യുവാവിനെ മർദിച്ച് ആയുധംകൊണ്ട് ചാപ്പ കുത്തിയതായി പരാതി
കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ യുവാവിനെ മർദിക്കുകയും ഇരുകൈകളിലും കഴുത്തിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ചാപ്പ കുത്തിയതായും പരാതി. മാങ്ങാട്ടിടം കുറുമ്പുക്കൽ സ്വദേശി സി. അക്ഷയ് ( 22 )ക്കാണ് മർദനമേറ്റത്. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഈരാച്ചി മുത്തപ്പൻ മടപ്പുരയുടെ കാഴ്ച വരവിനോടനുബന്ധിച്ച് സുഹൃത്തിന്റെ വീട്ടിൽനിന്നും പുറപ്പെട്ട കലശത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു അക്ഷയ്.
മർദനത്തിന് പിന്നിൽ തൊക്കിലങ്ങാടിയിലെ ആർഎസ്എസ് പ്രവർത്തകരാണെന്ന് കുടുംബം പത്ര സമ്മേളനത്തിൽ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെ കലശം വരവിൽ പങ്കെടുത്തുകൊണ്ട് പാലാ പറമ്പിൽ നിന്നും കുന്നിറങ്ങി മടപ്പുരയിലേക്ക് പോകുന്നതിനിടെ തൊക്കിലങ്ങാടിയിലെ ആറംഗ ബിജെപി -ആർഎസ്എസ് സംഘം തടഞ്ഞു നിർത്തുകയും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിനും മെയിൻ ഗേറ്റിനും സമീപത്തുനിന്ന് മർദിക്കുകയായിരുന്നു. തുടർന്ന് മാരകായുധങ്ങൾകൊണ്ട് ഇരുകൈകളിലും കഴുത്തിലും ചാപ്പ കുത്തുകയും കഴുത്തിന് ചവിട്ടുകയും ചെയ്തതായാണ് പരാതി.
അക്ഷയുടെ കൂടെയുണ്ടായിരുന്ന കോട്ടയംപൊയിൽ സ്വദേശിയായ പത്താംതരം വിദ്യാർഥിക്കും മർദനമേറ്റിരുന്നു. ഉടൻതന്നെ രണ്ടുപേരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തൊക്കിലങ്ങാടിയിലെ ഒരു സംഘം ആർഎസ്എസുകാർ രാത്രികാലങ്ങളിൽ പലരേയും ആക്രമിക്കുന്നതായും കുടുംബാംഗം പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പോലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ സി. അക്ഷയ്, അമ്മാവൻ സി. സുധീഷ് എന്നിവർ പങ്കെടുത്തു.
അതേസമയം, സംഭവത്തിൽ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു. തൊക്കിലങ്ങാടി സ്വദേശികളായ അരുൺ ബാബു, റോഷൻ, സഞ്ജീവൻ, ദീപേഷ്, ഋഷിൽ, മണിഎന്നിവർക്കെതിരേയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.
