ഇന്ത്യയുടെ ആദ്യ ട്രെയിൻ യാത്രയ്ക്ക് 173 വയസ്; സുൽത്താനും സിന്ധും സാഹിബും ഇന്നും വിസ്മയം

Share our post

മുംബൈ: രാജ്യം അതിവേഗ ട്രെയിനുകളിലേക്ക് കുതിക്കുമ്പോൾ, ഇന്ത്യയുടെ ആദ്യ ട്രെയിൻ യാത്രയ്ക്ക് 173 വയസ്സ് തികയുന്നു. 1853 ഏപ്രിൽ 16ന് മുംബൈയിലെ ബോറി ബന്ദറിൽ നിന്ന് താനേയിലേക്ക് പുകതുപ്പി പാഞ്ഞ ആ ആദ്യ യാത്രാ വണ്ടി ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. അക്കാലത്ത്, ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ (GIPR) ആയിരുന്നു ഇത് പ്രവർത്തിപ്പിച്ചിരുന്നത്. 1900 ൽ, ജിഐപിആർ ഇന്ത്യൻ മിഡ്‌ലാൻഡ് റെയിൽവേ കമ്പനിയുമായി ലയിപ്പിച്ചു.

ബോംബെ സര്‍ക്കാറില്‍ ചീഫ് എന്‍ജിനീയറായിരുന്ന ജോര്‍ജ് ക്ലാര്‍ക്കിന്റെ മനസ്സില്‍ തോന്നിയ ആശയമാണ് ആദ്യ വണ്ടിയുടെ തുടക്കത്തിലേക്ക് നയിച്ചത്. ബോറി ബന്ദർ സ്റ്റേഷനിൽ (ഇന്നത്തെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്) നിന്ന് 1853 ഏപ്രിൽ 16ന് വൈകുന്നേരം 3:30നാണ് ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ബോറി ബന്ദറിൽ ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി അന്ന് ബോംബെയിൽ പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.

പതിനാല് ബോഗികളിലായി ഏകദേശം 400 യാത്രക്കാരുമായാണ് ആദ്യ തീവണ്ടി പുറപ്പെട്ടത്. സുൽത്താൻ, സിന്ധ്, സാഹിബ് എന്നീ മൂന്ന് എഞ്ചിനുകളാണ് ട്രെയിൻ വലിച്ചത്. 21 ​ഗൺ സല്യൂട്ടുകളോടെ യാത്ര ആരംഭിച്ച തീവണ്ടി, ഏകദേശം 34 കിലോമീറ്റർ ദൂരം 57 മിനിറ്റ് കൊണ്ട് പൂർത്തിയാക്കി താനയിലെത്തി.

ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടിഗതാഗതം ആരംഭിച്ചു. 1854 ആഗസ്ത് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു.

കേരളത്തില്‍ തിരൂര്‍ – ബേപ്പൂര്‍ പാതയിലൂടെയാണ് ആദ്യമായി തീവണ്ടി ഓടിയത്. 1861 മാര്‍ച്ച് 12നാണ് ഈ പാതയിലൂടെ ഓട്ടം ആരംഭിച്ചത്. ഇന്ന് ബേപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്ല. ആദ്യത്തെ റെയിൽ പാതയിൽ ഓടിക്കാൻ എഞ്ചിനും കോച്ചുകളും ബേപ്പൂർ തുറമുഖത്ത് കടൽ വഴിയാണ് എത്തിച്ചത്. 1925 ഫെബ്രുവരി 3നാണ് ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിത്തുടങ്ങുന്നത്. 2025ലെ കണക്കുകൾ പ്രകാരം ഏകദേശം 99 ശതമാനം പാതകളും വൈദ്യുതികരിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

വിവിധ യാത്രാവണ്ടികള്‍

പാസഞ്ചര്‍: എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന വണ്ടികളാണിവ. വേഗം കുറവായിരിക്കും. ടിക്കറ്റ് നിരക്കും കുറവാണ്.

