ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും; ഇതിനർത്ഥം ആരും പൊതിച്ചോറ് നൽകേണ്ട എന്നല്ല: കെ മുരളീധരൻ
ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. രണ്ടു മാസത്തിനകം തുടങ്ങുമെന്നും
പരീക്ഷണാടിസ്ഥാനത്തിലാവും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കും. ഇതിനര്‍ത്ഥം ആരും പൊതിച്ചോറ് നല്‍കേണ്ട എന്നല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. ഡിവൈഎഫ്‌ഐക്കെതിരെ തുറന്നടിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം മന്ത്രിക്കാണെന്നും ഡിവൈഎഫ്‌ഐക്ക് അല്ലെന്നും മുരളീധരന്‍ ആറന്മുളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ഈഗോ ആണെന്നാണ് പി എ മുഹമ്മദ് റിയാസ് എംഎല്‍എ വിഷയത്തില്‍ പ്രതികരിച്ചത്. കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം കൊടുക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും പറഞ്ഞു.
ആശുപത്രിക്ക് അകത്ത് സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ മുരളീധരന്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ ജില്ലയില്‍ ആദ്യം ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ‘സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തും. ഒരു കാരണവശാലും ആശുപത്രിക്കകത്ത് ഒരു പാര്‍ട്ടിയെയും കയറാന്‍ അനുവദിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്ക് അകത്തു വേണ്ട. പൊതിച്ചോറ് പാര്‍ട്ടിയുടെ പേരും കൊടിയും വെച്ചല്ല കൊടുക്കേണ്ടത്. അതിന് സര്‍ക്കാര്‍ സമ്മതിക്കില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ അല്ല സഹായിക്കേണ്ടത്. തീരുമാനം യുഡിഎഫ് സര്‍ക്കാരിന്റേതാണ്. കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം കൊടുക്കും. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സേവാഭാരതി അങ്ങനെ ഒരു സംഘടനയും ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ വേണ്ട. ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്നാണ്’, മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
ജനകീയ പ്രവര്‍ത്തനം തടയുന്നത് മനുഷ്യത്വ രഹിതമാണെന്നും എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമായിരുന്നു ഡിവൈഎഫ്‌ഐ നിലപാട്. ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തടസ്സപ്പെടുത്തരുതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു.
വിവാദങ്ങൾ ചൂടുപിടിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി മലക്കം മറിഞ്ഞു. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്നായിരുന്നു പിന്നീടുള്ള മുരളീധരന്റെ പ്രതികരണം. ‘ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ് വിവാദം. അവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥലം കയ്യേറിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെ’ന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
