത് 8.4 ശതമാനത്തിന്റെ വർദ്ധനവ്. എന്നാൽ ഈജിപ്തിന് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗമായ സൂയസ് കനാലിൽ നിന്നുള്ള ടോൾ വരുമാനം നഷ്ടപ്പെട്ടു. സൈക്ലോപ്പ് (CyclOpe) പ്രകാരം, 2024-ൽ ഈജിപ്തിന് 700 കോടി ഡോളർ നഷ്ടമായി. ഇത് 2023-നെ അപേക്ഷിച്ച് 60 ശതമാനത്തിലധികം കുറവാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!