മുട്ടയിടാനായി കൂടൊരുക്കുന്ന ഒരേയൊരു പാമ്പ്; ഇന്ത്യൻ പാമ്പുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ആറ് രഹസ്യങ്ങൾ

Share our post

പാമ്പെന്ന കേൾക്കുമ്പോൾതന്നെ പലരുടെയും മനസിൽ ഭയവും ആശങ്കയും നിറയും. എന്നാൽ, പ്രകൃതിയുടെ അ‌ത്ഭുതലോകത്ത് പാമ്പുകൾക്ക് വളരെ പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ട്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവ വലിയ പങ്കുവഹിക്കുന്നുണ്ട്. പാമ്പുകളെക്കുറിച്ച് അടുത്തറിയുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. കൂടൊരുക്കുന്ന പാമ്പുകൾ മുതൽ വായുവിലൂടെ തെന്നിനീങ്ങാൻ സാധിക്കുന്ന പാമ്പുകൾവരെ ഈ ലോകത്തുണ്ട്. അവയുടെയെല്ലാം ജീവിതരീതി, ഭക്ഷണശീലങ്ങൾ, കാഴ്‌ചശക്തി, വിഷപ്പല്ലുകളുടെ സ്വഭാവം എന്നിവയെല്ലാം വ്യത്യസ്‌തമാണ്.

1.കൂടൊരുക്കുന്ന രാജവെമ്പാല

പാമ്പുകൾക്ക് കൈകാലുകളില്ലെങ്കിലും കൂടൊരുക്കാൻ കഴിയും. മുട്ടയിടാൻ സമയമാകുമ്പോൾ പെൺരാജവെമ്പാല ഉണങ്ങിയ ഇലകളും ചെടികളുടെ അവശിഷ്‌ടങ്ങളും മറ്റ് ജൈവവസ്‌തുക്കളും ശരീരം ഉപയോഗിച്ച് ഒരിടത്തേക്ക് വാരിക്കൂട്ടി കൂടുപോലെയാക്കുന്നു. ഈ കൂടിന് ഏകദേശം മൂന്ന് മുതൽ നാല് അടി വരെ വ്യാസമുണ്ടാകും. ഇതിന്റെ ഘടന മുട്ടകൾക്ക് മറവും സംരക്ഷണവും നൽകുന്നു. മുട്ടയിട്ടശേഷം പെൺരാജവെമ്പാല കൂടിനടുത്ത് കാവൽനിൽക്കുകയും ഭീഷണി തോന്നുമ്പോൾ ആക്രമണസ്വഭാവം പ്രകടപ്പിക്കുകയും ചെയ്യുന്നു. മുട്ട വിരിയുന്നതുവരെ കൂടിനെ സംരക്ഷിക്കുന്ന ഈ സ്വഭാവം രാജവെമ്പാലയെ മറ്റ് പാമ്പുകളിൽനിന്ന് വ്യത്യസ്‌തമാക്കുന്നു.

2. പടം പൊഴിക്കൽ

പാമ്പുകൾ വളരുന്നതിനനുസരിച്ച് അവയുടെ പഴയ തൊലി പൊളിക്കുന്നു. ഈ പ്രക്രിയയെ മൗൾട്ടിംഗ് എന്നാണ് പറയുന്നത്. സാധാരണയായി വായ്‌ഭാഗത്തുനിന്നുമാണ് തൊലി വേർപെടാൻ തുടങ്ങുന്നത്. കുഞ്ഞുപാമ്പുകൾ വേഗത്തിൽ വളരുന്നതിനാൽ വലിയ പാമ്പുകളെക്കാൾ കൂടുതൽ പടം പൊഴിക്കാറുണ്ട്. പാമ്പിനെക്കുറിച്ച്‌ അറിവുള്ളവർക്ക്‌ പൊഴിഞ്ഞ തൊലി പരിശോധിച്ച് പാമ്പിന്റെ ഇനം തിരിച്ചറിയാൻ കഴിയും.

3. മൂന്ന് രീതിയിലുള്ള പ്രത്യുൽപ്പാദനം

പാമ്പുകൾ പ്രധാനമായും മൂന്ന് രീതിയിലാണ് പ്രത്യുൽപാദനം നടത്തുന്നത്. രാജവെമ്പാലയും ചേരയും മുട്ടയിടുന്നു. ചില ഇരുതലമൂരികളും അനാക്കോണ്ടകളും കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. മറ്റ് ചില പാമ്പുകളിൽ മുട്ടകൾ ശരീരത്തിനുള്ളിലിരുന്ന് വികസിച്ച് അവിടെതന്നെ വിരിയുന്നു. അണലികളിൽ കാണപ്പെടുന്ന പ്രത്യുൽപാദനരീതി ഇത്തരത്തിലുള്ളതാണ്.

4. ഇണ ചേരാതെ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കൽ

പ്രത്യുൽപാദനത്തിന്‌ ആൺപാമ്പുകളുമായുള്ള ഇണചേരൽ അനിവാര്യമാണെന്നാണ് പൊതുധാരണ. എന്നാൽ, ചില ജീവികളിൽ ബീജസങ്കലനമില്ലാതെതന്നെ പെൺജീവിക്ക് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയും. ഈ പ്രതിഭാസമാണ് പാർത്തനോജനസിസ്. ഇതിനെ സാധാരണയായി കന്യാജനനം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയിൽ കാണപ്പെടുന്ന ബ്രാഹ്മിണി ബ്ലൈൻഡ് സ്‌നേക്ക് ഇത്തരത്തിൽ പ്രത്യുൽപാദനം നടത്തുന്നവയാണ്. മണ്ണിരകളെപ്പോലെ കാണപ്പെടുന്ന ഇവ മണ്ണിനടിയിലും ചെടികളുടെ വേരുകൾക്കിടയിലുമാണ് കാണപ്പെടുന്നത്. ഉറുമ്പുകളും ചിതലുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

5. പറക്കുംപാമ്പുകൾ

പാമ്പുകൾക്ക് ചിറകുകളില്ല. എന്നിട്ടും ചില പാമ്പുകൾ മരത്തിൽനിന്ന് മറ്റൊരു മരത്തിലേക്ക് വായുവിലൂടെ തെന്നിനീങ്ങുന്നു. ഇത്തരം പാമ്പുകളെ പൊതുവെ നാഗത്താൻ പാമ്പുകളെന്നാണ് വിളിക്കുന്നത്. ശരീരം പരത്തി സഞ്ചരിക്കുന്ന ഈ രീതി പൊതുവെ ഗ്ലൈഡിംഗ് എന്നാണ് അറിയപ്പെടുന്നത്.

6. ഭക്ഷണശീലത്തിലെ വ്യത്യസ്‌തതകൾ

എല്ലാ പാമ്പുകളും എലികളെയോ തവളകളെയോ പക്ഷികളെയോ ഭക്ഷിക്കുന്നവയല്ല. ചില പാമ്പുകൾ പക്ഷികളുടെ മുട്ടകൾ മാത്രം ഭക്ഷിക്കുന്നു. തെക്ക്-കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന പാരേസ് എന്നറിയപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകൾ ഒച്ചുകളെ മാത്രമാണ് ഭക്ഷിക്കുന്നത്. അതിനാൽതന്നെ ഇവയെ സ്‌നെയിൽ ഈറ്റിംഗ്‌ സ്‌നേക്ക് എന്നും വിളിക്കാറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!