‘വോട്ട് ചെയ്യാൻ കൂടെയുണ്ടായിരുന്നവർ ഇന്നില്ല’;പല ഭാഗങ്ങളിൽ നിന്നായി വോട്ട് ചെയ്യാനെത്തി വയനാട് ദുരന്തബാധിതർ

Share our post

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി ദുരന്തബാധിതര്‍. ദുരന്തബാധിതരുടെ പുനരധിവാസം മുഖ്യ ചര്‍ച്ചയായ കല്‍പ്പറ്റ മണ്ഡലത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. നേരത്തെ വെള്ളാര്‍മല സ്‌കൂളിലായിരുന്നു പോളിങ് ബൂത്തുകള്‍.

എന്നാല്‍ ദുരന്തത്തില്‍ സ്‌കൂള്‍ തകര്‍ന്നതിനാല്‍ ചൂരല്‍മല സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് പാരിഷ് ഹാളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മുണ്ടക്കൈ ഭാഗത്തുള്ള വോട്ടര്‍മാര്‍ക്കായി മേപ്പാടിയില്‍ പോളിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുരന്തത്തിന് ശേഷം വിവിധഭാഗങ്ങളിലായി താമസിക്കുന്ന നിവാസികള്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ ജില്ലാ ഭരണകൂടം യാത്രാ സൗകര്യം ഒരുക്കിയിരുന്നു.

ദുരന്തബാധിതരെ താമസിപ്പിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് പോളിങ് ബൂത്തുകളിലേക്കെത്താന്‍ പ്രത്യക കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനും തിരികെ വീടുകളിലേക്കെത്തിക്കാനും കൃത്യമായ സമയക്രമം പാലിച്ചാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

അതിവൈകാരിക സന്ദര്‍ഭങ്ങളായിരുന്നു ദുരന്തബാധിതര്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഉണ്ടായത്. പലയിടങ്ങളിലായി പോയവര്‍ക്ക് വീണ്ടും കണ്ടുമുട്ടാനുള്ള വേദിയായി പോളിങ്ങ് ബൂത്തുകള്‍ മാറി. പണ്ട് വോട്ട് ചെയ്യാന്‍ കൂടെയുണ്ടായിരുന്നവര്‍ ഇന്ന് ഇല്ലാത്തതിന്റെ വിഷമവും അവര്‍ പങ്കുവെച്ചു.

അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 75.01 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!