2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ്? 0.40% വരെ ഫീസ് ഈടാക്കിയേക്കും
യുപിഐ ഇടപാടുകള്‍ക്ക് ഫീസിന് സാധ്യത. 2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകള്‍ക്ക് 0.25% മുതല്‍ 0.4% വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് വിവരം. വ്യക്തികള്‍ക്കിടയിലെ ഇടപാടുകളെയും ചെറിയ തുകയ്ക്കുള്ള പര്ച്ചേസുകളേയും മാറ്റം ബാധിക്കില്ല. ടാക്സേഷന്‍ & അദര്‍ ലോസ് ബില്‍ പ്രകാരം വരുന്ന നിയമഭേദഗതിയാണ് ഫീസ് ഈടാക്കാനുള്ള സാധ്യത തുറയ്ക്കുന്നത്.
ഈ പരിധി പ്രകാരം 95 ശതമാനം ഇടപാടുകൾക്കും എം.ഡി.ആർ ബാധകമാകില്ലെന്നാണ് കണക്ക്. കൂടാതെ, എല്ലാ വ്യാപാരികളും ഈ ചെറിയ തുക ഉപഭോക്താക്കളുടെ മേൽ ചുമത്തണമെന്നില്ലെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എം.ഡി.ആർ ഉണ്ടെങ്കിലും മിക്ക വ്യാപാരികളും അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല. ക്രെഡിറ്റ് കാർഡുകളിൽ എം.ഡി.ആർ ഇടപാട് തുകയുടെ 3 ശതമാനം വരെ ഉയര്‍ന്നേക്കാം. എന്നാൽ 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.4 ശതമാനം എന്ന പരിധിയുണ്ട്, ഉയർന്ന തുകയാണെങ്കിൽ അത് 0.9 ശതമാനമാണിത്.
എന്താണ് എംഡിആര്‍
ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും പെയ്മെന്റ് സേവന ദാതാക്കൾക്കും (PSPs) നൽകേണ്ടിവരുന്ന സേവന ഫീസാണ് മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ്. 2020 മുതല്‍ യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. ഡിജിറ്റല്‍ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഉദാഹരണമായി ഉപഭോക്താവ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 1,000 രൂപയ്ക്ക് ഒരു സാധനം വാങ്ങുമ്പോൾ, അതിൽ നിന്ന് ചെറിയൊരു ശതമാനം തുക ഇടപാടുമായി ബന്ധപ്പെട്ട രണ്ട് ബാങ്കുകളും വീതിച്ചെടുക്കുന്നു. ബാക്കി വരുന്ന തുക മാത്രമാണ് വ്യാപാരിക്ക് ലഭിക്കുന്നത്. എന്നാല്‍ യു.പി.ഐ ഇടപാടുകളിൽ, നിലവില്‍ വ്യാപാരികൾക്ക് മുഴുവൻ തുകയും ലഭിക്കും.
എന്താണ് നിയമഭേദഗതി
പെയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്ടിലാണ് കേന്ദ്രം ഭേദഗതി വരുത്താന്‍ ഉദ്യേശിക്കുന്നത്. 2007 ലെ നിയമത്തിലെ സെക്ഷന്‍ 10 ഭേദഗതി ചെയ്യാനാണ് കേന്ദ്രം നിര്‍ദേശം. യുപിഐ, റൂപേ ഡെബിറ്റ് കാർഡ് പേയ്മെന്റുകളില്‍ നിന്ന് എംഡിആര്‍ ഈടാക്കുന്നതിനെ ബാങ്കുകളെയും പേയ്മെന്റ് സേവന ദാതാക്കളെയും നിയമം തടയുന്നുണ്ട്. ബില്‍ പാസായാല്‍ ഏതൊക്കെ പേയ്മെന്റ് രീതികളാണ് നിരക്കുകളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതെന്നും ഏതൊക്കെയാണ് എംഡിആർ ബാധകമാക്കേണ്ടതെന്നും വിജ്ഞാപനം ചെയ്യാൻ സര്‍ക്കാറിന് സാധിക്കും. വേണമെങ്കില്‍ യുപിഐയ്ക്ക് എംഡിആര്‍ ചുമത്താന്‍ സര്‍ക്കാറിന് കഴിയും.
