ഇരുന്നാൽ നടുവൊടിയും, മൃദുത്വമില്ലാത്ത സീറ്റുകൾ; പുതിയ ജനശതാബ്ദി കോച്ചുകൾക്കെതിരെ വ്യാപക പരാതി

Share our post

തിരുവനന്തപുരം ∙ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും ഡിസൈനിൽ മാറ്റം വരുത്താൻ തയാറാകാതെ റെയിൽവേ. പഴയ ഐസിഎഫ് (ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി) നിർമിത കോച്ചുകൾ മാറ്റി തിരുവനന്തപുരം– കണ്ണൂർ, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾക്ക് ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകൾ നൽകിയത് കഴിഞ്ഞയിടെയാണ്.

തുരുമ്പെടുത്ത കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ ലഭിച്ചതിൽ യാത്രക്കാർ സന്തോഷിച്ചെങ്കിലും യാത്ര ചെയ്തപ്പോഴാണു പഴയ സീറ്റുകളായിരുന്നു ഭേദമെന്നു പലർക്കും ബോധ്യപ്പെട്ടത്. പുതിയ കോച്ചുകളിലെ സീറ്റുകൾ ചരിവില്ലാത്തതും മൃദുത്വമില്ലാത്തതും ആയതിനാൽ ദീർഘദൂര യാത്രയ്ക്ക് തീരെ യോജിച്ചതല്ല. പഴയ ജനശതാബ്ദിയിലെ കോച്ചുകൾ പുഷ്ബാക് സൗകര്യമുള്ളവയായിരുന്നു.

പുഷ്ബാക് സംവിധാനം പെട്ടെന്ന് കേടുവരുമെന്ന കാരണത്താൽ അത് ഒഴിവാക്കിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇപ്പോഴുള്ള കോച്ചുകളിലിരുന്ന് തലസ്ഥാനത്തു നിന്നു കോഴിക്കോട് വരെയോ കണ്ണൂർ വരെയോ യാത്ര ചെയ്യാൻ എളുപ്പമല്ലെന്നു യാത്രക്കാർ പറഞ്ഞു. പുഷ്ബാക് സംവിധാനം ഒഴിവാക്കി സീറ്റുകൾക്ക് നിശ്ചിത ചരിവു നൽകിയാൽ യാത്ര സുഖകരമാകും.

പുതിയ കോച്ചുകളിലെ ശുചിമുറികളെക്കുറിച്ചും പരാതിയുണ്ട്. തറയിൽ വെള്ളം കെട്ടി നിൽക്കുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. പല കോച്ചുകളിലും വെള്ളം ഒഴുകിപ്പോകാനുള്ള ചരിവു ശുചിമുറിയുടെ പ്രതലത്തിൽ നൽകിയിട്ടില്ല. ലക്നൗവിലെ റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷനാണ് (ആർഡിഎസ്ഒ) ഡിസൈനുകൾക്ക് അംഗീകാരം നൽകുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും സാധാരണ കോച്ചുകളിൽ യാത്ര ചെയ്യാത്തതിനാൽ ഈ പ്രശ്നങ്ങൾ ബോധ്യപ്പെടുക എളുപ്പമല്ലെന്നു യാത്രക്കാർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!