ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുന്നു

Share our post

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറക്കുന്നു. പണമിരട്ടിപ്പും മറ്റുമായാണ് നേരത്തെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ ലോൺ ആപ്പ് തട്ടിപ്പ്, തൊഴിൽ തട്ടിപ്പ്, ഒ.ടി.പി തട്ടിപ്പുകൾ, വ്യാജ കൊറിയർ തട്ടിപ്പുകൾ, സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ലിങ്കുകൾ വഴിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ.

ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരയുന്നവർക്കും തട്ടിപ്പ് സംഘം ഭീഷണിയാണ്. ബാങ്കുകളുടെയും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെയും വ്യാജ നമ്പറുകൾ നൽകി ലക്ഷങ്ങൾ തട്ടുന്ന സൈബർ ക്രിമിനലുകളാണ് വിലസുന്നത്. തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സഹായം തേടി ഈ നമ്പറുകളിൽ വിളിക്കുന്നവരെ കസ്റ്റമർ സപ്പോർട്ട് ഏജന്റുമാരെന്ന വ്യാജേനയാണ് വലയിലാക്കുന്നത്. പരാതികൾ വേഗം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഫോണുകളിൽ റിമോട്ട് ആക്സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത്തരം ആപ്പുകൾ ഫോണിൽ എത്തുന്നതോടെ ഉപകരണത്തിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകും.

സൈബർ വാൾ സുരക്ഷ പദ്ധതി

സൈബർ സുരക്ഷ, ബോധവൽക്കരണം, സംശയാസ്പദമായ വിവരങ്ങളുടെ പരിശോധന എന്നിവ ലക്ഷ്യമിട്ട് കേരള പൊലീസ് സൈബർ ഡിവിഷൻ സൈബർവാൾ ഡിജിറ്റൽ സുരക്ഷ പദ്ധതി ആരംഭിച്ചിട്ടുണ്ട്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ സംശയാസ്പദമായ വെബ്സൈറ്റുകൾ, യു.ആർ.എല്ലുകൾ, ഇ-മെയിലുകൾ, എസ്.എം.എസ് ഹെഡറുകൾ, ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.പി വിലാസങ്ങൾ എന്നിവ പരിശോധിച്ച് അപകട സാധ്യതകൾ തിരിച്ചറിയാനും ആവശ്യമായ മുൻകരുതലുകൾ നടത്താനും പൊതുജനങ്ങൾക്ക് സാധിക്കും.

419 കോടി രൂപയുടെ തട്ടിപ്പ്

1.സംസ്ഥാനത്തൊട്ടാകെ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 419 കോടി രൂപയുടെ തട്ടിപ്പ്. തിരിച്ചുപിടിക്കാൻ സാധിച്ചത് 109.37 കോടി രൂപമാത്രം.

2.നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്തത് 36,192 പരാതികൾ.

3. കഴിഞ്ഞ വർഷം 664 കോടി രൂപ നഷ്ടമായപ്പോൾ വീണ്ടെടുക്കാൻ സാധിച്ചത് 160 കോടി രൂപ.

ശ്രദ്ധിക്കേണ്ടത്

-ഇന്റർനെറ്റിലൂടെ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളെ അന്ധമായി വിശ്വസിക്കരുത്

-സേവനദാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ ആപ്ലിക്കേഷനുകളോ മാത്രം ഉപയോഗിക്കുക.

-അപരിചിതരുടെ നിർദേശപ്രകാരം റിമോട്ട് ആക്സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക

-ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ എന്നിവ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പർ -1930

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (www.cybercrime.gov.in)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!