ഓണക്കാലത്തെ പൊതുവിതരണത്തിനായുള്ള അരിയിൽ കേന്ദ്രം നിർത്തിയ പോഷിതയരിയും; സ്വകാര്യമില്ലുകളിൽ പരിശോധന
ആലത്തൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ (ഫോർട്ടിഫൈഡ് റൈസ് കേർണൽ-എഫ്.ആർ.കെ.) സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയ മില്ലുകളിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കി അരി പൊതുവിതരണത്തിന് കൈമാറുന്നത് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസർമാർ നിർത്തിവെച്ചു. ആയിരം ലോഡ് അരിക്ക് പ്രശ്‌നമുണ്ടെന്നാണ് അറിയുന്നത്. ഓണക്കാലത്ത് റേഷൻകടകളിൽ എത്തേണ്ട മട്ടയരിയാണിത്.
പോഷിതയരി പൊതുവിതരണത്തിനുള്ള അരിയിൽ കലർത്തുന്നത് 2026 ഫെബ്രുവരിയി 27-നാണ് കേന്ദ്രസർക്കാർ നിർത്തിയത്. ഇതിനുശേഷം പൊതുവിതരണത്തിനായി തയ്യാറാക്കുന്ന അരിയിൽ കലർത്താൻ കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയിലൂടെ പോഷിതയരി മില്ലുകൾക്ക് നൽകിയിട്ടില്ല. നേരത്തേ വിതരണം ചെയ്ത റേഷനരി വീണ്ടും മില്ലുകളിൽ തിരിച്ചെത്തിയതോ, അയൽ സംസ്ഥാനത്തെ റേഷനരി സ്വകാര്യമില്ലുകൾ കൊണ്ടുവന്നതോ ആകാമെന്നാണ് വിലയിരുത്തൽ.
പാലക്കാട്, എറണാകുളം ജില്ലകളിലെ 43 മില്ലുകളാണ് സപ്ലൈകോയ്ക്കുവേണ്ടി നെല്ലുസംഭരിച്ച് അരിയാക്കുന്നത്. 28 മില്ലുകളിൽ പോഷിതയരി കണ്ടെത്തിയെന്നാണ് സൂചന. പാലക്കാട് ജില്ലയിലെ 11-ൽ ഏഴുമില്ലുകളിലേയും ഗുണനിലവാരം അംഗീകരിക്കാതെ സപ്ലൈകോ മേലധികാരികൾക്കും കളക്ടർക്കും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
സംഭരിച്ച മട്ട നെല്ല് ബ്രാൻഡഡ് അരിയാക്കി പൊതുവിപണിയിൽ വിൽക്കുകയും പകരം ഗുണനിലവാരവും വിലയും കുറഞ്ഞ ഇതര സംസ്ഥാന നെല്ല് അരിയാക്കി പൊതുവിതരണത്തിന് നൽകുകയും ചെയ്യുന്നതായി മുൻപും പരാതി ഉയർന്നിരുന്നു. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന്റെ അരി, മില്ലിൽനിന്ന് നേരിട്ട് സിവിൽ സപ്ലൈസ് ഡിപ്പോയിലേക്കാണ് പോകുക. ഭക്ഷ്യസുരക്ഷാ നിലവാരവിഭാഗം ഇതിൽ ഇടപെടാറില്ല. എഫ്.സി.ഐ. ഗോഡൗണിൽനിന്ന് വരുന്ന പഴയ അരിയിൽ പോഷിതയരി ഉണ്ടെന്നാണ് ജില്ലാ സപ്ലൈ ഓഫീസർമാർ പറയുന്നത്.
പോഷിതയരി
പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിക്കാനാണ് അരിയിൽ ഒരുശതമാനം പോഷിതയരി കലർത്തിയിരുന്നത്. അയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി-12 എന്നിവ അരിപ്പൊടിയിൽ ചേർത്ത് അരിയുടെ രൂപത്തിലാണ് ഇത് നിർമിച്ചിരുന്നത്. പോഷിതയരിയുടെ ഗുണനിലവാരം, കാലാവധി, വിപരീത ഫലം, ലബോറട്ടറി പരിശോധന എന്നിവ സംബന്ധിച്ച് ഗൊരഖ്പൂർ ഐ.ഐ.ടി.യുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിതരണം നിർത്തിവെച്ചത്. പോഷകപ്രശ്‌നം പരിഹരിക്കാൻ മെച്ചപ്പെട്ട മറ്റു മാർഗം തേടണമെന്നായിരുന്നു റിപ്പോർട്ട്.