സൂപ്പര്‍ഫാസ്റ്റും എക്‌സ്പ്രസും: സാധാരണ നമ്മുടെ നാട്ടിലോടുന്ന വണ്ടികളാണ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുകളും എക്‌സ്പ്രസുകളും. സൂപ്പര്‍ഫാസ്റ്റിന് അല്‍പം വേഗത കൂടും. സ്റ്റോപ്പുകളും കുറവാകും. നിരക്ക് താരതമ്യേന കൂടുതലായിരിക്കും.

മെയില്‍: നേരത്തെ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകാനായി പ്രത്യേക കോച്ചുകളുമായി ഓടിയിരുന്ന വണ്ടികളായിരുന്നു ഇവ. ഇന്ന് മിക്ക മെയിൽ ട്രെയിനുകളിലും ആർ.എം.എസ് (RMS) കോച്ചുകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പേര് ഇപ്പോഴും നിലനിൽക്കുന്നു.

സബര്‍ബന്‍: ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള വന്‍ നഗരങ്ങളിലോടുന്ന വണ്ടികളാണ് സബര്‍ബന്‍ ട്രെയിനുകള്‍. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തുന്ന ഇവയില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നത് സബര്‍ബന്‍ വണ്ടികളാണ്.

മെമുവും ഡെമുവും: മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു), ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) എന്നിവ സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളിലാണ് ഓടുക. എല്ലാ സ്‌റ്റേഷനുകളിലും ഇവ നിര്‍ത്തും.ഇവയ്ക്ക് രണ്ട് വശത്തും ഡ്രൈവർ ക്യാബിനുകൾ ഉള്ളതിനാൽ സ്റ്റേഷനുകളിൽ എത്തുമ്പോൾ എഞ്ചിൻ മാറ്റി ഘടിപ്പിക്കേണ്ട ആവശ്യമില്ല. ഇത് സമയം ലാഭിക്കാൻ സഹായിക്കുന്നു.

ഇന്റര്‍സിറ്റി: പകൽസമയത്ത് രണ്ട് പ്രധാന നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് ഇന്റർസിറ്റി എക്സ്പ്രസ്. കുറഞ്ഞ സ്റ്റോപ്പുകളാണു ഇവയ്ക്കുണ്ടാവുക.

രാജ്യറാണി: വിവിധ സംസ്ഥാന തലസ്ഥാനങ്ങളെ ആ സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് രാജ്യറാണി എക്സ്പ്രസ്. കേരളത്തിൽ നിലവിൽ ഒരു രാജ്യറാണി എക്സ്പ്രസ് ആണ് സർവീസ് നടത്തുന്നത്.

തുരന്തോ: രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന തുരന്തോ എക്‌സപ്രസ് അതിവേഗ വണ്ടിയാണ്. ബംഗാളി ഭാഷയിൽ ‘തുരന്തോ’ എന്നാൽ ‘വേഗതയേറിയത്’ എന്നാണ് അർത്ഥം.

ജനശതാബ്ദി: ന്യൂഡല്‍ഹിയ്ക്കും ഝാന്‍സിക്കുമിടയിലായിരുന്നു ആദ്യ ശതാബ്ദി എക്‌സ്പ്രസ് ഓടി തുടങ്ങിയത്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശതാബ്ദി എക്‌സ്പ്രസ് പകല്‍സമയത്താണ് കൂടുതലും ഓടുന്നത്.

രാജധാനി: ന്യൂഡൽഹിയെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളുമായും പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിൻ സർവീസാണ് രാജധാനി എക്സ്പ്രസ്. 1969-ൽ ആദ്യ സർവീസ് ആരംഭിച്ച ഈ ട്രെയിൻ വേഗതയ്ക്കും ആഡംബര സൗകര്യങ്ങൾക്കും പേരുകേട്ടതാണ്.

വന്ദേഭാരത്: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ആധുനികവും വേഗമേറിയതുമായ ട്രെയിൻ സർവീസാണ് വന്ദേ ഭാരത് എക്സ്പ്രസ്. ‘ട്രെയിൻ 18’ എന്നറിയപ്പെട്ടിരുന്ന ഈ ട്രെയിൻ പൂർണ്ണമായും ഇന്ത്യയിൽ (ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ) നിർമ്മിച്ചതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!