‘അന്ന് ചെയ്ത ആ തെറ്റ് തിരുത്തിയല്ലോ എന്ന് ആശ്വാസം; നെഞ്ചിലെ ചൂടായിരുന്നു, പൊന്നു പോലെ കാക്കും’; ആ അമ്മ പറയുന്നു

Share our post

കോഴിക്കോട് ∙ പ്രസവിച്ച് എട്ടാം ദിവസം. കൂരിരുട്ടിൽ, രാത്രി അമ്മത്തൊട്ടിലിനു മുന്നിൽ ഞാൻ കുറേ സമയം കരഞ്ഞു നിന്നു. അവസാനമായി ഒരിക്കൽ കൂടി അവനു പാൽ കൊടുത്തു. രണ്ടു കവിളുകളിലും ഉമ്മ കൊടുത്തിട്ട് ചെവിയിൽ പറഞ്ഞു. ‘മോനേ അമ്മയ്ക്ക് ഇപ്പോൾ ഇതേ നിവൃത്തിയുള്ളു. എവിടെ പോയാലും എന്നെങ്കിലും ഒരിക്കൽ അമ്മ തിരിച്ചു വരും. മോനെ കൊണ്ടു പോകും’. പിന്നീട് ഓരോ ദിവസവും എന്റെ കുഞ്ഞ് ഇട്ട കുപ്പായങ്ങൾ നെഞ്ചിൽ ചേർത്താണു ഞാൻ ഉറങ്ങിയത്. നാലര മാസത്തിനു ശേഷം അവനെ ഏറ്റുവാങ്ങിയപ്പോൾ അന്ന് ചെയ്ത ആ തെറ്റ് തിരുത്തിയല്ലോ എന്ന ആശ്വാസം നെഞ്ചിലുണ്ട്. ’’ – അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു പോയ മകനെ നാലര മാസം നീണ്ട നിയമപോരാട്ടത്തിനു ശേഷം തിരിച്ചെടുത്ത് ആ അമ്മ പറയുന്നു.

കുഞ്ഞിനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ തന്നെ അധികൃതരുടെ മുന്നിൽ എത്തുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞിന്റെ ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ കൈമാറിയത്. ‘‘എന്റെ അച്ഛനെയും അമ്മയെയും കണ്ട ഓർമയില്ല. ബന്ധുക്കളാണു വളർത്തിയത്. വിവാഹിതയായെങ്കിലും 2 വർഷത്തിനു ശേഷം വേർപിരിഞ്ഞു. അതിലൊരു മകനുണ്ട്. അടുത്ത കാലത്താണ് മറ്റൊരാളുമായി സ്നേഹത്തിലായത്. ഗർഭിണിയായെന്ന് അറിയാൻ വൈകി.

വിവരം അറിഞ്ഞതോടെ വീട്ടിൽനിന്നു പുറത്താക്കി. അയാളും ഉപേക്ഷിച്ചു. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് കയറിക്കിടക്കാനൊരു കൂര പോലുമില്ലാതെ എന്തു ചെയ്യും?. മാർച്ച് 4ന് ആയിരുന്നു പ്രസവം. 12ന് കുഞ്ഞിനെ ഉപേക്ഷിച്ചു. കുഞ്ഞിനെ കളഞ്ഞാൽ വീട്ടിൽ കയറ്റുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ബന്ധുക്കൾ ഒഴിവാക്കി. അതിനിടെ മാർച്ച് 14ന് അമ്മത്തൊട്ടിലിൽ കുട്ടിയെ കിട്ടിയെന്നും ‘ആരവ്’ എന്നു പേരിട്ടെന്നും ദത്തെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്നൊക്കെ വാർത്ത കണ്ടു. ഞാൻ വളർന്നതു പോലെ ആരുടെയൊക്കെയോ ഔദാര്യത്തിൽ എന്റെ കുഞ്ഞും ജീവിക്കരുതെന്ന് തീരുമാനിച്ചു. അതോടെയാണു കുഞ്ഞിനെ തേടി എത്തിയത്.

‘‘ഇനി എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. ആരവ് എന്ന പേരുമാറ്റണം. നല്ലൊരു പേര് മനസ്സിലുണ്ട്. ഒരു വാടകവീട് കണ്ടെത്തിയിട്ടുണ്ട്. മൂത്ത കുഞ്ഞ് അസുഖബാധിതനാണ്. വാടകയും ചികിത്സയും ചെലവുമെല്ലാം നോക്കണം. ഇപ്പോൾ ഒരു സ്ഥാപനത്തിൽ ചെറിയ ജോലിയുണ്ട്. ജോലിക്കു പോകുമ്പോൾ കുഞ്ഞിനെക്കൂടി കൊണ്ടു പോകണം. വലിയ ആർഭാടമോ സൗകര്യങ്ങളോ ഒന്നും എന്റെ മക്കൾക്കു കൊടുക്കാനില്ല. എന്നാലും എന്റെ ശ്വാസം നിലയ്ക്കും വരെ അവരെ കൂട്ടിപ്പിടിച്ചു ജീവിക്കണം’’– അത്രയും പറഞ്ഞ് ആ അമ്മയും രണ്ടു മക്കളും ഇന്നലെ പെരുമഴയത്തേക്ക് ഇറങ്ങിപ്പോയി. നന്മയുടെ കുട ചൂടി ആരെങ്കിലുമൊക്കെ സഹായിക്കാൻ എത്തുമെന്ന് അവർക്കു പ്രതീക്ഷയുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!