കപ്പക്കടവിലെ സൈബർ പോരാളിയിൽനിന്ന് സ്വർണം പൊട്ടിക്കൽ തലവനിലേക്ക്; വിവാദങ്ങൾ ഹരമാക്കി ആയങ്കി
കോട്ടയം : കേരളത്തിൽ രാഷ്ട്രീയ ക്രിമിനൽ പശ്ചാത്തലവും സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളും കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ് അർജുൻ ആയങ്കി. സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് സ്വർണക്കവർച്ച സംഘത്തിന്റെ തലവനിലേക്കും, തുടർന്ന് പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന കുറ്റവാളിയിലേക്കുമുള്ള അർജുൻ ആയങ്കിയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ ആയങ്കി, സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാൾ, പാർട്ടിക്ക് വലിയ സ്വാധീനമുള്ള കണ്ണൂരിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു.
∙ സമൂഹമാധ്യമങ്ങളിലെ സൈബർ സഖാവ്
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് അർജുൻ തന്റെ ജനപ്രീതി വർധിപ്പിച്ചത്. പാർട്ടിയെയും നേതാക്കളെയും പ്രതിരോധിച്ച് എതിരാളികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ സൈബർ ആക്രമണം നടത്താൻ ഇയാൾക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു. മാസ് ഡയലോഗുകളും, പാർട്ടി അനുകൂല പോസ്റ്റുകളും വഴി യുവാക്കളെ ആകർഷിച്ച ഇയാൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായി. രാഷ്ട്രീയ തണലിൽ വളർന്ന അർജുൻ ആയങ്കി, പതുക്കെ കണ്ണൂരിലെ ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ രൂപീകരിച്ച ക്വട്ടേഷൻ സംഘങ്ങളുടെ തലവനായി ഇയാൾ സ്വയം പ്രഖ്യാപിച്ചു. തുടർന്ന് കൂടുതൽ പണമുണ്ടാക്കാൻ വേണ്ടി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് രംഗത്തേക്ക് തിരിയുകയായിരുന്നു.
∙ ഭീഷണിപ്പെടുത്തി ‘സ്വർണം പൊട്ടിക്കൽ’
സ്വർണം നേരിട്ട് കടത്തുന്നതിനു പകരം, വിദേശത്തുനിന്ന് മറ്റ് സംഘങ്ങൾ കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിനു പുറത്തുവച്ച് തട്ടിയെടുക്കുന്ന രീതിയാണ് അർജുൻ ആയങ്കിയും സംഘവും പരീക്ഷിച്ചത്. മലബാറിലെ ഗുണ്ടാ ഭാഷയിൽ ഇത് ‘സ്വർണം പൊട്ടിക്കൽ’ എന്നാണ് അറിയപ്പെട്ടത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ വഴി എത്തുന്ന കാരിയർമാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും സ്വർണം അപഹരിക്കുകയായിരുന്നു ഇവരുടെ രീതി. പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചുള്ള വാഹനങ്ങളിലാണ് ഇവർ പലപ്പോഴും കവർച്ചാ ആസൂത്രണം നടത്തിയിരുന്നത്. അർജുൻ ആയങ്കിയുടെ ക്രിമിനൽ, സ്വർണക്കടത്ത് ബന്ധങ്ങൾ പുറത്തുവന്നതോടെ സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിരോധത്തിലായി. പാർട്ടിക്ക് വലിയ രീതിയിൽ അപകീർത്തി ഉണ്ടാക്കിയതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതൃത്വം ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കി. ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഉപയോഗിച്ച് താൻ ഇപ്പോഴും പാർട്ടിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് വരുത്തിതീർക്കാനും, പൊലീസിനെ വെല്ലുവിളിക്കാനും അർജുൻ ആയങ്കിക്ക് കഴിഞ്ഞിരുന്നു.
