മൊബൈല്‍ ഫോണ്‍ വില കുറയും; ജിഎസ്ടി കുറച്ചേക്കും

Share our post

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില കുറഞ്ഞേക്കും. ഫോണുകളുടെ ജിഎസ്ടി നിരക്ക് കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെയാണ് മൊബൈല്‍ ഫോണ്‍ വില കുറയാന്‍ കളമൊരുങ്ങുന്നത്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നിലവില്‍ 18 ശതമാനം നിരക്കിലാണ് മൊബൈല്‍ ഫോണിന് ജിഎസ്ടി ഈടാക്കുന്നത്.

25,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ നികുതിയായിരിക്കും കുറക്കുക. മൊബൈല്‍ ഫോണ്‍ വില്‍പന മന്ദഗതിയിലായെന്ന സര്‍ക്കാര്‍ വിലയിരുത്തലിനെ തുടര്‍ന്നാണ് നികുതി കുറക്കുന്നത്. രാജ്യത്ത് ഇപ്പോഴും വില്‍പന നടത്തുന്ന മൂന്നില്‍ രണ്ട് ഫോണുകളും 25,000 രൂപയില്‍ താഴെ വിലയുള്ളതാണ്. 35 കോടിയോളം പേര്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്.
ഉപഭോക്താക്കളെ പുതിയ ഫോണ്‍ വാങ്ങാന്‍ പ്രേരിപ്പിക്കുമെന്നും ഡിജിറ്റല്‍ അന്തരം നികത്താനും ഇന്റര്‍നെറ്റ് ലഭ്യത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഗ്രാമീണമേഖലയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതലായി നല്‍കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഇന്ത്യ. മുമ്പ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം പ്രോല്‍സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 62,000 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!