വെള്ളം കണ്ടാൽ സെ‍ൻസർ തകരാർ; പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ അഞ്ച് ലക്ഷം രൂപ ചെലവ്

Share our post

പത്തനംതിട്ട : കേരളത്തിലെ പ്രളയസാഹചര്യത്തോടു പിടിച്ചുനിൽക്കാനാവാതെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ. മലിനീകരണം കുറയ്ക്കാനായി പുതിയ ബിഎസ് 6 നിലവാരത്തിലുള്ള ബസുകളിൽ ഘടിപ്പിച്ച പുതിയ സംവിധാനങ്ങളുടെ രൂപകൽപനയിലെ പിഴവാണ് പ്രളയകാലത്ത് സ്വിഫ്റ്റ് ബസുകളെ ബ്രേക്ക് ഡൗണിലേക്കു നയിക്കുന്നത്. റോഡിൽ 40 സെന്റീമീറ്ററിൽ അധികം ഉയരത്തിൽ പ്രളയജലം ഉണ്ടെങ്കിൽ സ്വിഫ്റ്റ് ബസുകൾ ഹൈഡ്രോലോക്കായി നടുറോഡിൽ കിടക്കും. കേരളത്തിന്റെ മാറിയ കാലാവസ്ഥയും പ്രളയസാഹചര്യവും മുന്നിൽ കാണാതെ ഇറക്കിയ ഏകദേശം 600 സ്വിഫ്റ്റ് ബസുകളാണ് നിലവിൽ വെള്ളത്തെ പേടിക്കേണ്ടത്.

കഴിഞ്ഞ ദിവസം കോഴഞ്ചേരിക്കടുത്ത് വെള്ളപ്പൊക്കത്തിലൂടെ ഓടിച്ച ബസ് ഹൈഡ്രോലോക്കായി നടുറോഡിൽ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി. എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ നാലു ദിവസമായി വെള്ളക്കെട്ട് തുടരുന്നതിനാൽ സെൻസർ ഘടിപ്പിച്ച ബസുകൾ ഇന്നലെ മുതൽ ആലപ്പുഴ റൂട്ടിലൂടെ വഴിതിരിച്ചുവിട്ടു. ഡീസലിന് ഒപ്പം അമോണിയ കൂടി കലർത്തിയാണ് ബിഎസ് 6 ബസുകളിലെ പുക നിയന്ത്രണം. മുൻവാതിലിനു താഴെയാണ് വായു വലിച്ചെടുക്കാനും മറ്റുമുള്ള എയർ ഫിൽറ്റർ സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. റോഡിൽ രണ്ടടി വെള്ളം ഉയർന്നാൽ തന്നെ വായുവിനു പകരം എയർ ഫിൽറ്റർ പ്രളയജലം വലിച്ചെടുത്ത് എൻജിൻ നിലയ്ക്കാനുള്ള സാധ്യത ഏറെയാണ്.

വണ്ടി വർക് ഷോപ്പി‍ൽ എത്തിച്ച് എൻജിൻ നന്നാക്കാതെ പിന്നെ വാഹനം ചലിക്കില്ല. പഴയ ബിഎസ്–2, ബിഎസ്–3 വാഹനങ്ങളിൽ എയർ ഫിൽറ്ററും മറ്റും പിന്നിലായി കുറച്ചു കൂടി ഉയരത്തിലായിരുന്നു. എൻജിൻ താപനില, പുറന്തള്ളുന്ന കാർബൺ മോണോക്സൈഡിന്റെ അളവ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണ്ടത്ര അമോണിയയും മറ്റും ഡീസലിലേക്കു സ്പ്രേ ചെയ്ത് പുക കുറയ്ക്കാൻ സഹായിക്കുന്ന സെൻസറുകളാണ് ബസിനെ മലിനീകരണ രഹിതമാക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മലിനീകരണ നിയന്ത്രണ ബോർഡും ഒക്കെ അംഗീകരിച്ച നടപടിയാണെങ്കിലും കേരളത്തിലെ ആവർത്തിക്കുന്ന മിന്നൽ പ്രളയ സാഹചര്യത്തിൽ പലപ്പോഴും കെഎസ്ആർടിസി ഉൾപ്പെടെ ബസുകൾ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

കേടായ ഒരു ബസ് നന്നാക്കാൻ തന്നെ ഏകദേശ 5 ലക്ഷം രൂപ ചെലവാകുമെന്നത് കോർപറേഷനെ വലയ്ക്കും. രാജ്യത്തെ ബസുകൾ മിക്കതും ഉത്തരേന്ത്യൻ സാഹചര്യം മുന്നിൽക്കണ്ടുള്ള രൂപകൽപനയായതിനാൽ ബസ് നിർമാതാക്കളുമായി ചർച്ച ചെയ്ത് കേരളത്തിന്റെ പ്രളയസാഹചര്യത്തിന് അനുയോജ്യമായ ബസ് നിർമിക്കേണ്ട സ്ഥിതിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!