പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയില്ല
ഇരിട്ടി: പേരാവൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച് ഉദ്യോഗസ്ഥർക്ക് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യമില്ലെന്ന് പരാതി. തെരഞ്ഞെടുപ്പ് പരിശീല ക്ലാസുകളിലാണ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാറ്. എന്നാൽ, ഇന്നലെ മട്ടന്നൂരിൽ സംഘടിപ്പിച്ച ക്ലാസിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയില്ലെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചർ അസോസിയേഷൻ (കെപിഎസ്ടിഎ) ഇരിട്ടി ഉപജില്ല കമ്മിറ്റി ആരോപിച്ചു.
കൂത്തുപറമ്പ്. ധർമടം, തലശേരി മണ്ഡലങ്ങളിൽ വോട്ടുള്ളവർക്ക് അതാത് പരിശീല ക്ലാസുകളിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നതായും കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി. പേരാവൂർ മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കത്തതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന സംശയമുണ്ടെന്നും അസോസിയേഷൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ സമയത്ത് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നാണ് ഇപ്പോൾ ബന്ധപ്പെട്ടവർ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പോളിംഗ് സാമഗ്രികളുടെ വിതരണ സമയത്ത് തിരക്കgകാരണം പലരും അതിനുള്ള അവസരം ഉപയോഗപ്പെടുത്താനായില്ലെങ്കിൽ വോട്ടു ചെയ്യാനാകാത്ത അവസ്ഥ വരും.
നിലവിൽ ആറുവരെയാണ് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സാഹചര്യമുള്ളത്. ഇപ്പോൾ സൗകര്യ ലഭിക്കാത്തവർക്ക് എട്ടിനും വോട്ടിനുളള സൗകര്യം ഒരുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ജാൻസൺ ജോസഫ്, സി.വി. കുര്യൻ, ടി.വി. ഷാജി, കെ. ശീകാന്ത്, ബിജു കുറുമുട്ടം, കെ. സുമേഷ്, എം.വി ധന്യ, പി.ആർ. ശ്രീജിത്ത്, കെ. അമീൻ എന്നിവർ പ്രസംഗിച്ചു.
