പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസ് മേഖലയുടെ നഷ്ടം നികത്താൻ നിർദേശങ്ങളുമായി വിദഗ്ധ സമിതി റിപ്പോർട്ട്
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം നികത്താൻ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. നഷ്ടം നികത്താൻ കെഎസ്ആർടിസിയുടെ ഷെഡ്യൂളുകൾ പരിഷ്കരിക്കേണ്ടവരുമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കെഎസ്ആർടിസിയുടെ തിരഞ്ഞെടുത്ത സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ വലിയ സാമ്പത്തികബാധ്യതയാണ് സ്വകാര്യബസ് ഉടമകൾക്കുണ്ടായത്.
തെക്കൻജില്ലകളിൽ കൂടുതലായും കെഎസ്ആർടിസി ബസുകളുടെ അതേ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിരക്ക് വർധന, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധന തുടങ്ങിയ ആവശ്യങ്ങൾ സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടുവെച്ചിരുന്നു. ഇത് ഉൾപ്പെടെ ചർച്ച ചെയ്തുകൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതിനാൽ തന്നെ സർക്കാരിന്റെ സഹായം ആവശ്യമാണ്. സ്വകാര്യ ബസുകൾ ഓടുന്ന അതേ റൂട്ടിലുള്ള കെഎസ്ആർടിസിയുടെ ഷെഡ്യൂളുകൾ അതിൽ പരിഷ്കരണം ആവശ്യമാണെന്ന് റിപ്പോർട്ടിലുണ്ട്.