∙ ട്വിസ്റ്റായ രാമനാട്ടുകര അപകടം
2021 ജൂൺ 21നുണ്ടായ രാമനാട്ടുകര വാഹനാപകടമാണ് കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വലിയൊരു സ്വർണക്കവർച്ച ശൃംഖലയുടെ ചുരുളഴിച്ചതും അർജുൻ ആയങ്കിയുടെ പേര് പുറത്തുകൊണ്ടുവന്നതും. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര പുലിഞ്ചോട് വളവിൽ നടന്ന അപകടമാണ് കഥയിലെ ട്വസ്റ്റായത്. കരിപ്പൂർ വിമാനത്താവള ഭാഗത്തുനിന്ന് വരികയായിരുന്ന ഒരു ജീപ്പ് എതിരെ വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതേ ദിവസം പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ മുഹമ്മദ് ഷഫീഖ് എന്ന മലപ്പുറം സ്വദേശിയായ കാരിയറിൽ നിന്ന് കസ്റ്റംസ് 2.33 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. പിടിയിലായ ഷഫീഖിനെ ചോദ്യം ചെയ്തപ്പോഴാണ്, വിമാനത്താവളത്തിനു പുറത്ത് തനിക്കായി കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കാത്തുനിൽക്കുന്നുണ്ടെന്ന വിവരം കസ്റ്റംസിനു ലഭിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ, വിമാനത്താവളത്തിൽ നിന്ന് വരുന്ന സ്വർണം തട്ടിയെടുക്കാൻ ഒരേസമയം മൂന്ന് സംഘങ്ങൾ രംഗത്തുണ്ടായിരുന്നു എന്ന് വ്യക്തമായി.
സ്വർണം കടത്താൻ പണം മുടക്കിയ യഥാർഥ ഉടമകളുടെ കൊടുവള്ളിയിൽ നിന്നുള്ള സംഘം, കൊടുവള്ളി സംഘം കൊണ്ടുവരുന്ന സ്വർണത്തിനു സംരക്ഷണം നൽകാനും മറ്റ് സംഘങ്ങൾ തട്ടിയെടുക്കാതെ നോക്കാനും ക്വട്ടേഷൻ എടുത്ത് വന്ന ചെർപ്പുളശ്ശേരി സംഘം, കാരിയറെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നുമാറ്റാൻ (സ്വർണ്ണം പൊട്ടിക്കാൻ) ചുവന്ന മാരുതി സ്വിഫ്റ്റ് അർജുൻ ആയങ്കിയുടെ സംഘം എന്നിങ്ങനെ ആയിരുന്നു മൂന്ന് സംഘങ്ങൾ. ഷഫീഖ് സ്വർണവുമായി വിമാനത്താവളത്തിനു പുറത്തിറങ്ങാത്തതിനെ തുടർന്ന് അർജുൻ ആയങ്കിയുടെ സംഘം അവിടെനിന്ന് മടങ്ങി. എന്നാൽ, കണ്ണൂർ സംഘം സ്വർണവുമായി കടന്നുകളഞ്ഞു എന്ന് തെറ്റിദ്ധരിച്ച ചെർപ്പുളശ്ശേരി സംഘം ഇവരുടെ വാഹനത്തെ അതിവേഗത്തിൽ പിന്തുടർന്നു. ഈ ജീവന്മരണ മത്സരയോട്ടത്തിനിടയിലാണ് നിയന്ത്രണം വിട്ട ചെർപ്പുളശ്ശേരി സംഘത്തിന്റെ ജീപ്പ് ലോറിയിലിടിച്ച് തകരുന്നത്. തുടർന്ന് നടന്ന കസ്റ്റംസ്, പൊലീസ് അന്വേഷണത്തിലാണ് അർജുൻ ആയങ്കിയാണ് കവർച്ചാ ആസൂത്രണത്തിനു പിന്നിലെന്ന് തെളിഞ്ഞത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ പേര് ഉപയോഗിച്ചാണ് അർജുൻ കാരിയർമാരെ ഭീഷണിപ്പെടുത്തിയിരുന്നത്. അപകടത്തിനു ശേഷം അർജുൻ ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാർ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഒളിവിൽ പോയ അർജുനെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ഇയാൾ മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു.
