‘സ്പീക്ക് അപ്പ്’; ഗാര്‍ഹക പീഡനം തടയാന്‍ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നല്‍കി ആഭ്യന്തര വകുപ്പ്

Share our post

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നല്‍കി. ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിലാണ് പ്രത്യേക ദൗത്യസേന രൂപീകരിച്ചത്. ഐ ജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ‘സഹനം മതി, ഇനി ശബ്ദമുയര്‍ത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ചു എന്നതാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ഗാര്‍ഹിക അതിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് തടയാന്‍ ഒരു ദൗത്യ സേനയെ തന്നെ ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. അതിക്രമം നേരിടുന്ന അതിജീവിതമാര്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ദൗത്യ സേനയുടെ പ്രധാന ദൗത്യം. പരാതി പറയാന്‍ മടിക്കുന്നവരുടെ അടുത്തേക്ക് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരാതി കേട്ട് നിയമ പരിരക്ഷ നല്‍കും. ഔദ്യോഗിക വേഷത്തില്‍ അല്ലാതെ തന്നെ അതിജീവിതമാരുടെ അടുത്തേക്ക് ഉദ്യോഗസ്ഥര്‍ എത്തും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിക്രമം നടന്നാല്‍ അതില്‍ കാലതാമസം ഇല്ലാതെ നടപടി ഉണ്ടാകും. സ്ത്രീകളെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനും പാസ്‌പോർട്ട് നല്‍കാതിരിക്കാനും അടക്കമുള്ള നടപടികളിലേക്കാണ് കടക്കുന്നത്.

സതി നിരോധിച്ച നാടാണ് നമ്മുടേത്, എന്നാല്‍ സതിയുടെ പ്രേതം പല വിധത്തില്‍ നമ്മുടെ വീടുകളില്‍ അലഞ്ഞ് നടക്കുന്നെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. അതിലൊന്നാണ് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം. ഇനി ഒരു മകള്‍ കൂടി മരണത്തിന് കീഴടങ്ങിയ ശേഷം പരിതപിക്കുന്നതിലല്ല, അവള്‍ക്ക് നേരെ ആദ്യത്തെ കൈ ഉയരുമ്പോഴേ അത് തടയുന്നതിലാണ് ജാഗ്രത വേണ്ടതെന്നും ചെന്നിത്തല വിശദീകരിച്ചു. സമഗ്രമായ സ്ത്രീ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. പറയാന്‍ മടിക്കുകയല്ല… പറയാതിരിക്കുകയല്ല… തുറന്നു പറയണം… എന്ന് ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു. അതാണ് സ്പീക്ക് അപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!