ഓണക്കുരുക്കഴിക്കാൻ കണ്ണൂർ നഗരത്തിൽ പൊലിസിറങ്ങും
കണ്ണൂർ: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ ഇന്നു മുതൽ പൊലിസ് രംഗത്തിറങ്ങും. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ/ ടാക്സിക്കാരും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിരയും അറിയിച്ചു.
കണ്ണൂർ നഗരപരിധിയിലെ സ്ക്രാപ്പ് കടകളിൽ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സ്ക്രാപ്പ് സാധനങ്ങൾ ഇന്നു മുതൽ നീക്കം ചെയ്യും. കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും തടസമായ രീതിയിൽ വർക്ക് ഷോപ്പ് പ്രവർത്തനവും അനുവദിക്കില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഓണം സീസൺ കഴിയും വരെ ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷൻ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവ പാർക്കിംഗ് കേന്ദ്രങ്ങളായിരിക്കും.
പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതി കൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്കിംഗുകൾ പൂർണമായും ഒഴിവാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ഓണം സീസണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം അനുവദിക്കുന്നതിനും തീരുമാനിച്ചു.ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് ഒഴിവാക്കി.
ഓണം കഴിയും വരെ എസ്ബിഐയിൽ നിന്ന് പുതിയ ബസ്സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിംഗ് മാത്രമായിരിക്കും. എസ്ബിഐ ജംഗ്ഷനിൽ നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന ഇട റോഡ് ഓണം സീസണിൽ വൺ വേ ആയിരിക്കും. പയ്യാമ്പലം ബീച്ച് റോഡ് സൈഡിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കും. ഓണം സീസൺ കഴിയും വരെ പ്ലാസ ജംഗ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ്സ്റ്റാൻഡ് എൻട്രി വരെ വൺവേ ആക്കുന്നതിനും, താവക്കരയിൽ നിന്നു പ്ലാസയിലേയ്ക്കുള്ള വഴി നോ എൻട്രി ആക്കി പുതിയ ബസ്സ്റ്റാൻഡ് റോഡ് വഴി എസ്ബിഐ ജംഗ്ഷൻ വഴി ഗതാഗതം ക്രമീകരിക്കും.