∙ മീനാക്ഷിപുരത്തെ കവർച്ച
പാലക്കാട് തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള മീനാക്ഷിപുരം സൂര്യപാറയിൽ തൃശൂർ പുതുക്കോട് സ്വദേശിയായ സ്വർണവ്യാപാരി തമിഴ്നാട്ടിലെ മതുക്കരയിൽ നിന്ന് ബസിൽ മടങ്ങിവരുമ്പോൾ അക്രമിസംഘം കാറിലെത്തി ബസ് തടഞ്ഞുനിർത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണാഭരണങ്ങളും, 23,000 രൂപയും, മൊബൈൽ ഫോണും കവർന്ന ശേഷം വിജനമായ സ്ഥലത്ത് വ്യാപാരിയെ ഉപേക്ഷിച്ചു. ഈ കേസിൽ പതിനാലാം പ്രതിയാണ് അർജുൻ ആയങ്കി. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പതിനഞ്ചോളം പേർ കേസിൽ പ്രതികളായി അറസ്റ്റിലായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ അർജുൻ ആയങ്കിയെയും കൂട്ടാളി മുഹമ്മദ് അനീസിനെയും 2023 ജൂലൈയിൽ പൂണെയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 125 ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയതിനെ തുടർന്ന് ഹൈക്കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുകയാണുണ്ടായത്.
∙ ചുമത്തിയ കാപ്പ റദ്ദാക്കി
2022ൽ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലും മറ്റ് തട്ടിപ്പ് കേസുകളിലും അർജുൻ നിരന്തരം ഉൾപ്പെട്ടതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം കാപ്പ ചുമത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ 6 മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നാടുകടത്തി ഉത്തരവിട്ടിരുന്നു. നാടുകടത്തൽ ഉത്തരവിനെതിരെ അർജുൻ ആയങ്കി കാപ്പ അഡ്വൈസറി ബോർഡിനെ സമീപിച്ചു. 2022 ജൂലൈയിൽ അഡ്വൈസറി ബോർഡ് ഈ കാപ്പ ഉത്തരവ് റദ്ദാക്കി. സ്വർണക്കടത്ത് എന്നത് കസ്റ്റംസിന്റെ പരിധിയിൽ വരുന്ന കേസാണെന്നും, ഇത് കാപ്പ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുമാണ് ബോർഡ് നിരീക്ഷിച്ചത്.
∙ വെല്ലുവിളിച്ച് അറസ്റ്റ്
2026 മേയ് മാസത്തിൽ എറണാകുളം കോതമംഗലത്തെ റിസോർട്ടിൽ വച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി ഒത്തുകൂടി എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അർജുൻ ആയങ്കിയെയും കൂട്ടാളികളെയും കരുതൽ തടങ്കലിലാക്കിയിരുന്നു. ഈ കേസിൽ 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിക്കുന്നത്. എന്നാൽ, ഈ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ആയങ്കി ആരോപിച്ചത്.
ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ അറസ്റ്റ് ചെയ്ത പൊലീസിനോട് പ്രതികാരം ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. കോതമംഗലം ഇൻസ്പെക്ടറെ സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ പരസ്യമായി ഭീഷണിപ്പെടുത്തി. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളി. ഇതോടെ ഒളിവിൽ പോയ ഇയാൾ ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നേരെയും കടുത്ത അധിക്ഷേപവും ഭീഷണിയുമടങ്ങിയ ഓഡിയോ സന്ദേശങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും പുറത്തുവിട്ടു. തുടർന്ന് ഊന്നുകൽ പൊലീസും പുതിയ കേസെടുത്തു.
ഒളിവിൽ കഴിഞ്ഞ് തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച ഇയാൾക്കെതിരെ ആലുവ (എറണാകുളം റൂറൽ) സൈബർ ക്രൈം പൊലീസ് മറ്റൊരു ഗൗരവമേറിയ കേസുകൂടി റജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിടുകയും, അതുവഴി പൊതുസമൂഹത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ കടുത്ത വകുപ്പുകളാണ് ചുമത്തിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞപ്പോഴും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ വഴി പൊലീസ് തന്നെ പിടികൂടാതിരിക്കാൻ അർജുൻ ആയങ്കി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു. ഫോണിൽ സിം കാർഡ് ഉപയോഗിക്കാതെ കേവലം വൈഫൈ മാത്രം ഉപയോഗിച്ചാണ് ഇയാൾ ഇന്റർനെറ്റ് കോളുകളും സമൂഹമാധ്യമ പോസ്റ്റുകളും നടത്തിയത്. കൂടാതെ ഐപി വിലാസം മറച്ചുവയ്ക്കാനുള്ള സംവിധാനങ്ങളും ഉപയോഗിച്ചതിനാൽ പൊലീസിന് ഇയാളുടെ കൃത്യമായ ഒളിത്താവളം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും തുടർച്ചയായി വിഡിയോ സ്റ്റോറികൾ പങ്കുവച്ച് ആഭ്യന്തരമന്ത്രിയെയും പൊലീസിനെയും പരിഹസിച്ചു.
