ഒരു കുഞ്ഞിന് മൂന്നു ലക്ഷം രൂപവരെ; കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

Share our post

ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളുടെ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞശേഷം കുഞ്ഞുങ്ങളെ മറിച്ചുവിൽക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. 22-കാരിയായ അസം സ്വദേശിനിയുടെ പരാതിയിന്മേലാണ് അന്വേഷണം.

ഈരാറ്റുപേട്ട തീക്കോയി കേന്ദ്രമാക്കിയാണ് സംഘം പ്രവർത്തിച്ചുവന്നിരുന്നത് എന്നാണ് പോലീസ് നൽകുന്ന വിവരം. പരാതി നൽകിയിരിക്കുന്ന അസം സ്വദേശിനിക്ക് ഒന്നരവയസുള്ള ഒരു കുഞ്ഞുണ്ട്. ഇവർ രണ്ടാമതും ഗർഭിണിയായ സമയത്ത് ഈ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് ഭർത്താവും ബന്ധുക്കളുമുൾപ്പെടെ യുവതിയെ നിർബന്ധിച്ചിരുന്നു.

എന്നാൽ യുവതി അബോർഷന് തയ്യാറാകാതെ വന്നതോടെ ബന്ധുക്കൾ അവരെ വീട്ടിൽനിന്നും പുറത്താക്കി. എങ്ങനെയെങ്കിലും ഈ കുഞ്ഞിന് സംരക്ഷണം ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവതി സാമൂഹികമാധ്യമങ്ങളിൽ അത്തരം സംഘടനകളെക്കുറിച്ച് തിരഞ്ഞത്. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ അർഷിദ് കെയർ എന്ന അക്കൗണ്ട് കണ്ടത്.

യുവതിയുടെ അന്വേഷണങ്ങൾക്ക് കാർത്തിക് എന്നയാളാണ് അക്കൗണ്ടിൽനിന്ന് മറുപടി നൽകിയത്. പിന്നാലെ, ഇവരോട് കോട്ടയത്തെ തീക്കോയിലേക്ക് വരണമെന്നും അവിടെയാണ് തങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും കാർത്തിക് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 16-ാം തീയതി യുവതി കോട്ടയത്തെത്തി. ഇവരുടെ യാത്രാച്ചെലവടക്കം വഹിച്ചത് അർഷിദ് കെയർ എന്ന അക്കൗണ്ടിന്റെ പേരിലാണ്.

തീക്കോയിലെ ഒരു റബ്ബർ പുരയിടത്തിലെ ആളൊഴിഞ്ഞ വീടിനുള്ളിലാണ് ഈ പെൺകുട്ടി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കഴിഞ്ഞത്. തമിഴ്‌നാട് സ്വദേശി രാജൻ, വാഗമൺ സ്വദേശിയായ അർജുൻ എന്നിവരും യുവതിയെപ്പോലെ തന്നെ ഗർഭിണികളായ രണ്ടുപേരുമാണ് അവിടെ ഉണ്ടായിരുന്നത്. ഇവിടെവെച്ചാണ് ജനിക്കുന്ന കുഞ്ഞിനെ തങ്ങൾക്ക് നൽകണമെന്നും പകരം മൂന്നുലക്ഷം രൂപ തരാമെന്നും ഇവരോട് പറയുന്നത്.

ഇതിന്റെ ധാരണാ പത്രത്തിൽ ഒപ്പുവെക്കണമെന്ന് അവർ ആവശ്യപ്പെട്ടതായും ഇതിന് വിസമ്മതിച്ചപ്പോൾ മർദ്ദിച്ചതായും യുവതി പറയുന്നു. ‘വയറിൽ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയത് റോഡിലേക്കാണ്. നാട്ടുകാരാണ് എന്നെ പോലീസിൽ ഏൽപിച്ചത്.’ യുവതി പറയുന്നു.

പിന്നാലെ പോലീസ് ഈ യുവതിയെ ഗാന്ധിനഗറിലുള്ള ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോയി. നിലവിൽ ഈ ആശ്രമത്തിലാണ് യുവതി കഴിയുന്നത്. ഇവിടുത്തെ ഡയറക്ടറാണ് യുവതിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ഇത്തരത്തിൽ കുട്ടികളെ കച്ചവടംചെയ്യുന്ന വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ തീക്കോയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. അവിടെ ഉണ്ടായിരുന്ന രാജനെയും അർജുനെയും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പ്രതികളെക്കുറിച്ചും ഇവർ ഇതുവരെ വിറ്റിട്ടുള്ള കുട്ടികളെക്കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേസിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!