മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ; അടുക്കളച്ചെലവ് കുത്തനെ ഉയരുന്നു

Share our post

ആലപ്പുഴ: മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക്‌ 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയർത്തുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം.

മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും ആവശ്യത്തിനു മത്തി ലഭിക്കാത്ത സാഹചര്യമാണ്. ലഭിക്കുന്ന മീനിനാകട്ടെ ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു.

വീണ്ടും വലിയ മത്തിയെത്തി

കുറച്ചുവർഷങ്ങളായി 10 മുതൽ 12 വരെ സെന്റിമീറ്റർ മാത്രം നീളമുള്ള ചെറിയ മത്തികളാണ് വിപണിയിൽ കൂടുതലായും ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 18 സെന്റിമീറ്റർ വരെ നീളമുള്ള വലിയ മത്തി വീണ്ടും ലഭിച്ചുതുടങ്ങിയതായി മത്സ്യവ്യാപാരികൾ പറയുന്നു. ഇത് മത്സ്യസമ്പത്ത് മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയുണ്ടെങ്കിലും ലഭ്യത വളരെ കുറവായതിനാൽ വിലയിൽ കുറവുണ്ടായിട്ടില്ല.

സമുദ്രതാപനിലയിലെ വർധന, കാലാവസ്ഥാ വ്യതിയാനം, മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരരീതിയിലെ മാറ്റം എന്നിവയാണ് മത്തിയുടെ ലഭ്യതയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രോളിങ് നിരോധനകാലം അവസാനിച്ചിട്ടും പ്രതീക്ഷിച്ച അളവിൽ മത്സ്യം ലഭിക്കാത്തതും വിപണിയിൽ ക്ഷാമത്തിനു കാരണമായിട്ടുണ്ട്. ഇപ്പോൾ കിട്ടുന്നതിൽ മുട്ടയുമുണ്ട്. എന്നാൽ, വരുംമാസങ്ങൾ വലിയ ക്ഷാമത്തിലേക്കു പോകുമെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കടൽമത്സ്യംകൂടിയാണ് മത്തിയെന്ന പ്രത്യേകതയുമുണ്ട്. മത്തിക്കുപുറമേ മറ്റു മത്സ്യങ്ങൾക്കും വില കൂടുതലാണ്.

200-ലേക്ക് കുതിക്കാനൊരുങ്ങി ചിക്കൻവില

മീനിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം ആളുകൾ ചിക്കനിലേക്കു തിരിയുന്ന സാഹചര്യത്തിൽ ചിക്കൻ വിലയും കുതിച്ചുയരുകയാണ്. നിലവിൽ കോഴിക്ക്‌ കിലോയ്ക്ക് 180 മുതൽ 190 രൂപ വരെയാണ് വിപണി വില. കോഴിത്തീറ്റയുടെ വില തുടർച്ചയായി ഉയരുന്നതാണ് പ്രധാന കാരണം. ഒരുമാസത്തിനിടെ 450 രൂപയോളം തീറ്റയ്ക്കു വർധിച്ചു. കോഴിയിറച്ചിക്ക് 280 രൂപയാണ് വില. കർഷകർക്ക് ഒരു കോഴിക്കു കിട്ടുന്നത് 165 രൂപയും. കോഴിക്കുഞ്ഞിന്റെ വില 40 രൂപയായും ഉയർന്നിട്ടുണ്ട്. ഫാമുകളിലെ ഉത്പാദനം കുറഞ്ഞതോടെ കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!