അനധികൃത മീൻപിടിത്തം; പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി

Share our post

ചാവക്കാട്: അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും കഴിഞ്ഞ സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പിന് ലഭിച്ചത് 4.22 കോടി രൂപ. 3.55 കോടി പിഴയിനത്തിലും 67.56 ലക്ഷം രൂപ മീൻലേലത്തിലും. കടൽതീരമുള്ള സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ തൃശ്ശൂരിൽനിന്നാണ് കൂടുതൽ തുക ലഭിച്ചത്.

പിഴയിനത്തിൽ 89.65 ലക്ഷവും മീൻലേലത്തിലെ 28.21 ലക്ഷവും ചേർത്ത് 1.17 കോടി രൂപ. എറണാകുളമാണ് രണ്ടാമത്. 1.04 കോടി രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്. 70.89 ലക്ഷം രൂപ കിട്ടിയ കോഴിക്കോടാണ് മൂന്നാമത്. കടൽ മത്സ്യമേഖലയിൽ ഏറ്റവും കൂടുതൽ നിയമലംഘന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട്ടാണ്.

106 നിയമലംഘനങ്ങൾ. 96 നിയമലംഘനങ്ങളുമായി കണ്ണൂരാണ് രണ്ടാമത്. 82 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ആലപ്പുഴയാണ് മൂന്നാമത്. പിഴത്തുകയിലും മീൻലേലത്തിലും ഏറ്റവും കൂടുതൽ തുക ലഭിച്ച തൃശ്ശൂർ ജില്ല 80 നിയമലംഘന കേസുകളുമായി നാലാം സ്ഥാനത്താണ്.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യു സംഘം മീൻപിടിത്തത്തിനിടെയുള്ള അപകടങ്ങളിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചതും തൃശ്ശൂരിലാണ്. 1260 മത്സ്യത്തൊഴിലാളികളെയാണ് തൃശ്ശൂരിൽ രക്ഷിച്ചത്.

സംസ്ഥാനത്ത് ആകെ 5515 മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിച്ചത്. അനധികൃത മീൻപിടിത്തം കണ്ടെത്തിയാൽ യാനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണ് പതിവ്. ഇവയിൽ മീനുണ്ടെങ്കിൽ അവ ലേലം ചെയ്യും.

ഉദ്യോഗസ്ഥരുടെ ജാഗ്രതയ്ക്ക് തെളിവ്

‘ഫിഷറീസ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിച്ചതുകൊണ്ടാണ് മത്സ്യമേഖലയിലെ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്താനും ഇതിലൂടെ സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന തുക തൃശ്ശൂരിൽനിന്ന് ലഭിക്കാനും ഇടയായത്.’

‘പിഴയീടാക്കിയതിൽ മാത്രമല്ല ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ അപകടത്തിൽനിന്ന് രക്ഷിച്ചതും തൃശ്ശൂരിലാണെന്നതും ശ്രദ്ധേയമാണ്.’ – സി. സീമ (തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ) 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!