അഞ്ച് വർഷം; കേരളത്തിൽ മാലിന്യക്കുതിപ്പ്; ഹരിതകർമസേനയ്ക്ക് 38.88 കോടി, ക്ലീൻകേരള കമ്പനിവരുമാനം 66.39 കോടി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ മാലിന്യശേഖരണത്തിൽ വൻകുതിപ്പ്. ക്ലീൻകേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 2021-22ലെ 21,839 ടണ്ണിൽനിന്ന് 73,403 ടണ്ണായി ഉയർന്നു. മൊത്തം ശേഖരണത്തിൽ 3.36 മടങ്ങ് വർധന. സംസ്ഥാനത്ത് മാലിന്യത്തിന്റെ ഉത്പാദനത്തോത് ഉയരുന്നുവെന്നാണിത് കാണിക്കുന്നത്.
പുനരുപയോഗിക്കാവുന്ന മാലിന്യം അഞ്ചുവർഷംമുൻപ് 5,587 ടണ്ണായിരുന്നത് ഇപ്പോൾ 37,853 ടണ്ണായി. 577 ശതമാനം കൂടി. 2021-ൽ ആകെ ശേഖരിച്ചിരുന്ന മാലിന്യത്തിന്റെ 25.6 ശതമാനംമാത്രമാണ് തരംതിരിച്ചിരുന്നതെങ്കിൽ ഇപ്പോഴിത് 51.6 ശതമാനമായി ഉയർന്നു.
മാലിന്യംവഴി കമ്പനിയുടെ വരുമാനം 7.37 കോടി (2021-22) രൂപയിൽനിന്ന് 66.39 കോടിയായി. ഏകദേശം ഒൻപത് മടങ്ങ് വർധന. മാലിന്യശേഖരണസ്ഥലത്തിന്റെ വിസ്തൃതി 87,300-ൽനിന്ന് 2,81,260 ചതുരശ്രയടിയായി കൂട്ടേണ്ടിവന്നു. ഹരിതകർമസേനയ്ക്ക് ഇക്കാലയളവിൽ 38.88 കോടിരൂപയാണ് പ്രതിഫലം നൽകിയത്.
മറ്റുകണക്കുകൾ (അളവ് ടണ്ണിൽ)
ഇ-മാലിന്യം: 232.5 ൽനിന്ന്-595.7.
ചില്ല്: 213-ൽനിന്ന് 2389.
തുണി: 327-ൽനിന്ന് 886.
റോഡിന് പ്ലാസ്റ്റിക് 3625.159 ടൺ
സംസ്കരിച്ച മാലിന്യത്തെക്കാൾ 8.97 ശതമാനം കൂടുതൽ മാലിന്യം പുനഃചംക്രമണം ചെയ്തു. പുനഃചംക്രമണം സാധ്യമല്ലാത്ത മാലിന്യം സംസ്കരിക്കാൻ രണ്ടു ആർ.ഡി.എഫ്. പ്ലാന്റുകളുമായും മൂന്നു സിമെന്റ് കമ്പനികളുമായും ഒൻപത് സിമന്റ് പ്ലാന്റുകളുമായും കരാറുണ്ട്. 3625.159 ടൺ ഷ്രഡ്ഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് 5926 കിലോമീറ്റർ റോഡ് നിർമിച്ചു.
സാനിറ്ററി മാലിന്യത്തിന് നാലു പ്ലാന്റുവരും
സാനിറ്ററി മാലിന്യം സംസ്കരിക്കാൻ എറണാകുളം ബ്രഹ്മപുരം, പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്ക്, കണ്ണൂർ എന്നിവിടങ്ങളിൽ ഇൻസിനറേഷൻ പ്ലാന്റുകൾ ഓഗസ്റ്റിൽ പ്രവർത്തനംതുടങ്ങും. കൊല്ലം ക്ലസ്റ്ററിനുകീഴിൽ പ്ലാന്റിന് നടപടി പുരോഗമിക്കുന്നു.
മലപ്പുറം കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ 14.6 ഏക്കറിൽ പ്രതിദിനം 100 ടൺ സംസ്കരണശേഷിയുള്ള ഇലക്ട്രോണിക് മാലിന്യ റീസൈക്ലിങ് പ്ലാന്റിനും സ്വകാര്യ ഏജൻസിയുമായി കരാറായി.
ഹരിതകർമസേനയ്ക്ക് സാമ്പത്തിക പിന്തുണ
പാഴ്വസ്തു സംസ്കരണത്തിന് ശാസ്ത്രീയസംവിധാനങ്ങൾ സംസ്ഥാനത്തിനകത്തുണ്ടാക്കി. പുറത്തുള്ള സിമന്റ് ഫാക്ടറിയുമായി ചേർന്ന് റിജക്ടഡ് മാലിന്യം ഒഴിവാക്കി. ഹരിതകർമസേനയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം മാലിന്യസംസ്കരണമേഖലയെ വ്യാവസായിക മാതൃകയാക്കാനും കഴിഞ്ഞു – ജി.കെ. സുരേഷ്കുമാർ, മാനേജിങ് ഡയറക്ടർ, ക്ലീൻകേരള കമ്പനി.
