നൂറ്റി നാലാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യ സമര സേനാനി ബേക്കർ സാഹിബ്
കായംകുളം : സ്വാതന്ത്ര്യ സമരത്തിന്റെ കനൽ വഴികൾ താണ്ടിയ തീഷ്ണ അനുഭവങ്ങൾ നൽകിയ ആത്മ സംതൃപ്തിയിൽ നൂറ്റി നാലാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യ സമര സേനാനി കെ. ബേക്കർ സാഹിബ്.
കായംകുളം പെരിങ്ങാല പടിപ്പുരക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (104 )ആണ് കായംകുളം നിയോജക മണ്ഡലത്തിലെ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലെ 106 നമ്പർ ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.
1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938 ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സാഹിബ് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുന്നത്.1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവമാകുകയും 1945 ലും 1947 ലും അറസ്റ്റിലാകുകയും രണ്ട് തവണയായി പന്ത്രണ്ട് മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യ സമരത്തെ എതിർത്തവർ പിന്നീട് നേതാക്കളായപ്പോൾ ബേക്കർ സാഹിബ് കോൺഗ്രസ് വിട്ട് ഇടതുപാളത്തിലെത്തി. പി. കേശവദേവിനോടുള്ള അടുപ്പമാണ് ഇടതുപക്ഷക്കാരനാക്കിയത്.
1948 ൽ മധ്യതിരുവിതാം കൂറിൽ രൂപം കൊണ്ട ആദ്യ പാർട്ടി സെല്ലിലെ നാലംഗങ്ങളിൽ ഒരാളായിരുന്നു ബേക്കർ. നിരോധന കാലത്ത് പാർട്ടി നേതാക്കന്മാർക്ക് ഒളിത്താവളം ഒരുക്കാൻ മുന്നിൽ നിന്നിരുന്നു. പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കര നാരായണൻ തമ്പി, കേശവൻ പോറ്റി, കാമ്പിശേരി കരുണാകരൻ എന്നിവരായിരുന്നു സഹപ്രവർത്തകർ.
