ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ തലശ്ശേരി- മാഹി ബൈപാസിന്റെ ഇന്നത്തെ അവസ്ഥ ദയനീയം

Share our post

മാഹി : തലശ്ശേരി – മാഹി ബൈപാസിൽ ചോനാടം മുതൽ അഴിയൂർ വരെ ഗതാഗതക്കുരുക്കിൽ യാത്രക്കാരും നാട്ടുകാരും വലയുന്നു. എന്ന് ഈ ദുരിതം തീരുമെന്ന് നിശ്ചയവുമില്ല. ഈസ്റ്റ് പള്ളൂരിൽ സ്പിന്നിങ് മിൽ– പെരിങ്ങാടി റോഡിൽ അടിപ്പാത നിർമിക്കാൻ ബൈപാസ് കവിയൂർ മുതൽ പള്ളൂർ മേൽപാലം വരെയുള്ള ഭാഗത്ത് റോഡ് അടച്ച് ബൈപാസിന്റെ ഇരുവശത്തും സർവീസ് റോഡ് വഴി ഗതാഗതം പൂർണമായും തിരിച്ചുവിട്ടതോടെ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

ഒരു വർഷം മുൻപ് നിർമാണം ആരംഭിച്ചതാണ് അടിപ്പാതയും അനുബന്ധ ബൈപാസ് റോഡും. ഇതിനിടയിൽ ഒന്നര മാസം മുൻപ് അടിപ്പാത താൽക്കാലികമായി തുറന്നത് മാത്രമാണ് ആശ്വാസം. പക്ഷേ അടിപ്പാത തുറന്നതോടെ സർവീസ് റോഡിൽ നിന്നു വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അടിപ്പാതയിൽ കയറുന്നതും തിരിച്ച് അടിപ്പാതയിൽ നിന്നു സർവീസ് റോഡിൽ പ്രവേശിക്കുന്നതും അപടസാധ്യത കൂട്ടുന്നു. കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്ന അവസ്ഥയാണിവിടെ.

“തലശ്ശേരി – മാഹി ബൈപാസിൽ പള്ളൂർ മേഖലയിൽ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് തലശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന നിലയിലായി വളർന്നിട്ടുണ്ട്. ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് മാഹി ബൈപാസിൽ ദുരിതമാണ് നൽകുന്നത്. നിർബന്ധമായും ടോൾ പിരിവ് നിർത്തണമെന്നാണ് ആവശ്യം. ഈസ്റ്റ് പള്ളൂർ ഭാഗത്തെ നിർമാണപ്രവൃത്തി ഉടനെ പൂർത്തിയാക്കണം. നിർമാണം വൈകുന്നത് നാട്ടുകാർക്കു ദുരിതമാണ്. ആവശ്യമായ ഇടപെടൽ നടത്തും.”

വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പള്ളൂർ മേൽപ്പാലത്തിനു സമീപത്ത് നിന്ന് സർവീസ് റോഡിൽ പ്രവേശിച്ചാൽ സർവീസ് റോഡിലുള്ള വലിയ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്നുപോകുന്നത് പതിവാണ്. ഇതോടെ ഏതുസമയത്തും ഗതാഗതക്കുരുക്ക് രൂപപ്പെടും. കഴിഞ്ഞദിവസം മണിക്കൂർ ഇടവിട്ട് ഗതാഗതതടസ്സം രൂക്ഷമായി. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും സർവീസ് റോഡിലെ വലിയ കയറ്റത്തിൽ കുടുങ്ങുകയാണ്.

വീതി കുറഞ്ഞ സർവീസ് റോഡിൽ വാഹനങ്ങൾ നിന്നുപോയാൽ യാത്രക്കാർ വലഞ്ഞതു തന്നെ. വാഹനങ്ങൾക്ക് ഇവിടെ വശത്തേക്കുമാറികടന്നുപോകാൻ സാധ്യമല്ല. ഫലത്തിൽ ടോൾ നൽകി യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്കിൽ കുടുങ്ങി മണിക്കുറുകൾ റോഡിൽ വലയുന്ന കാഴ്ചയാണ് നിലവിൽ. ഇതിനിടയിൽ കുരുക്കിൽ നിന്നൊഴിവാകാൻ സമീപത്തെ റോഡുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് ലംഘിച്ച് വാഹനങ്ങൾ എത്തുന്നതും വെല്ലുവിളിയാണ്. അടിപ്പാതയുടെ ഇരുവശത്തും 500 മീറ്റർ ദൂരത്തിൽ ആരംഭിച്ച നിർമാണ ജോലികൾ നിലച്ച അവസ്ഥയിലാണ്.

ഇന്നത്തെ അവസ്ഥയിൽ എപ്പോൾ ബൈപാസ് തുറക്കും എന്ന് ഒരു നിശ്ചയവും ഇല്ല. നിർമാണത്തിനെത്തിയ വാഹനങ്ങൾ ടാർപോളിൻ പൊതിഞ്ഞ നിലയിലാണ്. ബന്ധപ്പെടവർ കൃത്യമായ മറുപടി നൽകുന്നുമില്ല. കവിയൂർ ഭാഗത്തെ മണ്ണ് ഘടനയിൽ ആശങ്ക ഉള്ളതിനാൽ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ റോഡ് ഉയർത്തൂ എന്നാണ് നിർമാണത്തിന്റെ തുടക്കത്തിൽ ലഭിച്ച മറുപടി. കവിയൂർ ഭാഗത്തെ നിർമാണം പൂർണമായും നിലച്ച നിലയിലാണ്. ഏറെ പ്രതീക്ഷകളോടെ യാത്ര തുടങ്ങിയ മാഹി ബൈപാസ് ഫലത്തിൽ ഇനി എന്ത് എന്ന ചോദ്യമാണ് ഉയർത്തുന്നത്.

“തലശ്ശേരി – മാഹി ബൈപാസിൽ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പള്ളൂർ മേഖലയിൽ ചെറുതും വലുതുമായ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ പോക്കു വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. പള്ളൂർ മേൽപാലം മുതൽ ഒളവിലം ഭാഗം വരെ ബൈപാസ് റോഡ് പൂർണമായും പൊളിച്ചുമാറ്റി നിർമാണം ആരംഭിച്ച് ഒരു വർഷം ആകുന്നു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പുതുച്ചേരി സർക്കാരിനെ അറിയിച്ചത്. നിർമാണം നിലച്ച അവസ്ഥയാണ്. ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെടാൻ ആവശ്യമായ പ്രവർത്തനം നടത്തും.” 

“പള്ളൂർ സബ് സ്റ്റേഷൻ പരിസരത്ത് കൂടി കടന്നുപോകുന്ന സർവീസ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണിപ്പോൾ രൂപപ്പെടുന്നത്. നാട്ടുകാർക്ക് കൃതമായി മറ്റ് പ്രദേശത്തേക്ക് യാത്ര ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയാണ്. സബ് സ്റ്റേഷൻ പരിസരത്തെ അടിപ്പാതയിൽ കൂടി യാത്ര ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അപകടം സംഭവിക്കും എന്നതാണ് സ്ഥിതി. പെട്രോൾ പമ്പുകൾ വർധിച്ച സാഹചര്യത്തിൽ പ്രദേശത്ത് അഗ്നിരക്ഷാസേന സ്റ്റേഷൻ സ്ഥാപിക്കണം.”


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!