കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ
കോഴിക്കോട്: വിമാനത്താവളത്തിൽനിന്ന് രാമനാട്ടുകരയ്ക്കുള്ള നിർദിഷ്ട ആകാശപ്പാത പണിയുക നിലവിലുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെത്തന്നെയെന്ന് സൂചന. രാമനാട്ടുകര മുതൽ വിമാനത്താവളത്തിനടുത്ത് കൊളത്തൂർവരെ നാലുവരിപ്പാതയ്ക്കുവേണ്ടി ഡി.പി.ആർ. തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി പഠനം തുടങ്ങിയിട്ടുണ്ട്. അത് അവസാനഘട്ടത്തിലാണ്. അതിൽ എലിവേറ്റഡ് ഹൈവേയുടെ സാധ്യതകളും പഠിക്കും.
നാലുവരിപ്പാത പണിയാൻ 12 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടിവരും. ഇത് വലിയപ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ടാണ്, സ്ഥലമെടുപ്പ് അനിശ്ചിതമായി നീണ്ട് പദ്ധതി തടസ്സപ്പെടുന്നതും അധികസാമ്പത്തികബാധ്യത വരുന്നതുമൊക്കെ പരിഗണിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എലിവേറ്റഡ് ഹൈവേ നിർദേശം മുന്നോട്ടുവെച്ചത്.
എലിവേറ്റഡ് ഹൈവേയാകുമ്പോൾ, സ്ഥലമെടുപ്പ് ഒട്ടും വേണ്ടിവരില്ല. രാമനാട്ടുകരയിലും കൊളത്തൂരിലും മാത്രമേ പ്രവേശനമാർഗമുണ്ടാവാൻ സാധ്യതയുള്ളൂ. അതുകൊണ്ട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് 15 മിനിറ്റുകൊണ്ട് രാമനാട്ടുകരയിൽനിന്ന് എയർപോർട്ടിൽ എത്താൻ കഴിയും. മറ്റുവാഹനങ്ങൾക്ക് നിലവിലുള്ള റോഡിലൂടെത്തന്നെ പോകാം. ബസുകളല്ലാത്ത ദീർഘദൂരയാത്രക്കാർക്കും ഉപയോഗപ്പെടുത്താം.
എലിവേറ്റഡ് ഹൈവേ ഏതുരീതിയിലാണെന്ന് ദേശീയപാത അതോറിറ്റിയുടെ സാധ്യതാപഠനത്തിനുശേഷമാണ് തീരുമാനിക്കുക. ഇതിനുശേഷമാണ് അലൈൻമെന്റ് നിശ്ചയിച്ച് ഡി.പി.ആർ. തയ്യാറാക്കുക. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിൽ ഒരു വിമാനത്താവളത്തിലേക്കുള്ള ആദ്യ ആകാശപ്പാതയായിരിക്കുമിത്.
ഇതോടൊപ്പം കോഹിനൂരിൽനിന്ന് നാലുവരിപ്പാതയായി മറ്റൊരു എലിവേറ്റഡ് ഹൈവേയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുന്നുണ്ട്. ഇത് ഗ്രീൻഫീൽഡ് ഹൈവേയായി നിർമിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം െപ്രാപ്പോസൽ നൽകിയിട്ടുണ്ട്. 5.5 കിലോമീറ്ററിലാണ് കോഹിനൂരിൽനിന്നുള്ള എലിവേറ്റഡ് ഹൈവേ. രാമനാട്ടുകരയിൽനിന്ന് 9.6 കിലോമീറ്ററിലും.
കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി വേണമെന്ന് കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകൾ സർക്കാരിനുമുന്നിൽ നിർദേശം വെച്ചിട്ടുണ്ട്. അതാവുമ്പോൾ എല്ലാഭാഗത്തുനിന്നും എയർപോർട്ടിലേക്ക് കണക്ടിവിറ്റിയാവും.
വികസനത്തിന് വഴിയൊരുക്കും
‘വിമാനത്താവളത്തിലേക്ക് രണ്ട് എലിവേറ്റഡ് പാതകൾ വരുമ്പോൾ യാത്രാപ്രശ്‌നത്തിന് പരിഹാരമാവുമെന്ന് മാത്രമല്ല, കോഴിക്കോടിന്റെ വികസനത്തിനും അത് വഴിയൊരുക്കും. കണക്ടിവിറ്റി മെച്ചപ്പെടുമ്പോൾ ഐ.ടി. മേഖലയിലും മെഡിക്കൽ, ടൂറിസം രംഗങ്ങളിലും കൂടുതൽ നിേക്ഷപങ്ങൾ വരും. കോഴിക്കോടിന്റെ വളർച്ചയ്ക്ക് അത് വലിയ മുതൽക്കൂട്ടാവും. സർക്കാർ താത്പര്യമെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കണം.’
