കുട്ടി മോഷ്ടാവ് വലിച്ചെറിഞ്ഞത് യഥാർഥ സ്വർണമാല; നാലു ദിവസം പറമ്പിൽ കിടന്നു: നിർണായകമായത് സിസിടിവി

Share our post

കോഴിക്കോട്: യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചോടിയ മോഷ്ടാവ് ഇടവഴിയിലെത്തി മാല പരിശോധിച്ച് സ്വർണമല്ലെന്നു കരുതി വലിച്ചെറിഞ്ഞു. യുവതിയുടെ പരാതിയിൽ നടക്കാവ് എസ്ഐ എൻ.ലീല അന്വേഷണം നടത്തി മാല കണ്ടെത്തി. യഥാർഥ സ്വർണം തന്നെയായിരുന്നു അത്. സ്വർണമാല കവർന്ന കുട്ടിക്കള്ളനെ പിടികൂടുകയും ചെയ്തു. വലിച്ചെറിഞ്ഞ സ്വർണമാല നാല്  ദിവസത്തിനു ശേഷം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് കണ്ടെടുത്തത്. കുട്ടിമോഷ്ടാവിനെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി.

കഴിഞ്ഞ 10ന് ഉച്ചയ്ക്ക് 2.40ന് മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് സംഭവം. മലാപ്പറമ്പ് സ്വദേശിയായ യുവതി സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്നു. രാമാനന്ദ ആശ്രമത്തിന്റെ ഇടവഴിയിലെ ഓവുചാലിനു സമീപം എത്തിയപ്പോൾ എതിരെ വന്ന ആൾ മാല തട്ടിയെടുത്തു ഓടുകയായിരുന്നു. അതിനിടെ യുവതി നിലത്തു വീണു. സഹൃത്തു മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകി.

പ്രാഥമിക അന്വേഷണത്തിൽ മോഷ്ടാവ് സ്ഥിരം കുറ്റവാളിയല്ലെന്നു പൊലീസിനു വ്യക്തമായി. 3 ദിവസം പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു നിന്നു 200 മീറ്റർ അകലെയുള്ള സിസിടിവിയിൽ ഒരാൾ ഓടുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് പൊലീസ് റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രദേശത്തെ വാട്സാപ് ഗ്രൂപ്പും അന്വേഷണത്തിന് ഉപയോഗിച്ചു. തുടർന്ന് പ്രതിയെ കുറിച്ചു വിവരം ലഭിച്ചു. പ്രതി പതിനേഴുകാരനാണെന്നു വ്യക്തമായതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു മൊഴിയെടുത്തു.

സ്വർണമല്ലെന്നു കരുതി മാല വലിച്ചറിഞ്ഞതാണെന്ന് പ്രതി മൊഴി നൽകി. തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ആദ്യം ഓടയ്ക്കു സമീപത്തു നിന്നു സ്വർണത്താലി കിട്ടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്വകാര്യ വ്യക്തിയുടെ ഗേറ്റിനു സമീപത്തെ റോഡിനോടു ചേർന്ന പറമ്പിൽ നിന്ന് 5 പവന്റെ സ്വർണമാല കണ്ടെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. സ്വർണമാല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(4)യിൽ ഹാജരാക്കി. അന്വേഷണത്തിൽ എസ്ഐ കിരൺ, സിപിഒ പി.കെ.രാഹുൽ, പൊലീസുകാരായ പി.അഭിലാഷ്, കെ.സന്ദീപ്, രജീഷ്, ശോഭിക് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!