കഴക്കൂട്ടത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ

Share our post

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തു. പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ചേന്തിയില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോവുകയായിരുന്ന വി.ഡി സതീശന്റെ വാഹനം അനിലിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ചേന്തിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പറഞ്ഞ് ഇവര്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളില്‍ ഈ പരിപാടി ഉണ്ടായിരുന്നില്ല.

വഴിമധ്യേ കാര്‍ തടഞ്ഞുനിര്‍ത്തി മോശമായി പെരുമാറിയതോടെ മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുകയും പ്രവര്‍ത്തകരോട് രോഷാകുലനാവുകയും ചെയ്തു. ഉടനടി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രവർത്തകരെ തള്ളിമാറ്റി. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനിലിനെ അറസ്റ്റുചെയ്തത്.

ചേന്തി അനിലിനെതിരെ സംഘടനാ നടപടി ഉണ്ടായേക്കും. ഡിസിസി നേതൃത്വവുമായി ആലോചിച്ച് നടപടി സ്വീകരിക്കാനാണ് കെപിസിസി തീരുമാനം. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമര്യാതയായി പെരുമാറിയത് ശരിയായ രീതിയില്ലെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ അറസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് ചേന്തി അനില്‍ പ്രതികരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!