മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തു
കൊച്ചി∙ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതും വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ പൊലീസ് മൂന്നര മണിക്കൂർ ചോദ്യം ചെയ്തു. കളമശേരി പൊലീസാണ് ചോദ്യം ചെയ്തത്. വ്യാജരേഖ എവിടെനിന്നു ലഭിച്ചു, ആരാണ് നൽകിയത് എന്നീ കാര്യങ്ങളിലാണ് പൊലീസ് വ്യക്തത തേടിയത്. രാവിലെ 11 മണിയോടെയാണ് ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിനു ഹാജരായത്. പറയാനുള്ളതെല്ലാം പൊലീസിനോടു പറഞ്ഞതായി പുറത്തിറങ്ങിയശേഷം ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പത്തുമണിക്ക് ചോദ്യം ചെയ്യലിനെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകിയെങ്കിലും ആന്റോ അഗസ്റ്റിൻ ഹാജരായിരുന്നില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പൊലീസ് കർശന നിലപാട് സ്വീകരിച്ചതോടെയാണ് രണ്ടാമത്തെ നോട്ടിസിൽ ആന്റോ കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. രാഷ്ട്രീയ ലാഭത്തിനായി സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ്. നേരത്തെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്ത സീറോ എഫ്ഐആർ കളമശേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ കണ്ടാലറിയാവുന്ന രണ്ടുപേർ രണ്ടും മൂന്നും പ്രതികളാണ്.
സെപ്റ്റംബർ 10 ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ ആന്റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങളാണു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘കോടികൾ വിലമതിക്കുന്ന വാർത്ത’ എന്ന് അവകാശപ്പെട്ട് രണ്ടുപേർ സതീശന്റെ പേരിലുള്ള വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും നോട്ടിസിന്റെയും പകർപ്പുകളുമായി തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.
