കെഎസ്ആർടിസി സ്വകാര്യ വാടക എസി ബസുകൾ കൂടുതൽ റൂട്ടുകളിൽ സർവീസ് തുടങ്ങും
ബെംഗളൂരു : പൂജ, ദസറ സീസണിൽ കേരള ആർടിസിയുടെ സ്വകാര്യ വാടക എസി ബസുകളുടെ സർവീസ് കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, അടൂർ, കൊല്ലം എന്നിവിടങ്ങളിലേക്കും അധികം വൈകാതെ ബസുകൾ എത്തും. എസി സീറ്റർ ബസുകൾക്ക് പുറമേ സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകളും സർവീസിന് ലഭിക്കും. നിലവിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുന്നത്.
3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്താണ് വാടക ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഉത്സവസീസണുകളിലെ തിരക്ക് പരിഗണിച്ച് സംസ്ഥാനാന്തര റൂട്ടുകളിലോടാൻ 6 മാസത്തേക്ക് 63 എസി ബസുകൾ വാടകയ്ക്കെടുക്കാനാണ് കേരള ആർടിസി കരാർ ക്ഷണിച്ചിരുന്നത്. ഇതിൽ ആരും താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് സമയപരിധി കുറച്ചത്. 5 വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾക്കു മാത്രമാണ് സംസ്ഥാനാന്തര റൂട്ടിൽ അനുമതി നൽകുന്നത്.
കിലോമീറ്ററിന് 64 രൂപ, 2 ഡ്രൈവർമാർ
കിലോമീറ്ററിന് 64 രൂപയാണു കെഎസ്ആർടിസി ബസ് ഉടമയ്ക്ക് നൽകുക. ബസിന്റെ ടിക്കറ്റ് നിരക്ക് കെഎസ്ആർടിസി നിശ്ചയിക്കും. ഒരു ദിവസം ചുരുങ്ങിയത് 400 കിലോമീറ്ററും ഒരു മാസം 3000 കിലോമീറ്ററും സർവീസ് നടത്തണം. സർവീസ് പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ പണം കൈമാറും. ഡീസൽ, അറ്റകുറ്റപ്പണി എന്നിവ ഉടമ തന്നെ വഹിക്കണം. 2 ഡ്രൈവർമാരെയും ഉടമ നിയമിക്കണം. കണ്ടക്ടർ കെഎസ്ആർടിസിയുടേതായിരിക്കും. ടോൾ നിരക്ക്, നികുതി എന്നിവ കേരള ആർടിസി നൽകും. ബസിന്റെ ശുചീകരണത്തിനുള്ള സൗകര്യം ഡിപ്പോകളിൽ ഒരുക്കും. ബസുകൾക്ക് മുന്നിൽ കേരള ആർടിസിയുടെ പേര്, ലോഗോ, റൂട്ട് ബോർഡ് എന്നിവ പ്രദർശിപ്പിക്കും.
ആലപ്പുഴ ബിസിനസ് ക്ലാസിൽ തിരക്കേറുന്നു
ഓണത്തിരക്കിനോടനുബന്ധിച്ച് ആരംഭിച്ച കേരള ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ ബിസിനസ് ക്ലാസ് ബസിൽ വാരാന്ത്യങ്ങളിൽ ടിക്കറ്റ് കിട്ടാനില്ല. ഇന്ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസിലെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ തീർന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമുള്ള ബസിന് ഉത്രാട തലേന്ന് ലഭിച്ച 1.45 ലക്ഷം രൂപയാണ് ഇതുവരെയുള്ള കൂടിയ കലക്‌ഷൻ. ബിസിനസ് ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ സ്വകാര്യ വാടക എസി സീറ്റർ ബസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കിലും കൂടുതൽ യാത്രക്കാർ കയറുന്നത് എറണാകുളം വൈറ്റില ടെർമിനൽ, തൃശൂർ മണ്ണുത്തി ബൈപാസ്, പാലക്കാട് ചന്ദ്രനഗർ ബൈപാസ് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടെ നിന്ന് ഓൺലൈനിൽ ടിക്കറ്റെടുക്കുന്നവരും ആലപ്പുഴയിൽ നിന്ന് ബെംഗളൂരു വരെയുള്ള 1360 രൂപ തന്നെ നൽകണം. രാത്രി 8ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 8ന് ആലപ്പുഴയിലെത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.55ന് ബെംഗളൂരുവിലെത്തും
