തമിഴ്‌നാട്ടിലെ ‘കൊച്ചുകേരളം’; 150 വർഷം പഴക്കമുള്ള മലയാളത്താൻപട്ടിയുടെ കഥ

Share our post

തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ അധികമാർക്കും അറിയാത്ത ഒരു കുഞ്ഞുഗ്രാമമുണ്ട്, ‘മലയാളത്താൻപട്ടി’. പേര് കേൾക്കുമ്പോൾ ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയം തോന്നാം. അതിനെല്ലാമുള്ള ഉത്തരം ഇവിടെയെത്തിയാൽ ലഭിക്കും. മലയാളം സംസാരിക്കുന്ന, കേരളത്തിന്റെ പാരമ്പര്യങ്ങൾ പിന്തുടരുന്ന ഒരിടം.

മധുര മീനാക്ഷി ക്ഷേത്രത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ‘മലയാളത്താൻപട്ടി’യെ ഒരു മലയാളി ഗ്രാമമെന്ന് വിശേഷിപ്പിക്കാം. മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ ഗ്രാമത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രം പറയാനുണ്ട്, തമിഴ്‌നാട്ടിൽ ഒരു മലയാളി ഗ്രാമം പിറന്നതിന്റെ കഥ.

മലബാറിൽനിന്നെത്തിയ മലയാളിയിലൂടെ പിറന്ന മലയാളത്താൻപട്ടി

ഏകദേശം 150 വർഷങ്ങൾക്ക് മുൻപ് മലപ്പുറം സ്വദേശിയായ കേളുണ്ണി വാര്യർ രാമേശ്വരം ദർശനം കഴിഞ്ഞ് മധുരയിലെത്തി വിശ്രമിക്കുന്ന വേളയിൽ ഒരു ഇംഗ്ലീഷ് പത്രത്തിലെ പരസ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മധുരയ്ക്ക് സമീപം കൃഷി ആവശ്യത്തിനായി കുറച്ച് ഭൂമി പാട്ടത്തിന് നൽകുന്നുവെന്ന വാർത്തയായിരുന്നു അത്. ഈ സ്ഥലത്തിൽ ആകൃഷ്ടനായ കേളുണ്ണി വാര്യർ ബ്രിട്ടീഷുകാരിൽനിന്ന് ഏകദേശം 150 ഏക്കർ ഭൂമി ലേലത്തിൽ വാങ്ങി. പിന്നീട് പ്രിയസുഹൃത്തായ ശങ്കരൻ നായരെയും ഒപ്പം കൂട്ടി കാടുപിടിച്ചുകിടന്ന ഈ ഭൂമി വെട്ടിത്തെളിച്ച് അദ്ദേഹം കൃഷിയിറക്കി.

തങ്ങൾ താമസമാക്കിയ പ്രദേശത്തിന് അവർ നൽകിയ പേരാണ് ‘മലയാളത്താൻപട്ടി’. കാലക്രമേണ വടക്കൻ മലബാറിൽനിന്നും ശങ്കരൻ നായരുടെ ബന്ധുക്കളും മറ്റ് മലയാളി കുടുംബങ്ങളും കൃഷിക്കായി ഇവിടെയെത്തി. വീടുകൾ നിർമിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. അങ്ങനെ ഒരു മലയാളി കുടിയേറ്റഗ്രാമമായി മലയാളത്താൻപട്ടി വളർന്നു.

കേളുണ്ണി വാര്യരുടെ കാലം കഴിഞ്ഞ് മകൻ മോഹനൻ നായർ കൃഷിഭൂമിയുടെ വലിയൊരു ഭാഗം അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിക്ക് കൈമാറി കേരളത്തിലേക്ക് മടങ്ങി. എന്നാൽ ഇവിടെ അധ്വാനിച്ചുണ്ടാക്കിയ മണ്ണ് വിട്ടുപോകാൻ തയ്യാറാകാതിരുന്ന ശങ്കരൻ നായരും കുടുംബാംഗങ്ങൾ ഇവിടെ തുടർന്നു. ആദ്യ തലമുറ കുടിയേറ്റ മലയാളികളുടെ പിൻതലമുറക്കാരാണ് ഇന്ന് മലയാളത്താൻപട്ടിയിലുള്ളത്. ഗ്രാമത്തിലെ മലയാളി കുടുംബങ്ങളുടെ വേരുകൾ പ്രധാനമായും പട്ടാമ്പി, ചെർപ്പുളശ്ശേരി, ചിറ്റൂർ തുടങ്ങിയ പാലക്കാട് മേഖലകളിലാണ്. സർക്കാർ രേഖകളിലും ഇന്ന് ‘മലയാളത്താൻപട്ടി’ ഔദ്യോഗികമായി ഇടം പിടിച്ചു.

