ഇറാനെതിരെ പൂർണ്ണ നാവിക ഉപരോധവുമായി അമേരിക്ക
തെഹ്‌റാൻ: സമാധാന ചർച്ചകൾ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് അമേരിക്കയുടെ പ്രകോപനപരമായ നീക്കങ്ങൾ. ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് അമേരിക്ക സമ്പൂർണ്ണ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിൽ സംഘർഷം മൂർച്ഛിച്ചു.
ഹോർമുസ് വഴി ഒരു കപ്പലുകളെയും കടത്തിവിടില്ലെന്ന വാശിയിലാണ് വൈറ്റ് ഹൗസ്. ഉപരോധത്തിന് പുറമെ ഇറാനെതിരെ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും അമേരിക്കൻ സൈന്യം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനെ ലക്ഷ്യം വെച്ച് അത്യാധുനിക സജ്ജീകരണങ്ങളോടുള്ള 15 യുദ്ധക്കപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.
വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കനൊപ്പം യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് മിലിയസ് തുടങ്ങി 11 ഡിസ്ട്രോയർ കപ്പലുകളും മേഖലയിൽ നിലയുറപ്പിച്ചു കഴിഞ്ഞു. യുഎസ്എസ് ട്രിപ്പോളി ഉൾപ്പെടുന്ന ആംഫിബിയസ് റെഡി ഗ്രൂപ്പും വിന്യാസത്തിന്റെ ഭാഗമാണ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അമേരിക്ക തടസ്സപ്പെടുത്തിയതോടെ ആഗോള എണ്ണ വിപണിയും കടുത്ത ആശങ്കയിലാണ്. അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. യുദ്ധത്തിലേക്ക് നീങ്ങിയാൽ ഗൾഫിലെയും ഒമാനിലെയും അമേരിക്കൻ സഖ്യരാജ്യങ്ങളുടെ തുറമുഖങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് ഇറാന്റെ മാത്രം സ്വത്തല്ലെന്ന നിലപാടുമായി യുഎഇ രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎഇ പ്രസിഡന്റ് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അമേരിക്കയുടെ ഉപരോധ നീക്കം മേഖലയിലെ വ്യാപാര ബന്ധങ്ങളെയും സമാധാന അന്തരീക്ഷത്തെയും പൂർണ്ണമായും തകർക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
