ചൂട് കടുക്കുന്നു;ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി പ്രധാന ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സൂര്യാഘാതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന മുന്നറിയിപ്പ് നൽകി. അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം, ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും വൻ വർദ്ധന രേഖപ്പെടുത്തി. ഇന്നലെ മാത്രം 11.34 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകതയിലും വൻ വർദ്ധനയുണ്ട്. പീക്ക് സമയത്തെ ഉപയോഗം 5947 മെഗാവാട്ടായി ഉയർന്നു. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നതിനാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