∙ കുടുംബത്തിലും വിവാദം
ക്രിമിനൽ പശ്ചാത്തലങ്ങൾക്കും സമൂഹമാധ്യമ വെല്ലുവിളികൾക്കും ഇടയിലും, കുടുംബനാഥൻ എന്ന നിലയിൽ തന്റെ വികാരങ്ങളും പ്രതിസന്ധികളും അദ്ദേഹം അർജുൻ ആയങ്കി പങ്കുവച്ചിരുന്നു. സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും എന്നായിരുന്നു ഒരു ഫെയ്സ്ബുക്ക് കുറിപ്പ്. കള്ളക്കേസുകളിൽ കുടുക്കി തന്റെ കുടുംബജീവിതം തകർത്തത് ഇവിടുത്തെ പൊലീസ് സംവിധാനമാണെന്നും അർജുൻ ആരോപിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ സമയത്ത് റോഡിലിരുന്ന് കരയേണ്ടി വന്ന തന്റെ സഹോദരിയെക്കുറിച്ചും അർജുൻ പോസ്റ്റിൽ പരാമർശിച്ചിരുന്നു.
എന്നാൽ അർജുൻ ആയങ്കിക്കെതിരെ ഭാര്യ ഉന്നയിച്ച പീഡന ആരോപണങ്ങൾ വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അർജുനും കുടുംബത്തിനുമെതിരെ ഗുരുതരമായ ഗാർഹിക പീഡന ആരോപണങ്ങൾ വെളിപ്പെടുത്തിയത്. വിവാഹത്തിനു മുൻപ് ഒരുമിച്ച് താമസിച്ച കാലയളവിൽ താൻ ഗർഭിണിയായപ്പോൾ അർജുൻ നിർബന്ധിച്ച് രണ്ട് തവണ ഗർഭഛിദ്രം ചെയ്യിച്ചതായി ഭാര്യ ആരോപിച്ചു. തനിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് കുട്ടി ഇല്ലാതായതെന്ന് അർജുൻ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു. തനിക്ക് കറുത്ത നിറമായതുകൊണ്ട് അർജുന്റെ അമ്മയും കുടുംബവും നിരന്തരം പരിഹസിക്കുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു. വെളുക്കാൻ വേണ്ടി താൻ ചികിത്സ തേടേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായി. അർജുനെ സാമ്പത്തികമായി പലതവണ സഹായിച്ചിട്ടുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്യലിലും കേസ് ആവശ്യങ്ങൾക്കും ഒപ്പം നിന്നിട്ടും ക്രൂരമായ അവഗണനയാണ് ലഭിച്ചത്. അർജുന്റെ സ്വർണക്കടത്ത്, കുഴൽപ്പണ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നു. ഒരു തവണ രാത്രി പുറത്തുപോയി വന്ന അർജുന്റെ ശരീരത്തിൽ പരസ്ത്രീ ബന്ധം സംശയിക്കുന്ന തരത്തിലുള്ള പാടുകൾ കണ്ടപ്പോൾ ചോദ്യം ചെയ്തതിനാണ് ക്രൂരമായി പീഡിപ്പിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്താൽ അതിന് പൂർണ ഉത്തരവാദികൾ അർജുൻ ആയങ്കിയും അവന്റെ കുടുംബവുമായിരിക്കുമെന്നും അമല ഫെയ്സ്ബുക്ക് ലൈവിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രണയിക്കാതെ ഒരുവളെ കല്യാണം കഴിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്ന് അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി ഭാര്യ രംഗത്തെത്തിയത്.
