കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് സതീശനോട് ‘പഞ്ചഗുസ്തി’ക്ക് അടൂർ പ്രകാശ്; അസാധാരണനീക്കം
തിരുവനന്തപുരം: അധികാരത്തിലേറി നാലുമാസം പിന്നിടുേമ്പാഴേക്കും മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ മുന്നണി കൺവീനർ അടൂർ പ്രകാശ് പരസ്യവിമർശനവുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. സർക്കാരിന്റെ പ്രവർത്തനംസംബന്ധിച്ച് പാർട്ടിയിൽ വേണ്ടത്ര ചർച്ചനടക്കുന്നില്ലെന്ന വിമർശനം നീറിനിൽക്കേ, അസാധാരണ നീക്കത്തിലൂടെ അടൂർ പ്രകാശ് ആദ്യവെടിപൊട്ടിക്കുകയായിരുന്നു. മുന്നണി കൺവീനറെ മുന്നിൽനിർത്തി ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ സംഘടിത നീക്കമാണിതെന്ന് കരുതാനാകില്ല. എന്നാൽ, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കാത്തിരിക്കുന്ന വിഭാഗങ്ങൾ അദ്ദേഹത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നു.
ബി.ജെ.പി.യുമായും സി.പി.എമ്മുമായും കോൺഗ്രസ് തെരുവിൽ ഏറ്റുമുട്ടിനിൽക്കുന്ന ദിവസംതന്നെ കെ.പി.സി.സി. ഓഫീസിൽ പത്രസമ്മേളനം നടത്തിയതും ശ്രദ്ധേയമായി. പാർട്ടി-സർക്കാർ ഏകോപനത്തിന് സംവിധാനം ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ കെ.പി.സി.സി. നേതൃയോഗത്തിലും ആവശ്യമുയർന്നിരുന്നു. സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെ.പി.സി.സി. പ്രസിഡന്റ് വേണമെന്നതാണ് മറ്റൊരാവശ്യം. പാർട്ടി ഹൈക്കമാൻഡ് ചെയ്യേണ്ട കാര്യങ്ങളായതിനാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതിൽ വലിയകാര്യമില്ല.
നയപരമായ കാര്യങ്ങളിൽ മുന്നണിയുടെ അംഗീകാരത്തോടെയേ മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അത്തരം ചർച്ചയുണ്ടാകുന്നില്ലെന്നാണ് കൺവീനർ കുറ്റപ്പെടുത്തുന്നത്. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായി മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെയും ഡൽഹിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി ജി. ദേവരാജനെയും നിയമിക്കാനുള്ള തീരുമാനമാണ് കൺവീനറെ പ്രകോപിപ്പിച്ച അവസാനകാരണങ്ങളെന്നാണ് സൂചന. ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകിയിരിക്കേ ഒരു കാബിനറ്റ് പദവികൂടി നൽകുന്നതിൽ കോൺഗ്രസിൽ വിയോജിപ്പുണ്ടായിരുന്നു.
പൊതുവേ ഭരണകാര്യങ്ങളിൽ മുതിർന്ന മന്ത്രിമാരെന്നനിലയിൽ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നാണ് സൂചന. ലീഗും ഫോർവേഡ് ബ്ലോക്കും ദീർഘനാളായി ഈ പദവികൾ ചോദിക്കുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം വന്നപ്പോൾ അടുത്ത യോഗത്തിനുമുൻപ് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
അഡ്വക്കേറ്റ് ജനറൽമുതൽ അക്കാദമികളിൽവരെ നടന്ന നിയമനങ്ങളിലും ആലോചന നടന്നില്ലെന്ന് വിമർശനമുണ്ട്. ഇതിന്റെയെല്ലാം ബഹിർസ്ഫുരണമാണ് അടൂർ പ്രകാശിലൂടെ പുറത്തുവന്നത്. കൂടിയാലോചനകളില്ലാതെ മുന്നോട്ടുപോകുന്നതിനെ മുളയിലേ നുള്ളണമെന്ന താത്പര്യം ഈ നീക്കത്തിനു പിന്നിലുണ്ട്. അടൂർ പ്രകാശിനെ തള്ളിപ്പറയാതെ, പാർട്ടിക്കാര്യം പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന നിലപാടെടുത്ത് കെ.സി. വേണുഗോപാൽ സുരക്ഷിത അകലംപാലിച്ചു.
