ഓണം ഉപേക്ഷിച്ച് അവരെത്തി, ആഘോഷത്തിന് നീക്കിവെച്ചതിൽനിന്ന് ഒരു പങ്കുമായി; രാജേഷിന്റെ കുടുംബത്തിനായി
കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷി(36)ന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഒരു കൂട്ടം പ്രവാസികൾ. സ്വന്തം ഓണാഘോഷങ്ങൾ ഉപേക്ഷിച്ചാണ് രാജേഷിന്റെ കുടുംബത്തിന് സഹായവുമായി ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ എത്തിയത്.
ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്ന് മൂന്നുലക്ഷം രൂപയുടെ ചെക്ക് രാജേഷിന്റെ വീട്ടിലെത്തി സംഘടനാ സെക്രട്ടറി ദീപു ചന്ദ്രൻ, രാജേഷിന്റെ ഭാര്യ ഷാഫിയയ്ക്ക് കൈമാറുകയായിരുന്നു. സംഘടനാ ടീം കെയർ കോഡിനേറ്റർ സജു ജോൺ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ഗ്രാമപഞ്ചായത്തംഗം മഹേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഓണക്കാലം വരെ നിർധനരായ പ്രദേശവാസികളോടൊപ്പവും, ഭിന്നശേഷി കുട്ടികളോടൊപ്പം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് അവരോടൊപ്പം ഓണസദ്യ ഉണ്ണുന്നതായിരുന്നു രാജേഷിന്റെ പതിവ്. ഇത്തവണ രാജേഷ് ഇല്ലാത്ത ഓണം ഓണമായിരുന്നില്ല എന്ന് നിറകണ്ണുകളോടെ നാട്ടുകാരും പ്രതികരിച്ചു.
ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ടായിരുന്നു രാജേഷിന്റെ ജീവനെടുത്ത് ദാരുണസംഭവം നടന്നത്. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചാണ് തുരുത്തിന് പുറത്തേക്ക് കൊണ്ടുവന്നത്.
തുടർന്ന് കയറിൽപിടിച്ച് പുഴ കുറുകെ കടക്കുകയായിരുന്നു, ഇക്കരെ എത്താറായപ്പോഴേക്കും കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽ പെടുകയായിരുന്നു. നീന്തിക്കയറാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്. മീൻതുള്ളി വാട്ടർ ഫാൾസിലെ ഇൻസ്ട്ര്ക്ടറായ രാജേഷ് അഡ്വഞ്ചർ ടൂറിസം സംരഭകർക്കും ക്ലാസെടുത്തിരുന്ന നീന്തൽ വിദഗ്ധനായിരുന്നു.
