കടം വാങ്ങിയ തുക തിരിച്ചു തരാമെന്ന് റിസ്വാന; വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി; മൂന്നു പേര്‍ അറസ്റ്റില്‍
കാസർഗോഡ് കുമ്പളയിൽ വ്യാപാരിയെ ഹണിട്രാപ്പിന് ഇരയാക്കി പണം തട്ടിയെടുത്ത ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു . വ്യാപാരിയായ 64 കാരൻ്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു പ്രതികളുടെ ഭീഷണി. കുബണൂർ സ്വദേശിയായ റിസ്വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് പതിനാറിനാണ് സംഭവം. കടം വാങ്ങിയ 5000 രൂപ തിരികെ നൽകാനെന്ന പേരിൽ റിസ്വാനയാണ് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കിടപ്പ് മുറിയിൽ കയറ്റി ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും എടിഎം കാർഡും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു.ആദ്യം 1500 രൂപയും ചെറിയ മൊബൈൽ ഫോണും കാറിന്റെ ചാവിയും കൈക്കലാക്കിയ പ്രതികൾ കാറിൽ നിന്ന് 25000 രൂപ വില വരുന്ന മൊബൈൽ ഫോണും രണ്ട് എടിഎം കാർഡുകളും എടുത്തു.
ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങിയ ശേഷം 7200 എടിഎമ്മിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഓഗസ്‌ത് 17 ന് കടയിൽ എത്തി ഭീഷണിപ്പെടുത്തി 5000 രൂപ കൂടി വാങ്ങി. വീണ്ടും രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്.
