ഭീഷണികളുണ്ടാകും, ‘മുദ്ര’ ശ്രദ്ധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് വാട്സാപ് സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്

Share our post

ന്യൂഡൽഹി : തട്ടിപ്പു നടത്താൻ സാധ്യതയുള്ള അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രത്തിൽ മിക്കവാറും സർക്കാർ മുദ്രകളോ പൊലീസിന്റെയും മറ്റും മെഡലുകളോ അധികാരമുദ്രകളോ ആയിരിക്കും. പേര് അന്വേഷണ ഏജൻസികളുടെയോ മറ്റോ ആയിരിക്കും. 24 മണിക്കൂർ എമർജൻസി അതോറിറ്റി എന്നായിരിക്കും വാട്സാപ്പിലെ എബൗട്ട് സെക്‌ഷനിലുണ്ടാകുക. വാട്സാപ്പിൽ ബന്ധപ്പെടുന്നതിനു മുൻപ് ആദ്യം ടെക്സ്റ്റ് സന്ദേശവുമായി ബന്ധപ്പെടും. പിന്നീട് ഫോൺ കോൾ വഴി സമ്മർദം ചെലുത്തും. നിയന്ത്രണ സ്വഭാവത്തോടെയുള്ള ഭാഷയാണ് അടുത്തത്. ‘ഡു നോട്ട് എൻഡ് ദ് കോൾ’ ‘സ്റ്റേ കണക്ടഡ് അൺടിൽ ക്ലിയറൻസ് ഈസ് ഗ്രാന്റഡ്’ തുടങ്ങിയ നിർദേശം പൊതുരീതിയാണ്. ഉടൻ അറസ്റ്റുണ്ടാകും, കേസെടുക്കും തുടങ്ങിയ ഭീഷണികളെയും കരുതിയിരിക്കണം. 

ബാങ്കിനെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടരുതെന്ന ഭീഷണിയും ഇത്തരം തട്ടിപ്പു കോളുകളുടെ രീതിയാണ്. സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കും. ഉദാഹരണത്തിന്, യുപിഐ വെരിഫിക്കേഷൻ ആവശ്യപ്പെടാം, പണം മടക്കി നൽകുമെന്നു വെറുതേ പറയും. പാൻ, ആധാർ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയും ശേഖരിക്കും. പിടിക്കപ്പെടാതിരിക്കാൻ ഒരുപാട് അക്കൗണ്ടുകൾ ഒരേസമയം ഉപയോഗിക്കും. ഒരു അക്കൗണ്ട് ബ്ലോക്ക് ആയാലും തട്ടിപ്പിന്റെ ഭാഗമായ മറ്റുള്ളവർ ഇതുമായി മുന്നോട്ടുപോകുന്നുണ്ടാകും. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടിലെ അതേ സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം ഇതിലുമുണ്ടാകും. പ്രാദേശിക സ്വഭാവം കൊണ്ടുവരാൻ അടുത്തുള്ള പൊലീസ് സ്റ്റേഷൻ, സ്ഥലനാമം തുടങ്ങിയവയും ഉൾപ്പെടുത്തും.

പൊതുവേ ഇത്തരം തട്ടിപ്പുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് തെക്കുകിഴക്കൻ ഏഷ്യയിലാണ്; പ്രധാനമായും കംബോഡിയയിൽ. ഡൽഹി പൊലീസ്, സിബിഐ, മുംബൈ ഹെഡ് ക്വാർട്ടേഴ്സ്, എടിഎസ് ഡിപ്പാർട്‌മെന്റ് എന്നിങ്ങനെ ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന പേരുകളിലാകും അക്കൗണ്ടുകൾ. പുതുതായി തുടങ്ങിയ വാട്സാപ് അക്കൗണ്ടുകളിൽനിന്നാണ് പൊതുവേ തട്ടിപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!