ചെങ്കൽ വിലവർധന പിൻവലിക്കണം: ലെൻസ്ഫെഡ്
തളിപ്പറമ്പ്: ചെങ്കല്ലിന് കല്ല് ഒന്നിന് എട്ടുരൂപയോളം വില വർധിപ്പിക്കുവാൻ തീരുമാനിച്ച ചെങ്കൽ വ്യവസായ അസോസിയേഷന്റെ തീരുമാനം പിൻവലിക്കണമെന്ന് ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ചെങ്കൽ ഉൾപ്പെടെ കെട്ടിട നിർമാണ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും ചർച്ചയ്ക്കുപോലും വിളിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.
വില വർധനവ് കൂടാതെ നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, തൊഴിലാളികളുടെ ക്ഷാമം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ ചേർന്ന് ഈ മേഖലയെ സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധന വിലയും ഗ്യാസ് ലഭ്യതയും പ്രതികൂലമായി ബാധിച്ചതോടെ നിർമാണ വസ്തുക്കളുടെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്റ്റീലിന് കിലോഗ്രാമിന് 10 മുതൽ 15 രൂപ വരെയും സിമന്റിന് 15 മുതൽ 30 രൂപ വരെയും ടൈൽ സാനിറ്ററി ഉത്പന്നങ്ങൾക്ക് 15 മുതൽ 50 ശതമാനം വരെയും വില വർധിക്കുകയും നിരവധി കമ്പനികൾ പ്രവർത്തനം നിർത്തുകയും ചെയ്തിരിക്കുകയാണ്.
ഇലക്ട്രിക് സാമഗ്രഹികൾക്കും 10 മുതൽ 40 ശതമാനം വരെ വില വർധിച്ചു. യുദ്ധ സാഹചര്യത്തെ മറയാക്കി കൃത്രിമമായി വില വർധിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഒരു സാധാരണ വീട് നിർമിക്കുന്നതിന് സ്ക്വയർഫീറ്റിന് 2400 മുതൽ 3000 രൂപ വരെ ചെലവാകുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. സാധാരണ ജനങ്ങൾക്ക് വീട് നിർമാണം ദുഷ്കരം ആയിരിക്കുകയാണ്. ചെറിയ കോൺട്രാക്ടർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കൂടാതെ, ഇവിടെ ഉത്പാദിപ്പിക്കുന്ന ചെങ്കല്ല് വലിയ തുക വാങ്ങി മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതുവഴി ഇവിടെയുള്ളവർക്ക് കല്ല് കിട്ടാതെ വരികയും കല്ലിന് കൃത്രിമ ക്ഷാമം ഉണ്ടാക്കി വലിയ വില നൽകേണ്ടതായും വരുന്നു.
ഇത്തരം നടപടികൾക്കെതിരെ വിവിധ സംഘടനകളുമായി ചേർന്ന് സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് എ.സി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സുബ്രഹ്മണ്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. പ്രസീജ്കുമാർ, ജില്ലാ ട്രഷറർ പോള ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
