ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത മണ്ണ് ഖനനമെന്ന് വിജിലൻസ് കണ്ടെത്തൽ
കണ്ണൂർ: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജില്ലയിൽ വ്യാപകമായ തോതിൽ അനധികൃത മണ്ണ് ഖനനം നടത്തിയതായി വിജിലൻസ് കണ്ടെത്തി. ഖനനത്തിന് ഒത്താശ ചെയ്തവർ മണ്ണ് മാഫിയകളിൽ നിന്ന് പാരിതോഷികം ഉൾപ്പടെയുള്ളവ സ്വീകരിച്ചതായും വിജിലൻസ് അന്വേഷണണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇരിട്ടി നഗരസഭ, കുറുമാത്തൂർ, ചെങ്ങളായി പഞ്ചായത്ത് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കുന്നുകൾ ഇടിച്ചുനിരത്തിയ മണ്ണ് ദേശീയപാത നിർമാണത്തിനുൾപ്പടെയാണ് ഉപയോഗിച്ചത്.
ഇരിട്ടി അത്തിത്തട്ടിലെ ഒരാളുടെ സ്ഥലത്തെ മണ്ണ് ഖനനത്തിന് പെർമിറ്റ് നൽകുന്നതിന് നഗരസഭയിലെ സീനിയർ ക്ലർക്ക് 5000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി സ്വീകരിച്ചതായി വിജിലൻസ് കണ്ടെത്തി. ജീവനക്കാരന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പെർമിറ്റ് അനുവദിച്ച ദിവസം ഷംസുദ്ദീൻ എന്നയാളിൽ നിന്നാണ് ഡിജിറ്റൽ ഇടപാട് വഴി കൈക്കൂലി വാങ്ങിയത്.
ഇരിട്ടി മയിലാടുംപാറയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് അനധികൃതമായി മണ്ണ് കടത്താൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം, ടിപ്പർ എന്നിവ പിടികൂടി. വില്ലേജ് ഓഫീസർ പിഴ ചുമത്തി പോലീസിന് കൈമാറി. ചാവശേരി വില്ലേജിലെ വളോരയിൽ മൂന്നിടങ്ങളിൽ നിന്ന് അനധികൃതമായി ഖനനം നടത്തിയത് കണ്ടെത്തി വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. വില്ലേജ് ഓഫീസർ തുടർ നടപടികൾ സ്വീകരിക്കും. അനധികൃതമായി ചെങ്കൽ കടത്തുകയായിരുന്ന രണ്ട് മിനിലോറികളും പിടികൂടി. ഇവ കീഴൂർ വില്ലേജ് ഓഫീസർക്ക് കൈമാറി.
കുറുമാത്തൂർ പഞ്ചായത്തിൽ മൂന്നര ഏക്കർ സ്ഥലത്ത് നിർമിക്കുന്ന പ്രോജക്ടിനായി എടുത്ത സ്ഥലത്ത് മണ്ണ് ഖനനത്തിന് പാസ് എടുത്തെങ്കിലും മണ്ണ് നീക്കം ചെയ്യുകയോ കെട്ടിടം പണി തുടങ്ങുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. പനക്കാട്, കരിമ്പം ആനപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പെർമിറ്റുകൾക്ക് വിരുദ്ധമായി മണ്ണ് കടത്തിയതായു കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച റിപ്പോർട്ട് വില്ലേജ് ഓഫീസർക്ക് സമർപ്പിച്ചതിനെ തുടർന്ന് 35 ലക്ഷം രൂപ പിഴ ചുമത്തി. ചെങ്ങളായി പഞ്ചായത്തിൽ വളക്കൈ, ചുഴലി, പരിപ്പായി എന്നിവിടങ്ങളിലായി അഞ്ചിടങ്ങളിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ് കാലാവധി പിന്നിട്ടിട്ടും ഒരു സ്ഥലത്തു മാത്രമാണ് കെട്ടിടം പണി തുടങ്ങിയതായി കണ്ടെത്തിയത്. ഇതിലും വില്ലേജ് ഓഫീസർ തുടർ നടപടികൾ സ്വീകരിക്കും.
പരിശോധനക്ക് വിജിലൻസ് ഇൻസ്പെക്ടർമാരായ പി. സുനിൽകുമാർ, പി.എ. ബിനു മോഹൻ, എസ്ഐമാരായ ഇ.കെ. രാധാകൃഷ്ണൻ, കെ. രാജേഷ്, ആർ. പ്രവീൺ, എഎസ്ഐമാരായ ഇ.കെ. രാജേഷ്, ശ്രീജിത്ത്, സജിത്ത്, സീനിയർ സിപിഒ മാരായ കെ. സജിത്ത്, മുകേഷ് എന്നിവരും റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
