പിണറായിയിലെ വീടിനുമുന്നിലെ പോലീസ് ഔട്ട്പോസ്റ്റ്, പ്രചാരണങ്ങൾ വ്യക്തിഹത്യ ലക്ഷ്യമിട്ട്- പിണറായി വിജയൻ

Share our post

കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ ചില മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണം വ്യക്തിപരമായി അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് തന്റെ വീടിന് മുന്നിൽ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സുരക്ഷാ കാരണങ്ങളാൽ കാവൽ ഏർപ്പെടുത്തുന്നത് പോലീസിന്റെ സാധാരണ വകുപ്പുതല നടപടിയാണ്. നിലവിൽ മന്ത്രിമന്ദിരങ്ങൾക്ക് മുന്നിലും ഇത്തരത്തിൽ സദാ കാവൽ നിൽക്കുന്ന ഔട്ട്പോസ്റ്റ് ഡ്യൂട്ടിക്കാർ ഉണ്ടെന്നും ഇതെല്ലാം ഔദ്യോഗിക നടപടികളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വീടിന്റെ മുന്നിൽ ഒരുകാലത്തും പോലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ നടപടിക്രമം എന്ന നിലയിൽ ഒരു പോലീസ് വാഹനത്തിൽ പോലീസുകാർ ഇവിടെ വന്നുപോകാറുണ്ടായിരുന്നു. പിന്നീട് ആ വാഹനം കേടായി അവിടെത്തന്നെ കിടക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവിടെനിന്ന് വാഹനം മാറ്റി കേടുപാടുകൾ തീർത്ത് ഉപയോഗിക്കുമെന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, താൻ അധികാരമൊഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും വാഹനം മാറ്റാത്തതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ഒരു മാധ്യമത്തിൽ ‘പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്’ എന്ന തലക്കെട്ടോടെ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പിണറായി വിജയൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!