കോഴിക്കോട് പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്ക്വയറിന് സമീപം ടൗൺ പോലീസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിനു സമീപത്തേക്ക് പോലീസ് വാഹനം എത്തിയതോടെ ഇവരിൽ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇവർ അക്രമാസക്തരായി പോലീസിനുനേരെ തിരിയുകയായിരുന്നു.
ഇതിനിടെയാണ്, മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതു കൈയിൽ സംഘത്തിണ്ടായിരുന്ന ഒരാൾ സിറിഞ്ചുകൊണ്ട് കുത്തിയത്. തുടർന്ന് ഇവരും ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രിവിട്ടു.
പ്രതികൾക്കായി പിന്നീട് ശക്തമായ തിരച്ചിലാണ് പോലീസ് നടത്തിയത്. ഇതിനിടെ, ഞായറാഴ്ച പുലർച്ചെയോടെയാണ് ഇവരിൽ മൂന്നുപേരെ അറസ്റ്റുചെയ്തത്. ആറംഗ സംഘത്തിലെ രണ്ടുപേർ ആദ്യം ഓടിപ്പോയതിനാൽ, സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ ഇനി ഒരാളെകൂടിയേ പിടികൂടാനുള്ളൂവെന്ന് ടൗൺ സിഐ ധനഞ്ജയദാസ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
