ഹൃദയാഘാതമില്ലാത്ത രോഗിക്ക് ഹൃദ്രോഗ ചികില്‍സ നല്‍കി; ഗുരുതര വീഴ്ച

Share our post

വയനാട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബ് പരിശോധനയിൽ ഗുരുതര വീഴ്ച. ഹൃദയാഘാത ലക്ഷണങ്ങളില്ലാത്ത രോഗിക്ക് ലാബ് റിപ്പോർട്ടിലെ പിഴവ് മൂലം ഹൃദ്രോഗ ചികിൽസ നൽകി. മാനന്തവാടി തോണിച്ചാൽ സ്വദേശിനി വിജയലക്ഷ്മി കഴിഞ്ഞദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജില്‍ ചികില്‍സ തേടിയെത്തിയത്. ഇവരെ ഒപി വിഭാഗത്തിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇസിജിക്കും രക്തപരിശോധനയ്ക്കും വിധേയയാക്കി. രണ്ട് മണിക്കൂറിന് ശേഷം ലഭിച്ച രക്തപരിശോധനാ ഫലത്തിൽ ട്രോപ്പോണിൻ നിരക്ക് അപകടകരമായ രീതിയിൽ 4.8 ആയി രേഖപ്പെടുത്തിയിരുന്നു.

രോഗിയുടെ നില അതീവ ഗുരുതരമാണെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അറിയിച്ചു. ഇഞ്ചക്ഷനും മരുന്നുകളും നൽകിയ ശേഷം രോഗിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇസിജി, എക്കോ, രക്തപരിശോധനകളിൽ വിജയലക്ഷ്മിക്ക് ഹൃദയസംബന്ധമായ കുഴപ്പങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. മെഡിക്കൽ കോളേജിൽ 4.8 ആയി കാണിച്ച ട്രോപ്പോണിൻ നിരക്ക് ഇവിടെ പൂജ്യം പോയിന്റ് പൂജ്യം ഒന്നേ (0.010) ഉണ്ടായിരുന്നുള്ളൂ.

സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി, യുവമോർച്ച പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫിസ് ഉപരോധിച്ചു. വിജയലക്ഷ്മിയുടെ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയിട്ടുണ്ട്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!