കൊല്ലപ്പെട്ടിട്ട് 17 വർഷം, ഗ്രിപ്പിൽ പ്രതീക്ഷയർപ്പിച്ച് ഹേമജയുടെ ബന്ധുക്കൾ; ശശീന്ദ്രനെ പിടികൂടാനാകുമോ?
കണ്ണൂർ ∙ കൊലപാതകം നടത്തി കൊല്ലങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 3 കേസുകളിലെ പ്രതികളെ പിടികൂടിയ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓപ്പറേഷൻ ഗ്രിപ് ടീമിന് 2009 സെപ്റ്റംബർ 5ന് കൊല്ലപ്പെട്ട സിറ്റി ഹൈസ്കൂൾ അധ്യാപിക കണ്ണൂർ ഉരുവച്ചാൽ ചന്ദ്രവിഹാറിൽ ഹേമജയുടെ കൊലപാതകിയെ പിടികൂടാനാകുമോ? കൃത്യം നടത്തിയെന്നു സംശയിക്കുന്ന ഭർത്താവ് പന്നേൻപാറയിലെ ശശീന്ദ്രനെതേടി പൊലീസ് ഒട്ടേറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല.
നഗരസഭയിൽ റവന്യു ഇൻസ്പെക്ടറായി വിരമിച്ച ഉരുവച്ചാൽ ചന്ദ്രവിഹാറിൽ അമ്പാടി ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകളായിരുന്നു ഹേമജ. കൊല്ലപ്പെടുമ്പോൾ 46 വയസ്സ്. മകൾ ഹേമജയുടെ കൊലയാളികളെ കണ്ടെത്താൻ നിയമയുദ്ധം നടത്തിയിരുന്ന അച്ഛൻ രണ്ടരകൊല്ലത്തിനു ശേഷം മരിച്ചു. ഭർത്താവും സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ നിഗമനം. സംഭവശേഷം ഭർത്താവ് ശശീന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കൊലപാതകം നടന്ന് അഞ്ചാംദിവസം ശശിയുടെ കൂട്ടാളി ആലക്കോട് സ്വദേശി ടി.എൻ.ശശിയെ പൊലീസ് പിടികൂടി. കൊലപാതകം ആസൂത്രണം ചെയ്തത് ശശീന്ദ്രനാണെന്ന് ശശി പൊലീസിനു മൊഴി നൽകി. ഹേമജയുടെ സഹോദരിയുടെ ആഭരണങ്ങൾ ശശീന്ദ്രന്റെ കൈവശമായിരുന്നു. അതു തിരികെ ചോദിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു മൊഴി. തലേന്നു രാത്രി, വയറുവേദനയാണെന്നു പറഞ്ഞ് ശശീന്ദ്രൻ ഹേമജയെ കൂട്ടി ആശുപത്രിയിലേക്കു പുറപ്പെട്ടു. വഴിക്കുവച്ച് കൂട്ടുകാരനും കാറിൽ കയറി. കാറിൽവച്ചായിരുന്നു കൊലപാതകം. ശശീന്ദ്രനാണു കഴുത്തറുത്തത്. വിരമിച്ച ഡിവൈഎസ്പി പി.പി.സദാനന്ദനായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
