പുൽപള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത വരൾച്ചയിലേക്ക്

Share our post

കൽപറ്റ : തെക്കുപടിഞ്ഞ​ാറൻ മൺസൂൺ ദുർബലമായതും കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽനിനോ പ്രതിഭാസവും മൂലം പുൽപള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത വരൾച്ചയിലേക്ക്. കേരളത്തിൽ പൊതുവെ കടുത്ത മഴക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. കടുത്ത വരൾച്ചാബാധിത പഞ്ചായത്ത് ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുനെല്ലി പഞ്ചായത്ത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായി മുഖ്യമന്ത്രി വി.ഡി. സതീശനു കത്തയച്ചു.

നെല്ല്, ക്ഷീരം, തോട്ടവിള മേഖലകളിൽ ഉൾപ്പെടെ എല്ലാ ബാധിതസമൂഹങ്ങൾക്കും ഉടൻ ദുരിതാശ്വാസം ഉറപ്പാക്കണമെന്ന ആവശ്യവും ജനപ്രതിനിധികൾ ഉന്നയിച്ചു. വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നൽകാനുള്ള തയാറെടുപ്പിലാണു പുൽപള്ളി പഞ്ചായത്ത് അധികൃതർ. മുള്ളൻകൊല്ലി പഞ്ചായത്തിലും വരൾച്ച അതിരൂക്ഷമാണ്.

തിരുനെല്ലിയിൽ 47 ശതമാനം മഴക്കുറവ്
ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുടെ വെതർ ലാബുമായി ചേർന്ന് തിരുനെല്ലി പഞ്ചായത്ത് ശേഖരിച്ച കാലാവസ്ഥാ വിവരങ്ങൾ പ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂണിൽ 47 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലിയോട് ചേർന്നുള്ള ഐഎംഡി കേന്ദ്രത്തിലെ വിവരമനുസരിച്ചും അതേ കാലയളവിൽ 53 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ മഴക്കുറവ് ഉണ്ടായാൽ തന്നെ കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം വരൾച്ച പ്രഖ്യാപിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ പറഞ്ഞു. കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച 15 വൊളന്റിയർമാരെ ഉൾപ്പെടുത്തി പഞ്ചായത്തിൽ കമ്യൂണിറ്റി അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായ മഴയുടെ വിതരണത്തിലെ വ്യതിയാനങ്ങളറിയാൻ കർഷകരെ സഹായിക്കുകയാണു ലക്ഷ്യം. തിരുനെല്ലിയിൽ കഴിഞ്ഞ മാസം താപനിലയിൽ 2 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായി. ചൂടു കാരണം നെല്ല് നേരത്തെ പൂക്കാൻ തുടങ്ങിയെന്നു തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി സിഇഒ രാജേഷ് കൃഷ്ണൻ പറയുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ പരാജയപ്പെട്ടത് നെല്ലിന്റെ നടീൽ, വളർച്ചാ ഘട്ടങ്ങളെ ബാധിച്ചു. സ്ഥിതി ഇതേപോലെ തുടർന്നാൽ ഈ സീസണിൽ കടുത്ത വിളവ് നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണു കർഷകർ.

പുൽപള്ളിയിൽ 65 ശതമാനം മഴക്കുറവ്
പുൽപള്ളി പഞ്ചായത്തിൽ ലഭിക്കേണ്ട ശരാശരി വാർഷിക മഴ 1522.57 മില്ലിമീറ്ററാണ്. സാധാരണഗതിയിൽ തെക്കുപടിഞ്ഞാറൻ മൺസൂണിലും തുടർന്നുള്ള മാസങ്ങളിലും പുൽപള്ളിയിൽ താരതമ്യേന ഭേദപ്പെട്ട അളവിൽ മഴ ലഭിക്കാറുണ്ട്. എന്നാൽ ഈ വർഷം ഒക്ടോബറോടെ മഴ ഏതാണ്ട് പൂർണമായും നിലച്ചു. സാധാരണ ലഭിക്കേണ്ടതിലും 65 ശതമാനം മഴക്കുറവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത മഴക്കുറവും തുടർച്ചയായ വരൾച്ചാ ദിനങ്ങളും പുൽപള്ളി പഞ്ചായത്തിലെ കൃഷിമേഖലയെയും ജനജീവിതത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. 2022ലും പുൽപള്ളിയിൽ മാരകമായ രീതിയിൽ മഴക്കുറവ് അനുഭവപ്പെട്ടിരുന്നു.

ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ ഏറെക്കുറെ പൂർണമായും ഇല്ലാതിരുന്നതും (മെയ് മാസത്തിൽ 75.4 മില്ലിമീറ്റർ മാത്രം), ജൂൺ മാസത്തിൽ വെറും 54 മില്ലിമീറ്റർ മഴ മാത്രം ലഭിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. ആ വർഷം ഏറ്റവും കൂടുതൽ വരൾച്ചാ ദിനങ്ങൾ രേഖപ്പെടുത്തിയത് പുൽപള്ളിയിലാണ്. ഈ സാഹചര്യം 2026 ലും ആവർത്തിക്കുകയാണെന്ന് കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂൺ മാസത്തിൽ മൺസൂൺ ദുർബലമായതോടെ, പുൽപള്ളിയിലെ നെൽകൃഷിയിടങ്ങളും മറ്റ് കൃഷിമേഖലകളും വരണ്ടുണങ്ങി. ശുദ്ധജല സ്രോതസ്സുകളായ കിണറുകളും നീരുറവകളും വറ്റിത്തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. സെപ്റ്റംബർ മാസത്തിലും കടുത്ത ജലക്ഷാമം തുടരുന്ന സാഹചര്യത്തിൽ, കാലിത്തീറ്റയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!