കിലോമീറ്ററിന് 55രൂപ തന്നേക്കൂ, എല്ലാ പ്രൈവറ്റ് ബസും സർക്കാരിന് കൈമാറാം; നിർദേശവുമായി ബസ്സുടമകൾ

Share our post

കോട്ടയം: ഒരു ദിവസം വരുമാനത്തിൽ 3000 രൂപ വരെ കുറവ്. അതായത് പ്രതിമാസം 90,000 രൂപയുടെ വരുമാനനഷ്ടം; ഒരു സ്വകാര്യബസിലെ കണക്കാണിത്. കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സൗജന്യയാത്ര തുടങ്ങിയപ്പോൾ മുതലുള്ള സ്വകാര്യബസുകളുടെ ബാക്കിപത്രത്തിലെ സംഖ്യകൾ ഓരോ ബസ്സുടമയുടെയും നെഞ്ച് തകർക്കും.

സംസ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്ന 12,000 സ്വകാര്യബസുകളുടെ നഷ്ടം കണക്കിലൊതുങ്ങില്ല. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹിയും ബസ്സുടമയുമായ പൊൻകുന്നം സ്വദേശി കെ.എസ്.ജയകൃഷ്ണൻനായരാണ് തങ്ങളുടെ സങ്കടങ്ങൾ വിവരിച്ചത്. 33000 ബസുകളുണ്ടായിരുന്നു കോവിഡിനുമുൻപ്. അക്കാലം മുതൽ പ്രതിസന്ധികളോരോന്നുതുടങ്ങി. അത്രയും ബസുകളുടെ സ്ഥാനത്ത് ഇപ്പോൾ കേരളത്തിലുള്ളത് 12000 ബസുകൾ മാത്രമാണെന്നതുമാത്രം മതി പ്രതിസന്ധിയുടെ തീവ്രത മനസ്സിലാക്കാൻ.

ഇവർ സ്ത്രീകളുടെ സൗജന്യയാത്രയ്‌ക്കെതിരല്ല. പക്ഷേ, തങ്ങൾക്കുകൂടി താങ്ങാകാൻ സർക്കാർ നടപടിയെടുക്കണമെന്ന പരിദേവനമാണ് ബസ്സുടമകളുടേത്. മുഴുവൻ ബസുകളും സർക്കാരിന് കൈമാറാൻ ഇവർ തയ്യാറാണ്. കിലോമീറ്ററിന് 55-രൂപ നിരക്കിലുള്ള തുകമാത്രം നൽകിയാൽ മതി. ഡീസൽ, അറ്റകുറ്റപ്പണി, മറ്റ് ചെലവുകൾ, ഡ്രൈവറുടെ ശമ്പളം എല്ലാം ഇതിൽനിന്ന് ഉടമകൾ തന്നെ വഹിക്കാം. കണ്ടക്ടറുടെ ശമ്പളം സർക്കാർ കൊടുത്തതിനു ശേഷമുള്ള വരുമാനം ഖജനാവിലേക്ക് എടുത്തുകൊള്ളൂ. ഇതല്ലാതെ മറ്റൊരു പരിഹാരം ഇവർ കാണുന്നില്ല. സർക്കാർ നൽകിയ നികുതിയിളവിലൂടെ ഒരു ബസിന് പ്രതിദിനം ലാഭം പരമാവധി 150-രൂപയാണ്. 3000 രൂപ നഷ്ടപ്പെടുമ്പോൾ ഈ തുക ഇളവുകിട്ടിയിട്ട് എന്ത് പ്രയോജനം?

മറ്റൊരു പരിഹാരനിർദേശം-സ്വകാര്യബസുകളിലും പ്രിയദർശിനി പദ്ധതിയിലൂടെ മുഴുവൻ സ്ത്രീയാത്രക്കാർക്കും സൗജന്യയാത്ര നൽകാം. കെ.എസ്.ആർ.ടി.സി.ക്ക് നൽകുന്നതുപോലെ ഈ തുക ഉടമകൾക്ക് തിരികെ നൽകിയാൽ മതി. പക്ഷേ, ഇതൊന്നും സർക്കാരിന്റെ പരിഗണനയിലേക്ക് വരാത്തിടത്തോളം ഉടമകളുടെ നഷ്ടം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കും.

ബസ് ഉടമകളുടെ സംഘടന സർക്കാരിന് വിവിധ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിലെങ്കിലും ഉടൻ തീരുമാനമുണ്ടായാൽ അത്രയും ആശ്വാസം. മുൻ ഗതാഗത കമ്മീഷണറും ഡി.ജി.പി.യുമായിരുന്ന കെ.പദ്മകുമാർ ചെയർമാനും നാറ്റ്പാക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി വൈസ് ചെയർപേഴ്സണുമായ വിദഗ്ധസമിതി മുമ്പാകെയാണ് ഉടമകൾ നിർദേശം സമർപ്പിച്ചത്.

പ്രധാന നിർദേശങ്ങൾ ചുവടെ

  • മിനിമം ചാർജ് 15 രൂപയാക്കുക.
  • പെർമിറ്റ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ആർ.ടി. ഓഫീസിൽ പോകാതെ ഓൺലൈനാക്കുക.
  • വിദ്യാർഥികളുടെ കൺസഷൻ ടിക്കറ്റ് മിനിമം അഞ്ചുരൂപയാക്കുക.
  • വകുപ്പധികൃതർ നിർണയിച്ച സമയക്രമത്തിലെ അപാകം മൂലം കൃത്യസമയത്ത് എത്താൻ വേഗം കൂട്ടേണ്ടിവരുന്നു. ഇതിന്റെ പേരിൽ എ.ഐ. ക്യാമറ വഴിയും ഉദ്യോഗസ്ഥ പരിശോധനവഴിയും വൻതുക പിഴയടയ്‌ക്കേണ്ടിവരുന്നു. പരിഹാരമായി ശാസ്ത്രീയമായ ഓൺലൈൻ സമയക്രമം നടപ്പാക്കുക.
  • ഡീസൽ സബ്‌സിഡി അനുവദിക്കുക, സർക്കാർ ഇൻഷുറൻസ് അനുവദിക്കുക.
  • ക്ഷേമനിധി കുടിശ്ശികയ്ക്ക് പലിശ ഒഴിവാക്കുക.
  • ബസ് വ്യവസായത്തെ എം.എസ്.എം.ഇ. വിഭാഗത്തിൽ ഉൾപ്പെടുത്തി ബജറ്റ് ഫണ്ട് അനുവദിക്കുക.
  • യാത്രക്കാർ കൂടുതലുള്ള രാവിലെ പത്തുവരെയും വൈകീട്ട് നാലുമുതലും സൗജന്യ സർവീസുകൾ ഒഴിവാക്കുക.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!