കൃഷിയും കന്നുകാലി വളർത്തലും ഉപജീവനമാർഗം, വിദേശത്തേയ്ക്ക് ചേക്കേറുന്ന പുതിയ തലമുറ

മധുരയിൽനിന്ന് മേലൂരിലേക്കുള്ള റൂട്ടിൽ ഹൈവേയ്ക്ക് അരികിലാണ് മലയാളത്താൻപട്ടി. റോഡരികിൽ തന്നെ ‘മലയാളത്താൻപട്ടി’ എന്ന ബോർഡും കാണാം. റോഡിന്റെ മറുവശത്ത് ‘ആനമല’യുടെ അരികിലായി അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുമുണ്ട്.

90 വയസ്സുകാരിയായ ചെല്ലമ്മപ്പാട്ടിയാണ് ഇന്ന് ഗ്രാമത്തിലെ മുതിർന്നയാൾ. പാലക്കാട്ടുനിന്ന് 21-ാം വയസ്സിൽ ഇങ്ങോട്ടേയ്ക്ക് വിവാഹം കഴിച്ച് എത്തിയതാണ് ചെല്ലമ്മ. ഇന്നും മലയാളത്തിൽ സംസാരിക്കുകയും പാടുകയും ചെയ്യുന്ന അവർ വർഷത്തിലൊരിക്കൽ പാലക്കാട്ടേക്ക് പോകാറുമുണ്ട്.

’21-ാം വയസ്സിൽ കല്യാണം കഴിച്ച് എന്നെ ഇവിടെ കൊണ്ടുവന്നതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും കേരളത്തിൽ പോകാറുണ്ട്. പാലക്കാട് എനിക്ക് ബന്ധുക്കളും വീടുമൊക്കെയുണ്ട്. ഇവിടുത്തെ കുട്ടികൾക്കൊക്കെ കുറെശ്ശെ മലയാളം അറിയാം. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർ കുറവാണ്. കേരളത്തിലേത് പോലെ ഇവിടെ വിഷുവിന് കണികാണും, ഓണത്തിന് സദ്യയൊരുക്കും. ഇതൊരു കുട്ടിക്കേരളമാണ്’ ,ചെല്ലമ്മപ്പാട്ടി പറയുന്നു.

കൃഷിയും കന്നുകാലി വളർത്തലുമാണ് ഗ്രാമത്തിലെ പല കുടുംബങ്ങളുടെയും പ്രധാന ഉപജീവനമാർഗം. പുതിയ തലമുറയിൽ പലർക്കും വിദേശത്തേക്ക് പോകാനാണ് താൽപര്യം. ഗ്രാമത്തിൽ ഒരു ക്ഷേത്രവും കുളവും സർക്കാർ സ്‌കൂളുമുണ്ട്. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയാണ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം.

ഗ്രാമത്തിന്റെ മിക്ക വീടുകളുടേയും നിർമാണശൈലി കേരളത്തിലേതുപോലെയാണ്. ചുരുക്കം വീടുകൾക്കു മാത്രമാണ് തമിഴ് വാസ്തുശൈലിയുടെ സ്വാധീനമുള്ളത്. ഒരുകാലത്ത് നിരവധി മലയാളി കുടുംബങ്ങളുണ്ടായിരുന്നെങ്കിലും ഇന്നത് 20 കുടുംബങ്ങളിലേയ്ക്ക് ചുരുങ്ങി. തലമുറകൾ പിന്നിട്ടതോടെ മലയാളം സംസാരിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞു. പുതിയ തലമുറയ്ക്ക് മലയാളം എഴുതാനും വായിക്കാനും കാര്യമായ പരിചയമില്ല. എങ്കിലും മലയാളത്തനിമ കൈവിടാൻ അവർ തയ്യാറല്ല. പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ പാരമ്പര്യം പകർന്നു കൊടുക്കുന്നുണ്ട് പഴയ തലമുറ.

മലയാളത്താൻപട്ടിക്കാർക്ക് കേരളം എന്നത് വെറുമൊരു ഓർമ മാത്രമല്ല, ആഘോഷങ്ങളിലും ആചാരങ്ങളിലും ബന്ധങ്ങളിലും ഇന്നും കേരളത്തിന്റെ സാന്നിധ്യമുണ്ട്. ചിങ്ങത്തിൽ അത്തപ്പൂക്കളമൊരുക്കിയും ഊഞ്ഞാലിട്ടും ഓണം ആഘോഷിക്കുന്ന ഇവർ വിഷുവിന് കണിയും കൈനീട്ടവും ഒരുക്കുന്നു. വിശേഷങ്ങളോ ആഘോഷങ്ങളോ വരുമ്പോഴാണ് പലരും കേരളത്തിലേക്ക് എത്തുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള യാത്രയും ഇവരുടെ കേരളബന്ധത്തിന്റെ ഭാഗമാണ്, കുട്ടികളുടെ ചോറൂണും ഇവിടെത്തന്നെ. കാലമിത്ര കഴിഞ്ഞിട്ടും ഈ നാടിന്റെ മലയാളിത്തനിമ ഇന്നും മായാതെ നിൽക്കുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!