പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ഇനി അടുത്തറിയാം, ടിക്കറ്റ് നിരക്ക് 1,875 രൂപ; ഈ ട്രെയിൻ യാത്ര വേറെ ലെവൽ

Share our post

മധുര: മലയാളികൾ കാത്തിരുന്ന ആ കാഴ്ചാനുഭവത്തിന് തുടക്കമായി. ട്രെയിൻ യാത്രയെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള വിനോദാനുഭവമാക്കി മാറ്റാൻ കേരളത്തിലും വിസ്റ്റാഡോം കോച്ച് എത്തുകയാണ്. മധുര–ഗുരുവായൂർ എക്സ്പ്രസിലാണ് (16327/16328) അത്യാധുനിക വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുന്നത്. ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽപ്പാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് പശ്ചിമഘട്ടത്തിന്റെ മനോഹാരിത അടുത്തറിഞ്ഞ് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുക. ഒക്ടോബർ 22-ന് മധുരയിൽനിന്ന് 11.35-ന് ആദ്യ സർവീസ് പുറപ്പെട്ടു. മധുര ഗുരുവായൂർ എക്സ്പ്രസ്സിൽ ഒരു കോച്ചാണ് അനുവദിച്ചിരിക്കുന്നത്. ചെങ്കുത്തായ മലനിരകളും പച്ചപ്പുനിറഞ്ഞ കുന്നിൻചെരിവുകളും തുരങ്കങ്ങളും നദീതീരങ്ങളും പിന്നിടുന്ന യാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവമാകും.

ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി

വലിയ ഗ്ലാസ് ജനാലകളാണ് വിസ്റ്റാഡോം കോച്ചിന്റെ പ്രധാന ആകർഷണം. 44 എക്സിക്യൂട്ടീവ് റിക്ലൈനർ സീറ്റുകളുള്ള കോച്ചിൽ ചാഞ്ഞിരുന്ന് കാഴ്ചകൾ ആസ്വദിക്കാം. വൈഫൈ സൗകര്യവുമുണ്ട്. ചില വിസ്റ്റാഡോം കോച്ചുകളിൽ ഗ്ലാസ് മേൽക്കൂരകളുമുണ്ട്. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലാണ് ഇത്തരം കോച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രഫിക്കും വ്ലോഗിങ്ങിനും താത്പര്യമുള്ളവർക്ക് പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ പകർത്താനുള്ള സുവർണാവസരമാണ് ഈ യാത്ര. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ക്യാമറയിൽ പകർത്താനും യാത്രയ്ക്കിടെ കാഴ്ചകൾ ആസ്വദിക്കാനും കഴിയും.

മുംബൈ–ഗോവ, ബെംഗളൂരു–മംഗളൂരു റൂട്ടുകളിലും

ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര റൂട്ടുകളിൽ വിസ്റ്റാഡോം കോച്ചുകൾ നേരത്തേതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മുംബൈ–ഗോവ, ബെംഗളൂരു–മംഗളൂരു തുടങ്ങിയ റൂട്ടുകളിൽ ഇത്തരം കോച്ചുകൾ സർവീസ് നടത്തുന്നുണ്ട്. പ്രകൃതിരമണീയമായ പാതകളിലൂടെ യാത്ര ചെയ്യുമ്പോൾ പുറംകാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സൗകര്യമൊരുക്കുകയാണ് ഇവയുടെ ലക്ഷ്യം. കേരളത്തിലെ കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയും പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്. മലനിരകളും തുരങ്കങ്ങളും നദീതീരങ്ങളും നിറഞ്ഞ ഈ പാതയിലൂടെ വിസ്റ്റാഡോം കോച്ചിലുള്ള യാത്ര റെയിൽവേ ടൂറിസത്തിന് പുതിയ ഉണർവേകുമെന്നാണ് പ്രതീക്ഷ.

ടിക്കറ്റ് നിരക്ക് 1,875 രൂപ

മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള വിസ്റ്റാഡോം കോച്ചിലെ യാത്രയ്ക്ക് 1,875 രൂപയാണ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ കോച്ച് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സർവീസ് സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിച്ചേക്കും. കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയുടെ പ്രകൃതിഭംഗി കൂടുതൽ സഞ്ചാരികളിലേക്ക് എത്തിക്കാനും ട്രെയിൻ യാത്രയെ ആകർഷകമായ വിനോദാനുഭവമാക്കി മാറ്റാനും പുതിയ കോച്ച് സഹായിക്കുമെന്നാണ് പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!